|    Jul 23 Sun, 2017 4:37 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ജിവി രാജ സ്‌കൂളിലെ ഭക്ഷ്യവിഷബാധ; പ്രധാനാധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍

Published : 1st August 2016 | Posted By: SMR

തിരുവനന്തപുരം: ജിവി രാജ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ ഭക്ഷ്യവിഷബാധ ഉണ്ടായതിനെത്തുടര്‍ന്ന് പ്രധാനാധ്യാപിക എല്‍ ശശികലയെ സസ്‌പെന്‍ഡ് ചെയ്തു. പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് ഗുരുതരമായ കൃത്യവിലോപം കണ്ടെത്തിയതിനെ തുടര്‍ന്ന് അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തത്. സ്‌കൂളില്‍ ഭക്ഷ്യവിഷബാധ ഉണ്ടായപ്പോള്‍ ഉന്നത അധികാരികളെ അറിയിച്ചില്ല. ഭക്ഷ്യവിഷബാധയേറ്റ വിദ്യാര്‍ഥികള്‍ക്ക് യഥാസമയം ചികില്‍സ ലഭ്യമാക്കിയില്ല. മെസ്സില്‍ തിരിമറി നടക്കുന്നുണ്ടെന്ന് അറിഞ്ഞിട്ടും നടപടിയെടുത്തില്ല തുടങ്ങി ഗുരുതരമായ ആരോപണങ്ങളാണ് പ്രധാനാധ്യാപികക്കെതിരേ കണ്ടെത്തിയിരിക്കുന്നത്.
അതേസമയം, സംഭവത്തില്‍ ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും പ്രത്യേകം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സംഭവം അന്വേഷിച്ചു റിപോര്‍ട്ട് നല്‍കാന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ ഫുഡ്‌സേഫ്റ്റി കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അഡീഷനല്‍ ഡയറക്ടറോടാണ് റിപോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഭക്ഷ്യവിഷബാധയേറ്റ കുട്ടികളുടെ രക്തസാമ്പിളുകള്‍ പരിശോധനയ്ക്കയച്ചിട്ടുണ്ട്. ഒരാഴ്ചയ്ക്കകം ഇതിന്റെ റിപോര്‍ട്ട് ലഭിക്കും. എന്നാല്‍, സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം. 71 കുട്ടികള്‍ക്കാണ് വിഷബാധയേറ്റത്. എന്നാല്‍ 350 കുട്ടികളുള്ള ഹോസ്റ്റലില്‍ മറ്റു കുട്ടികളെല്ലാവരും സുരക്ഷിതരുമാണ്.
ഈ സാഹചര്യത്തിലാണ് സ്‌കൂള്‍ അധികൃതര്‍ പുറത്തുനിന്നുള്ള ഇടപെടലില്‍ സംശയം പ്രകടിപ്പിച്ചത്. ഇക്കാര്യവും അന്വേഷണ പരിധിയില്‍ വരും.
കുടുംബശ്രീക്കാണ് സ്‌കൂളിലെ മെസ്സ് നടത്തിപ്പ് ചുമതലയുള്ളത്. വിഷബാധയെത്തുടര്‍ന്ന് മെസ്സ് താല്‍ക്കാലികമായി പൂട്ടിയിരിക്കുകയാണ്. ദുരൂഹത പറയുമ്പോഴും ഹോസ്റ്റലില്‍ കുടിവെള്ളമുള്‍പ്പെടെ മലിനപ്പെട്ടിരുന്നതായി സ്‌കൂള്‍ അധികൃതര്‍ സമ്മതിക്കുന്നുമുണ്ട്. കുട്ടികള്‍ക്ക് കുടിക്കാന്‍ കൊടുത്തിരുന്ന വെള്ളത്തില്‍ സോപ്പിന്റെ അംശം ഉണ്ടെന്നും കണ്ടെത്തിയിരുന്നു.
ശനിയാഴ്ചയാണ് ജിവി രാജ സ്‌പോര്‍ട്‌സ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റത്. വയറിളക്കവും ഛര്‍ദ്ദിയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് വിദ്യാര്‍ഥികളെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലും എസ്എടി ആശുപത്രിയിലും പേരൂര്‍ക്കടയിലെ ആശുപത്രിയിലുമായാണ് പ്രവേശിപ്പിച്ചത്.
എന്നാല്‍, ചികില്‍സ തേടിയ 71 വിദ്യാര്‍ഥികളില്‍ ആരുടെയും നില ഗുരുതരമല്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക