|    Jan 18 Wed, 2017 1:36 pm
FLASH NEWS

ജിഷയുടെ കൊലപാതകം: ഇതരസംസ്ഥാന തൊഴിലാളികള്‍ ഭീതിയില്‍

Published : 23rd June 2016 | Posted By: SMR

റഷീദ് മല്ലശ്ശേരി

പെരുമ്പാവൂര്‍: ‘ഞാന്‍ നൂറുല്‍ ഇസ്‌ലാം. മുര്‍ഷിദാബാദ് സ്വദേശി. രണ്ടു മക്കളടങ്ങുന്ന കുടുംബം പോറ്റാനാണ് ആറു വര്‍ഷം മുമ്പു കേരളത്തിലെത്തിയത്. എന്നാല്‍, ഇപ്പോള്‍ പുറത്തിറങ്ങാന്‍ ഭയമാണ് ‘ . ജിഷയുടെ വധത്തെ തുടര്‍ന്നുണ്ടായ ഭീതീദമായ അന്തരീക്ഷത്തെക്കുറിച്ചു പറഞ്ഞുകൊണ്ടാണ് നൂറുല്‍ കാര്യങ്ങള്‍ വിവരിച്ചുതുടങ്ങിയത്. കേരളത്തില്‍ വന്നതു മുതല്‍ കെട്ടിടനിര്‍മാണ തൊഴിലാളിയാണ്. ജിഷയുടെ വധത്തെ തുടര്‍ന്ന് തന്റെ സുഹൃത്തുക്കളുള്‍പ്പെടെ നിരവധി ഇതരസംസ്ഥാനക്കാര്‍ക്കാണു തല്ലുകൊണ്ടത്. ജിഷ വധക്കേസ് പ്രതി അമീറുല്‍ ഇസ്‌ലാമിനെ പോലുള്ളവര്‍ കാരണം മറ്റൊരു കണ്ണുകൊണ്ടാണ് കേരള ജനത തങ്ങളെ കാണുന്നതെന്നും നൂറുല്‍ ഇസ്‌ലാം പറഞ്ഞു.
അസം സംസ്ഥാനക്കാരെ കൂടാതെ ഒഡീഷ, ബംഗാള്‍, ബിഹാര്‍ എന്നിവിടങ്ങളില്‍ നിന്നായി ഒന്നര ലക്ഷത്തിലധികം ഇതരസംസ്ഥനക്കാരാണ് പെരുമ്പാവൂരില്‍ ജോലി ചെയ്തുവരുന്നത്. എന്നാല്‍, കഴിഞ്ഞ ഞായറാഴ്ച പെരുമ്പാവൂര്‍ പട്ടണത്തില്‍ ആകെയുള്ളതിന്റെ 10 ശതമാനം ഇതരസംസ്ഥാനക്കാര്‍ മാത്രമാണ് ഭായ് മാര്‍ക്കറ്റെന്ന് അറിയിപ്പെടുന്ന ജ്യോതി ജങ്ഷനിലെത്തിയത്. ഇതേവരെ ജില്ലയിലെ ഇതരസംസ്ഥാനക്കാര്‍ ഞായറാഴ്ചകളില്‍ ഇവിടെ കൂട്ടമായി എത്തിയിരുന്നു.
ഇവരെ പ്രതീക്ഷിച്ചാണ് നൂറുകണക്കിനു വഴിയോര കച്ചവടക്കാരും ചെറുകിട തുണിക്കച്ചവടക്കാരും 300ഓളം വരുന്ന മൊബൈല്‍ ഷോപ്പുടമകളും തൊഴിലാളികളും കഴിയുന്നത്. എന്നാല്‍, ജിഷയെ കൊലപ്പെടുത്തിയ അസം സ്വദേശി അമീറുല്‍ ഇസ്‌ലാമിനെ പിടിച്ചശേഷം ഇതര സംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ പെരുമ്പാവൂരില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുകയാണ്. ജില്ലയിലുള്ള ആയിരത്തിലധികം വരുന്ന മരവ്യവസായ സ്ഥാപനങ്ങളും മറ്റ് സ്ഥാപനങ്ങളും തങ്ങളുടെ തൊഴിലാളികളോട് പെരുമ്പാവൂര്‍ പട്ടണത്തിലേക്കു പോവരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. മലയാളികള്‍ തങ്ങളെ ഉപദ്രവിക്കുമോ എന്ന പേടിയോടെയാണ് ഇവിടെ നില്‍ക്കുന്നതെന്നും ഇതരസംസ്ഥാനക്കാര്‍ തുറന്നുപറയുന്നു. ഇവിടെയുള്ള എല്ലാ ഇതരസംസ്ഥാന തൊഴിലാളികളും ജിഷയുടെ കൊലപാതകത്തെക്കുറിച്ച് അറിഞ്ഞിട്ടുണ്ട്. ചിലര്‍ കാര്യങ്ങള്‍ ചോദിക്കുമ്പോള്‍ ഒഴിഞ്ഞുമാറുന്നു.
നാലു വര്‍ഷമായി പെരുമ്പാവൂര്‍ മുടിക്കല്ലില്‍ പ്ലൈവുഡ് കമ്പനി തൊഴിലാളിയായ അസം സ്വദേശി ടൂടാമിയക്കും തന്നെ ആരെങ്കിലും ഉപദ്രവിക്കുമോ എന്ന പേടിയാണ്. സ്വദേശികളായ കച്ചവടക്കാര്‍ ഞായറാഴ്ചയിലെ കച്ചവടം കൊണ്ടാണ് തങ്ങളുടെ ഒരാഴ്ച പിടിച്ചു നിറുത്തുന്നത്. പക്ഷേ, കഴിഞ്ഞ ഞായറാഴ്ച ഒരു ചലനവും ഇല്ലാത്ത ഞായറാഴ്ചയായി മാറി. ഞായറാഴ്ചകളില്‍ ജനനിബിഡമായിരുന്ന പിപി റോഡ്, പ്രൈവറ്റ് ബസ്സ്റ്റാന്റ്, ഫിഷ് മാര്‍ക്കറ്റ് റോഡ് എല്ലാം ഇതേ അവസ്ഥയില്‍ ആയിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 38 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക