|    Nov 16 Fri, 2018 1:15 pm
FLASH NEWS

ജില്ല സാധാരണ നിലയിലേക്ക്; ഇനി ശുചീകരണ നാളുകള്‍

Published : 20th August 2018 | Posted By: kasim kzm

കോഴിക്കോട്: കനത്ത മഴയിലും വെള്ളപ്പൊക്ക കെടുതിയിലും വിറങ്ങലിച്ച ജില്ലയിലെ പ്രദേശങ്ങള്‍ മെല്ലെ സാധാരണ നിലയിലേക്ക്. ഇന്നലെ ജില്ലയിലെവിടെയും കാര്യമായ മഴ റിപോര്‍ട്ട് ചെയ്യപ്പെട്ടില്ല. വെള്ളക്കെട്ടിലായിരുന്ന പ്രദേശങ്ങളില്‍ നിന്ന് വെള്ളം വലിഞ്ഞിട്ടുണ്ട്. ഇനി ശുചീകരണത്തിന്റെ നാളുകളാണ്. വെള്ളം കയറി ചളി നിറഞ്ഞ കടകളും വീടുകളും വൃത്തിയാക്കാനുള്ള പ്രയത്്‌നം പലയിടത്തും ആരംഭിച്ചിട്ടുണ്ട്. ഇതിനായി രാഷ്ട്രിയ സാമൂഹിക സംഘടനകളും വിവിധ കൂട്ടായ്മകളും സഹകരിക്കുന്നു.
കോഴിക്കോട് നഗരത്തില്‍ സില്‍വര്‍ ഹില്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കീം (എന്‍എസ്എസ്) അംഗങ്ങളായ വിദ്യാര്‍ഥികള്‍ ശുചീകരണത്തിനുള്ള സാമഗ്രികളുമായി ശനിയാഴ്ച തന്നെ രംഗത്തിറങ്ങിയിരുന്നു. ചെളിയും മാലിന്യവും കയറിയ വീടുകള്‍ വൃത്തിയാക്കാന്‍ ഇവര്‍ കുടുംബങ്ങളോടൊപ്പം ചേര്‍ന്നു. വിവിധ ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവര്‍ക്കായി ഭക്ഷ്യവസ്തുക്കളും മറ്റു സാധനങ്ങളും ശേഖരിക്കുന്നത് ഇന്നലെയും തുടര്‍ന്നു. സമൂഹത്തിന്റെ നാനാതുറകളിലുമുള്ള ജനങ്ങള്‍ ഒറ്റ മനസോടെ ഇതിനോട് സഹകരിക്കുന്നുണ്ട്.
ജില്ലയിലെ സര്‍ക്കാര്‍ ഓഫിസുകള്‍ ഇന്നലെയും തുറന്നു പ്രവര്‍ത്തിച്ചു. മഴ കനത്തതോടെ രാപ്പകല്‍ വ്യത്യാസമില്ലാതെ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്ന ജില്ലാ കലക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്ക് ഇന്നലെയും വിശ്രമമില്ലായിരുന്നു. ജില്ലയില്‍ ചില പ്രദേശങ്ങളില്‍ വൈദ്യുതി ബന്ധം ഇനിയും പുനസ്ഥാപിക്കാനുണ്ട്. കെഎസ്ഇബി ഉദ്യോഗസ്ഥര്‍ ഇതിനായി രാപ്പകല്‍ ഭേദമന്യേ കഠിനാധ്വാനം തുടരുകയാണ്. ദുരിതാശ്വാസ ക്യാംപുകളിലെല്ലാം അത്യാവശ്യം വേണ്ട സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. എന്തെങ്കിലും കുറവുണ്ടെങ്കില്‍ അപ്പപ്പോള്‍ നികത്താനുള്ള സംവിധാനവും തയ്യാറാക്കിയിട്ടുണ്ട്്.
ക്യംപുകളിലേക്ക് അരിയും പലവ്യഞ്ജനങ്ങളും വസ്ത്രവും നിര്‍ലോഭം ലഭിക്കുന്നു. നഗരത്തില്‍ നിന്നും നാട്ടിന്‍പുറങ്ങളില്‍ നിന്നും ക്ലബ്ബുകളും വിവിധ കൂട്ടായ്മകളും മറ്റും ശേഖരിച്ച വസ്തുക്കള്‍ അവര്‍ തന്നെ ദുരിതാശ്വാസ ക്യാപുകളില്‍ എത്തിക്കുകയാണ്. ക്യാംപിലുള്ളവരുടെ ആരോഗ്യപരിപാലനത്തില്‍ ആരോഗ്യവകുപ്പും സദാ ജാഗരൂകരാണ്.
ക്യാംപുകളില്‍ അവശ്യം വേണ്ട മരുന്നുകളും ഡോക്ടര്‍മാരുടെ സേവനവും ഉറപ്പുവരുത്തിയിട്ടുണ്ട്. മഴയുടെ താണ്ഡവത്തില്‍ വലിയ നഷ്ടമുണ്ടായ മലയോര പ്രദേശങ്ങളിലുള്‍പ്പടെ ജനജീവിതം സാധാരണ നിലയിലെത്താന്‍ ഇനിയും ദിവസങ്ങളെടുക്കും. ജില്ലയിലെ യുവാക്കള്‍ വിവിധ സംഘടനകളുടെ കീഴില്‍ വയനാട്ടിലെ ദുരിത ബാധിത മേഖലകളിലും കഠിനാധ്വാനം ചെയ്യുന്നുണ്ട്. പ്രളയം ഏറെ നാശം വിതച്ച തൃശൂരിലേക്കും ആലപ്പുഴ, പത്തനംതിട്ട തുടങ്ങിയ ജില്ലകളിലേക്കും കോഴിക്കോട്ടു നിന്ന് വിവിധ സംഘടനകളുടെ കീഴില്‍ ഭക്ഷ്യ വസ്തുക്കളടക്കമുള്ള ദുരിതാശ്വാസ സാമഗ്രികള്‍ കയറ്റി അയക്കുന്നത് തുടരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss