ജിഷയുടെ കൊലപാതകം: പ്രതിയുടെ പുതിയ രേഖാചിത്രം പോലിസ് പുറത്തുവിട്ടു
Published : 3rd June 2016 | Posted By: SMR
പെരുമ്പാവൂര്‍: ജിഷയെ ക്രൂരപീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തിയ പ്രതിയെന്നു കരുതുന്നയാളുടെ പുതിയ രേഖാചിത്രം പോലിസ് പുറത്ത് വിട്ടു. അഞ്ചടി ഏഴിഞ്ച് ഉയരവും വെളുത്ത് മെലിഞ്ഞ ശരീരത്തോട് കൂടിയുള്ള ആളുടെ രേഖാചിത്രമാണ് പോലിസ് പുറത്തു വിട്ടിരിക്കുന്നത്. പതിവില്‍ നിന്നു വിപരീതമായി കളര്‍ ചിത്രമാണ് അന്വേഷണ സംഘം തയാറാക്കിയിരിക്കുന്നത്. പ്രതിയെന്നു സംശയിക്കുന്നയാള്‍ മഞ്ഞ ഷര്‍ട്ടാണ് ധരിച്ചിരുന്നതെന്നാണ് സമീപവാസികള്‍ പോലിസിന് മൊഴി നല്‍കിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയിരിക്കുന്ന രേഖാ ചിത്രത്തിലും മഞ്ഞ ഷര്‍ട്ടാണ് വരച്ചിരിക്കുന്നത്.
പഴയ ചിത്രത്തില്‍ വളരെ കുറച്ച് മുടികളുള്ളയാളാണെങ്കില് പുതിയ ചിത്രത്തില്‍ തല ചീകാതെ നിറയെ മുടികളുള്ളയാളുടെ രൂപമാണുള്ളത്. കുറച്ച് ദിവസം മുമ്പ് തന്നെ ചിത്രം പൂര്‍ത്തീകരിച്ചിരുന്നെങ്കിലും പോലിസ് പുറത്ത് വിട്ടില്ലായിരുന്നു. എന്നാല്‍, ജിഷയെ കൊലപ്പെടുത്തിയ ആളുടേതെന്ന പേരില്‍ പഴയ അന്വേഷണ സംഘം മറ്റൊരു തരത്തിലുള്ളയാളുടെ രേഖാചിത്രമാണ് പുറത്ത് വിട്ടിരുന്നത്. അതുകൊണ്ടുതന്നെ പഴയ അന്വേഷണ സംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ പുതിയ രേഖാചിത്രം തെറ്റാണെന്നുള്ള നിഗമനത്തിലാണുള്ളത്.
എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലുള്ള പുതിയ അന്വേഷണസംഘം പഴയ അന്വേഷണസംഘത്തിലെ മികവുറ്റവരെ ഉള്‍പ്പെടുത്തിയാണ് അന്വേഷണം തുടരുന്നത്.
അന്വേഷണസംഘം ഇന്നലെയും ജിഷയുടെ വീടിന്റെ സമീപവാസികളുടേയും ഓട്ടോ തൊഴിലാളികളുടേയും മൊഴിയെടുത്തു. ജിഷയുടെ കോളജിലുള്ള സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. ഇവരില്‍ മൂന്നുപേരുടെ ഡിഎന്‍എ പരിശോധനയും നടത്തിയിരുന്നു. ഇതില്‍ ചിലര്‍ക്ക് രേഖാചിത്രവുമായി സാമ്യമുണ്ടെന്ന രീതിയിലായിരുന്നു ഒരാഴ്ച മുമ്പ് ചോദ്യം ചെയ്യാന്‍ ഇവരെ വിളിപ്പിച്ചത്. എന്നാല്‍ 2014ല്‍ കോളജ് പഠനം അവസാനിച്ചതോടെ ജിഷ സുഹൃത്തുകളുമായി ബന്ധം തുടര്ന്നിരുന്നില്ലെന്ന് ഇവര്‍ പറയുന്നു. ജനങ്ങളില്‍ നിന്നും അന്വേഷണത്തിന് സഹായകമാവുന്ന വിവരങ്ങള്‍ ശേഖരിക്കുന്നതിനായി അന്വേഷണ സംഘത്തിന്റെ നേതൃത്വത്തില്‍ പെരുമ്പാവൂര്‍ ട്രാഫിക് സ്റ്റേഷനില്‍ ഓഫിസ് തുറന്നിട്ടുണ്ട്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.