|    Jan 25 Wed, 2017 5:10 am
FLASH NEWS

ജിഷയുടെ കൊലപാതകം; രേഖാചിത്രവുമായി സഹോദരിയുടെ സുഹൃത്തിന് സാമ്യം; സുഹൃത്ത് ഒളിവില്‍

Published : 7th May 2016 | Posted By: swapna en

jisha

പെരുമ്പാവൂര്‍;  നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലിസ് സഹോദരിയുടെ സുഹൃത്തിനെ തിരയുന്നു.പോലിസ് തയ്യാറാക്കിയ കൊലപാതകിയുടെ രേഖാചിത്രത്തിന് ജിഷയുടെ സഹോദരി ദീപയുടെ സുഹൃത്തുമായി സാമ്യമുണ്ടെന്ന് പോലിസ് അറിയിച്ചു. ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്. ഇയാളെ പിടിക്കാനായി പോലിസ് 10 സ്‌ക്വാഡ് പോലിസിനെ ഇറക്കിയിട്ടുണ്ട്. കഞ്ചാവ് വില്‍പ്പനക്കാരനായ ഇയാള്‍ക്ക് പെണ്‍വാണിഭ സംഘവുമായി ബന്ധമുണ്ടെന്നും പോലിസിന് വിവരം ലഭിച്ചിട്ടുണ്ട്.
ജിഷയുടെ അച്ഛനൊപ്പം സഹോദരി ദീപ താമസിച്ചിരുന്ന സമയത്ത് ഇയാള്‍ ഈ വീട്ടിലെ നിത്യ സന്ദര്‍ശകനായിരുന്നു. പിന്നീട് സഹോദരി ജിഷയുടെ വീട്ടിലേക്ക് താമസം മാറിയപ്പോഴും ഇയാള്‍ ഈ വീട്ടില്‍ വരാറുണ്ടായിരുന്നു.
ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ക്ക് ദീപ കാര്യമായ മറുപടി നല്‍കുന്നില്ലെന്നും പോലിസ് വ്യക്തമാക്കിയിട്ടുണ്ട്. ദീപ ആരെയോ പേടിക്കുന്നതായും പോലിസ് കണ്ടെത്തിയിട്ടുണ്ട്. ദീപയുടെ ഫോണ്‍ലിസ്റ്റ് പോലിസ് പരിശോധിക്കുന്നുണ്ട്. ഇന്ന് ഉച്ചയ്ക്ക് ശേഷം വനിതാ കമ്മീഷന്‍ ദീപയുടെ മൊഴിയെടുക്കും.
അതിനിടെ,  കൊലപാതകം ആസൂത്രിതമെന്ന് പോലിസറിയിച്ചു. അന്വേഷണം നിര്‍ണായക ഘട്ടത്തിലാണ്. ജിഷയുടെ അയല്‍വാസി, ഒരു ബന്ധു, ബന്ധുവിന്റെ സുഹൃത്ത്, ഇതരസംസ്ഥാന തൊഴിലാളി എന്നിങ്ങനെ നാലുപേരിലാണ് അന്വേഷണം കേന്ദ്രീകരിച്ചിരിക്കുന്നത്. ഇതില്‍ ആരാണ് കൊലയാളി എന്നതാണ് പോലിസിനെ കുഴക്കുന്നത്.
പരിസരവാസികളടക്കം അഞ്ചോളം പേരെക്കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതില്‍ ബസ് െ്രെഡവറും ഉള്‍പ്പെടുന്നു. കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത ഇതരസംസ്ഥാന തൊഴിലാളികളെ വിട്ടയച്ചിട്ടില്ല. പ്രതിയെ ഉടന്‍ പിടികൂടുമെന്നാണ് ജിഷയുടെ വീട് സന്ദര്‍ശിച്ച ഡിജിപി സെന്‍കുമാറിന്റെ പ്രതികരണം. എന്നാല്‍, ഇതിന് എത്ര സമയമെടുക്കുമെന്ന് പറയാനാവില്ലെന്നും ഡിജിപി വ്യക്തമാക്കി.
പ്രതിയെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി അന്വേഷണത്തിനു നേതൃത്വം നല്‍കുന്ന എഡിജിപി കെ പത്മകുമാര്‍ പറഞ്ഞു. ലഭിച്ച സുപ്രധാന വിവരങ്ങള്‍ അന്തിമ പരിശോധനയിലാണ്. കൊലപാതകം യാദൃച്ഛികമായി സംഭവിച്ചതല്ല. ആസൂത്രിതമായി നടത്തിയതാണെന്നാണു വെളിപ്പെടുന്നതെന്നും എഡിജിപി പറഞ്ഞു. അതേസമയം, പോലിസ് കോടതിക്ക് കൈമാറിയ രക്തംപുരണ്ട ചെരിപ്പ് അടക്കമുള്ള തെളിവുകള്‍ ഇന്നലെ തിരികെ വാങ്ങി.
പ്രമാദമായ കൊലക്കേസുകള്‍ അന്വേഷിച്ച് തെളിയിച്ച ഉദ്യോഗസ്ഥരെയും ജിഷ കൊലക്കേസ് അന്വേഷിക്കുന്ന 80 അംഗ സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതിനിടെ, അന്വേഷണത്തിന് സഹായകമാവുന്ന വിധത്തില്‍ അയല്‍വാസികളില്‍ ചിലര്‍ മൊഴി നല്‍കി. സംഭവദിവസം വൈകീട്ട് ജിഷ ആരോടോ സംസാരിക്കുന്നത് കേട്ടെന്നും വിശ്വാസമെന്ന വാക്ക് ജിഷ പറയുന്നുണ്ടായിരുന്നുവെന്നും മൊഴിയിലുണ്ട്.
ഒരുകുടം വെള്ളവുമായി ജിഷ വീട്ടിലേക്ക് പോവുന്നതു കണ്ടെന്നും അരമണിക്കൂറിനുശേഷം നിലവിളി കേട്ടതായും ഒരാള്‍ കനാല്‍ കടന്നുപോവുന്നത് കണ്ടതായും മൊഴിനല്‍കിയിട്ടുണ്ട്. പ്രാഥമിക പരിശോധനയില്‍ അന്വേഷണത്തിന് സഹായകമാവുന്ന തെളിവുകള്‍ ജിഷയുടെ പെന്‍കാമറയില്‍നിന്ന് ലഭിച്ചിട്ടില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 943 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക