|    Apr 20 Fri, 2018 8:28 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ജിഷയുടെ കൊലപാതകം: പിടിയിലായത് യഥാര്‍ഥ പ്രതിയോ? പോലിസ് നടപടിയില്‍ ദുരൂഹത

Published : 18th June 2016 | Posted By: SMR

കൊച്ചി: ദേശീയ തലത്തില്‍ തന്നെ ഏറെ ചര്‍ച്ചയായ പെരുമ്പാവൂരിലെ ജിഷ കൊലപാതകക്കേസിലെ പ്രതിയെ നീണ്ട 50 ദിവസത്തെ അന്വേഷണത്തിനു ശേഷം അറസ്റ്റ് ചെയ്‌തെങ്കിലും പ്രതിയെ പൊതുസമൂഹത്തിനു മുന്നില്‍ കൊണ്ടുവരാതെ പതിവിനു വിപരീതമായി പോലിസ് വലിയ സംരക്ഷണമൊരുക്കുന്നത് ദൂരൂഹതയുണര്‍ത്തുന്നു. അമീറുല്‍ ഇസ്‌ലാം എന്ന അസം സ്വദേശിയാണ് ജിഷയെ ക്രൂര പീഡനത്തിനിരക്കി കൊലപ്പെടുത്തിയതെന്നും കൊലയ്ക്കു ശേഷം പെരുമ്പാവൂര്‍ വിട്ട അമീറിനെ കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലെ കാഞ്ചീപുരത്തു നിന്നാണ് അറസ്റ്റ് ചെയ്തതെന്നുമാണ് പോലിസ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നത്.
ആദ്യം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പ്രതിയുടെ പേരു പോലും ചേര്‍ക്കാന്‍ പോലിസ് തയ്യാറായിരുന്നില്ല. പിന്നീട് മാധ്യമപ്രവര്‍ത്തകര്‍ ഇതു ചൂണ്ടിക്കാട്ടിയതോടെയാണ് പ്രതിയുടെ പേരും വിലാസവും ചേര്‍ത്തുള്ള വാര്‍ത്താക്കുറിപ്പ് ഇറക്കിയത്. ജിഷയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തതിന്റെ രീതിയും കേസിന്റെ തുടക്കത്തിലുള്ള അന്വേഷണവും മുതല്‍ ഏറ്റവും ഒടുവില്‍ പ്രതിയെ ഇന്നലെ പെരുമ്പാവൂര്‍ കോടതിയില്‍ ഹാജരാക്കിയതുവരെയുള്ള പോലിസിന്റെ നടപടികളില്‍ ദൂരൂഹത മണക്കുകയാണ്.
കറുത്ത മുഖംമൂടി ധരിപ്പിച്ച് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് പ്രതിയെന്ന് പോലിസ് പറയുന്ന അമീറുല്‍ ഇസ്‌ലാമിനെ കഴിഞ്ഞ ദിവസം തൃശൂരില്‍ നിന്ന് ആലുവയിലെ പോലിസ് ക്ലബ്ബില്‍ എത്തിച്ചത്. പ്രതിയെ കൊണ്ടുവരുന്നതറിഞ്ഞ് പോലിസ്‌ക്ലബ്ബില്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ പരമാവധി അകറ്റി നിര്‍ത്തുന്ന സമീപനമാണ് പോലിസ് സ്വീകരിച്ചത്. തിരിച്ചറിയല്‍ പരേഡ് നടത്തേണ്ടതിനാലാണ് പ്രതിയെ മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കാത്തതെന്നാണ് പോലിസ് പറയുന്നത്. ഇത് ഒരു പരിധിവരെ അംഗീകരിക്കാമെങ്കിലും പ്രതിയെ പുറത്തുകാണിക്കാതെ തന്നെ ഉന്നത പോലിസ് ഉദ്യോസ്ഥര്‍ക്ക് വാര്‍ത്താസമ്മേളനം നടത്തി കാര്യം വിശദീകരിക്കാമെന്നിരിക്കെ അതിനുപോലും തയ്യാറാവാത്തതാണ് പൊതുസമൂഹത്തിനു മുന്നില്‍ പോലിസിനെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നത്.
ചെറിയ മോഷണക്കേസില്‍ പോലും പ്രതിയെ പിടികൂടിക്കഴിഞ്ഞാല്‍ സംസ്ഥാനത്തെ മുഴുവന്‍ മാധ്യമങ്ങളെയും വിളിച്ചുകൂട്ടി കാര്യം വിശദീകരിക്കുന്ന പോലിസ് ദേശീയതലത്തില്‍ ശ്രദ്ധനേടിയ കൊലപാതക കേസില്‍ എന്തുകൊണ്ട് ഇത്തരത്തിലുള്ള സമീപനം സ്വീകരിക്കുന്നുവെന്നാണ് ഉയരുന്ന ചോദ്യം. തൃശൂരില്‍ നിന്ന് ആലുവ പോലിസ്‌ക്ലബ്ബില്‍ എത്തിച്ച ശേഷം പുറത്തിറങ്ങിയ എഡിജിപി ബി സന്ധ്യയെ മാധ്യമപ്രവര്‍ത്തകര്‍ സമീപിച്ചെങ്കിലും മുഖം കൊടുക്കാതെ എങ്ങനെയെങ്കിലും പോവാനാണ് എഡിജിപി ശ്രമിച്ചത്. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ കെഞ്ചി പറഞ്ഞതോടെയാണ് രണ്ടു വാക്ക് പറയാന്‍ തയ്യാറായത്.
ഡിജിപി ലോക്‌നാഥ് ബഹ്‌റ വന്നശേഷം കൂടുതല്‍ വിവരങ്ങള്‍ പറയുമെന്ന് മാധ്യമപ്രവര്‍ത്തകര്‍ പ്രതീക്ഷിച്ചെങ്കിലും അദ്ദേഹവും കൂടുതല്‍ എന്തെങ്കിലും വിശദീകരിക്കാന്‍ തയ്യാറായില്ല. ഇതേത്തുടര്‍ന്ന് മാധ്യമങ്ങള്‍ എവിടെനിന്നെങ്കിലും ലഭിക്കുന്ന വിവരങ്ങള്‍ കൂട്ടിച്ചേര്‍ത്ത് കഥ മെനഞ്ഞ് ആഘോഷിക്കുകയാണ്.
കുളിക്കടവില്‍വച്ച് ഒരു സ്ത്രീ അമീറിനെ തല്ലിയെന്നും ഇതുകണ്ട് ജിഷ ചിരിച്ചതിനെ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്ന് പ്രതി പറഞ്ഞതായാണ് പോലിസ് പറയുന്നത്. ഈ കഥ കേട്ട് പ്രദേശവാസികള്‍ അദ്ഭുതപ്പെടുന്നു. കുളിക്കടവില്‍ സ്ഥിരമായി കുളിക്കാനും അലക്കാനും എത്തുന്ന സ്ത്രീകള്‍ പറയുന്നത് ഇത്തരത്തില്‍ ഒരു സംഭവം ഉണ്ടായതായി തങ്ങള്‍ക്കറിയില്ലെന്നാണ്. സംഭവം സത്യമാണെങ്കില്‍ തന്നെ തല്ലിയ സ്ത്രീയോടാണോ അതോ ചിരിച്ച ജിഷയോടാണോ പ്രതിക്കു ശത്രുത തോന്നേണ്ടതെന്ന സ്വാഭാവിക ചോദ്യവും ഇവിടെ ഉയരുന്നു.
ഔദ്യോഗികമായി ഇക്കാര്യം വെളിപ്പെടുത്താത്തതിനാല്‍ തങ്ങള്‍ പറയാത്ത കാര്യമാണ് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നു പറഞ്ഞ് പോലിസിന് തലയൂരാം. എന്നാല്‍, ഇതേ പോലിസ് തന്നെ രഹസ്യമായി പറഞ്ഞുകൊടുക്കുന്ന കാര്യങ്ങളാണ് മാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്.
പ്രതിയിലേക്കെത്താന്‍ പോലിസിന് പ്രധാനമായും സഹായകരമായത് ഇയാള്‍ ഉപേക്ഷിച്ചു പോയ ചെരിപ്പാണെന്നാണ്. ഇതേ ചെരിപ്പ് ആരുടേതാണെന്നു തിരിച്ചറിയുന്നതിനായി പഴയ അന്വേഷണ സംഘം പ്രദേശത്ത് പരസ്യമായി പ്രദര്‍ശിപ്പിച്ചിരുന്നതാണ്. ഇതുകൂടാതെ പെരുമ്പാവൂരിലെ പല കടയുടമകളെയും പഴയ അന്വേഷണ സംഘം ഈ ചെരിപ്പ് വാങ്ങിയ ആളെ തിരിച്ചറിയുന്നതിനായി കാട്ടിയിരുന്നു. അന്നൊന്നും ഈ ചെരിപ്പ് ആരാണു വാങ്ങിയതെന്നു തിരിച്ചറിഞ്ഞില്ല. ചെരിപ്പില്‍ രക്തക്കറ പുരണ്ടിരുന്നുവെങ്കില്‍ എന്തുകൊണ്ട് പഴയ അന്വേഷണ സംഘം ഇത് ഗൗരവമായി എടുത്തില്ലായെന്നതും ചോദ്യമാണ്. ഒപ്പം ഇത് മഴയത്തും വെയിലത്തുമായി ദിവസങ്ങളോളം പരസ്യമായി പ്രദര്‍ശിപ്പിച്ചതിലൂടെ പഴയ അന്വേഷണ സംഘം എന്താണ് ചോദ്യത്തിനും ഉത്തരം കിട്ടേണ്ടതാണ്.
പോലിസ് നല്‍കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത് അന്വേഷണത്തിനിടയില്‍ സംഭവസ്ഥലത്ത് കനാലില്‍ കാണപ്പെട്ട ചെരിപ്പില്‍നിന്ന് ലഭ്യമായ രക്തം മരണപ്പെട്ട ജിഷയുടേതാണെന്നു തിരിച്ചറിഞ്ഞുവെന്നും ജിഷയുടെ മുതുകില്‍ കാണപ്പെട്ട കടിയുടെ അടയാളത്തില്‍ നിന്നു ലഭ്യമായ ഉമിനീരും ചെരിപ്പില്‍ കാണപ്പെട്ട രക്തവും വാതിലിന്റെ കട്ടളയില്‍ കാണപ്പെട്ട രക്തവും ഒരാളുടേതാണ് എന്ന് ഡിഎന്‍എ പരിശോധനയിലൂടെ മനസിലായതിനാല്‍ പ്രതിയിലേക്ക് കൂടുതല്‍ അടുക്കാനായി എന്നുമാണ്. അപ്പോള്‍ ചെരിപ്പില്‍ കണ്ടെത്തിയ രക്തം യഥാര്‍ഥത്തില്‍ ആരുടേതായിരുന്നു. ജിഷയുടേതോ അതോ കൊലയാളിയുടേതോ?
ഇന്നലെ പ്രതിയെ പോലിസ് കോടതിയില്‍ ഹാജരാക്കിയതും മുമ്പെങ്ങും കേട്ടുകേള്‍വിയില്ലാത്ത വിധത്തിലുള്ള സുരക്ഷാ ക്രമീകരണമൊരുക്കിയായിരുന്നു. ഹെല്‍മറ്റ് ധരിപ്പിച്ചാണ് പ്രതിയെ ആലുവ പോലിസ് ക്ലബ്ബില്‍ നിന്ന് കോടതിയിലേക്കു കൊണ്ടുപോയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss