|    May 29 Mon, 2017 4:59 pm
FLASH NEWS

ജിഷയുടെ ഓര്‍മകളില്‍ വിങ്ങിപ്പൊട്ടി രാജേശ്വരി വീടിന്റെ താക്കോല്‍ ഏറ്റുവാങ്ങി

Published : 10th July 2016 | Posted By: SMR

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ക്രൂരപീഡനത്തിനിരയായി കൊലചെയ്യപ്പെട്ട ദലിത് നിയമ വിദ്യാര്‍ഥിനി ജിഷയുടെ മാതാവ് രാജേശ്വരിക്കായി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നിര്‍മിച്ചുനല്‍കിയ വീടിന്റെ താക്കോല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറി. വിങ്ങിപ്പൊട്ടിയാണ് രാജേശ്വരി താക്കോല്‍ ഏറ്റുവാങ്ങിയത്. തന്റെ മകളില്ലാത്ത വീട്ടില്‍ തനിക്ക് സമാധാനമോ സന്തോഷമോ ഇല്ലെന്ന് കരഞ്ഞുകൊണ്ട് രാജേശ്വരി പറഞ്ഞു. ജിഷ കൊല്ലപ്പെട്ടശേഷം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന രാജേശ്വരിയെയും സഹോദരി ദീപയെയും പോലിസാണ് പുതിയ വീട്ടില്‍ എത്തിച്ചത്.
മുടക്കുഴ പഞ്ചായത്തിലെ തൃക്കേപ്പാറയില്‍ മൂന്ന് സെന്റ് സ്ഥലത്ത് 650 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ നിര്‍മിച്ചിരിക്കുന്ന വീടിന് ജിഷ ഭവനം എന്നാണു പേരിട്ടിരിക്കുന്നത്. ആശുപത്രിയില്‍നിന്ന് എത്തിച്ച മാതാവ് രാജേശ്വരിയെയും സഹോദരി ദീപയെയും താക്കോല്‍ദാന ചടങ്ങിനു മുമ്പുതന്നെ വീട്ടില്‍ പ്രവേശിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ കൈപിടിച്ച് രാജേശ്വരിയെ വീടിനുള്ളിലേക്കു പ്രവേശിപ്പിച്ചപ്പോള്‍ ജിഷയുടെ ഓര്‍മകളില്‍ അവര്‍ പൊട്ടിക്കരഞ്ഞു.
പുറമ്പോക്കിലെ ഒറ്റമുറി വീട്ടില്‍ കഴിഞ്ഞിരുന്ന ജിഷയുടെ ഏറ്റവും വലിയ സ്വപ്‌നമായിരുന്നു സ്വന്തമായി നല്ലൊരു വീട്. എന്നാല്‍, ആ സ്വപ്‌നം യാഥാര്‍ഥ്യമായപ്പോള്‍ അതില്‍ താമസിക്കാന്‍ ജിഷ മാത്രമില്ല. വീടിനു സമീപം ഒരുക്കിയ സമ്മേളന വേദിയില്‍ വച്ചായിരുന്നു വീടിന്റെ താക്കോല്‍ രാജേശ്വരിക്ക് മുഖ്യമന്ത്രി കൈമാറിയത്. കേരളത്തിലെ പുമ്പോക്കില്‍ കിടക്കുന്ന മുഴുവന്‍ പേര്‍ക്കും വീട് നല്‍കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അധ്യക്ഷ പ്രസംഗത്തില്‍ യുഡിഎഫ് ഗവണ്‍മെന്റ് ജിഷയുടെ കുടുംബത്തിനു ചെയ്ത കാര്യങ്ങളും കെപിസിസി 15 ലക്ഷം രൂപ നല്‍കിയതും കേസിന്റെ നീക്കങ്ങളും എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ വിവരിച്ചപ്പോള്‍ ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി തിരിച്ചടിച്ചു.
ജിഷയുടെ മൃതദേഹം കത്തിക്കേണ്ടെന്ന് മാതാവ് പറഞ്ഞിട്ടും കത്തിച്ചത് കേസ് തെളിയിക്കണമെന്ന ലക്ഷ്യമായിരുന്നില്ല, മുന്‍ സര്‍ക്കാരിനുണ്ടായിരുന്നതെന്നാണു വ്യക്തമാവുന്നതെന്ന് പിണറായി വിജയന്‍ ആരോപിച്ചു. ചടങ്ങില്‍ പങ്കെടുത്ത എംപി ഇന്നസെന്റും തമാശകലര്‍ത്തി മുന്‍ ഗവണ്‍മെന്റിന്റെ നിലപാട് വിമര്‍ശിക്കാന്‍ മറന്നില്ല. ജില്ലാ കലക്ടര്‍ എം ജി രാജമാണിക്യം, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ആശ സനല്‍, സിപിഎം ജില്ലാ സെക്രട്ടറി പി രാജീവ് എന്നിവരും സമ്മേളനത്തില്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day