|    Sep 23 Sun, 2018 5:51 pm
FLASH NEWS

ജില്ല പ്രതിദിനം പുറന്തള്ളുന്നത് 400 ടണ്‍ ഖരമാലിന്യം

Published : 26th January 2017 | Posted By: fsq

 

കല്‍പ്പറ്റ: ജില്ലയില്‍ പ്രതിദിനം 400 ടണ്‍ ഖരമാലിന്യങ്ങളുണ്ടാവുന്നതായി റിപോര്‍ട്ട്. ഹരിതകേരളം മിഷന്റെ ഭാഗമായി ജില്ലാ ശുചിത്വമിഷന്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. മല്‍സ്യ-മാംസ മാര്‍ക്കറ്റുകള്‍, ചെറുകിട ഹോട്ടലുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്ന് ഓടകള്‍ വഴിയും ശരിയായ സെപ്റ്റിക് ടാങ്ക്- സോക്പിറ്റ് സംവിധാനമില്ലാത്ത വീടുകളില്‍നിന്നും ജലസ്രോതസ്സുകളിലേക്കെത്തുന്ന ദ്രവമാലിന്യങ്ങള്‍ ഇതിനു പുറമെയാണ്. ഉറവിടമാലിന്യ സംസ്‌കരണ മാര്‍ഗങ്ങള്‍ ജനകീയമാക്കുന്നതോടൊപ്പം സാമൂഹികാധിഷ്ഠിതവും സ്ഥാപനാടിസ്ഥാനത്തിലുമുള്ള മാലിന്യ സംസ്‌കരണ സംവിധാനങ്ങളൊരുക്കാന്‍ ശുചിത്വമിഷന്റെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ നടന്നുവരുന്നതായി ഹരിതകേരളം മിഷന്‍ സംസ്ഥാന ഉപാധ്യക്ഷ ഡോ. ടി എന്‍ സീമയ്ക്ക് സമര്‍പ്പിച്ച റിപോര്‍ട്ടില്‍ ശുചിത്വമിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ ബി ശ്രീബാഷ് അറിയിച്ചു. അമിതമായ കീടനാശിനി പ്രയോഗവും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്ഷ്യവസ്തുക്കളുടെ കടന്നുകയറ്റവും ജില്ലയുടെ ആരോഗ്യരംഗത്തിന് കടുത്ത ഭീഷണിയാവുന്നുണ്ട്. ഖരമാലിന്യങ്ങളും മറ്റും ഡംബിങ് യാര്‍ഡ്, പൊതുസ്ഥലങ്ങള്‍, വനപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നിക്ഷേപിക്കുകയോ കത്തിച്ചുകളയുകയോ ആണ് ചെയ്യുന്നത്. വനപ്രദേശത്തെ മാലിന്യനിക്ഷേപവും കത്തിക്കലും വനത്തിനും വന്യജീവികള്‍ക്കും ഭീഷണിയാണ്. ഇതുമൂലമുള്ള ആരോഗ്യ-പാരിസ്ഥിതിക പ്രശ്‌നങ്ങളും നിരവധി. ആകെ വിസ്തൃതിയുടെ 344.14 ചതുരശ്ര കിലോമീറ്റര്‍ വനപ്രദേശമായ ജില്ലയുടെ വനാതിര്‍ത്തികളില്‍ ഇതര ജില്ലകളില്‍ നിന്നുള്ള മാലിന്യനിക്ഷേപം കടുത്ത ഭീഷണിയാണെന്നു പഠനം വ്യക്തമാക്കുന്നു. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും കക്കൂസ് മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ അടിയന്തരമായി സ്ഥാപിക്കണമെന്നു 2013ല്‍ സുപ്രിംകോടതി ഉത്തരവിറക്കിയിട്ടുണ്ടെങ്കിലും പദ്ധതി എങ്ങുമെത്തിയിട്ടില്ല. ഇ-വേസ്റ്റ് സംഭരണ കേന്ദ്രങ്ങളും ഹസാര്‍ഡസ് വേസ്റ്റ് സംഭരണ കേന്ദ്രങ്ങളും ജില്ലയിലില്ല.  വ്യവസായ സംരംഭങ്ങളില്‍ നിന്നുള്ള ഇ-വേസ്റ്റ്, ഹസാര്‍ഡസ് വേസ്റ്റ് എന്നിവ ജില്ലയ്ക്കു പുറത്തുള്ള റീസൈക്ലിങ് യൂനിറ്റുകള്‍ക്ക് കൈമാറുകയാണ് ചെയ്തുവരുന്നത്. കുടുംബശ്രീ, യുവജന ക്ലബ്ബുകള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍ എന്നിവയുടെ സഹകരണത്തോടെ വാര്‍ഡ് തല ശേഖരണവും കൈമാറ്റവും സംഘടിപ്പിക്കാമെന്നു പരിഹാര മാര്‍ഗങ്ങളിലൊന്നായി ശുചിത്വമിഷന്‍ ചൂണ്ടിക്കാട്ടി. ദ്രവമാലിന്യ സംസ്‌കരണത്തിനായി ജില്ലയിലെ പ്രധാന സ്വകാര്യ ആശുപത്രികള്‍, വലിയ ഹോട്ടലുകള്‍ എന്നിവയിലെല്ലാം സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റുകളും വ്യവസായ സ്ഥാപനങ്ങളില്‍ ഫഌവന്റ് ട്രീറ്റ്‌മെന്റ് പ്ലാന്റുകളും സ്ഥാപിച്ചിട്ടുണ്ട്. ഇത്തരത്തില്‍ 44 പ്ലാന്റുകളാണ് ജില്ലയിലുള്ളത്. അജൈവ മാലിന്യസംസ്‌കരണത്തിന് ജനകീയ പങ്കാളിത്തത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തോറും മെറ്റീരിയല്‍ റിക്കവര്‍ ഫെസിലിറ്റി സെന്ററുകള്‍ (എംആര്‍എഫ്) സ്ഥാപിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ കല്‍പ്പറ്റ, മാനന്തവാടി മുനിസിപ്പാലിറ്റികള്‍ പ്രൊജക്റ്റ്  തയ്യാറാക്കിയിട്ടുണ്ട്. ജില്ലയിലെ ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ ഭൂരിഭാഗവും പാലക്കാടുള്ള ‘ഇമേജി’ലേക്കാണ് സംസ്‌കരണത്തിന് അയക്കുന്നത്. ജില്ലയിലെ ആശുപത്രി മാലിന്യങ്ങള്‍ തരംതിരിച്ച് ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനാവശ്യമായ ആധുനിക പ്ലാന്റ് അത്യന്താപേക്ഷിതമാണെന്നു മിഷന്‍ നിര്‍ദേശിച്ചു. കൂടാതെ മാംസ സംസ്‌കരണ യൂനിറ്റുകളും ആധുനിക ഗ്യാസ് ശ്മശാനങ്ങളും അടിയന്തരമായി നിര്‍മിക്കണം. പ്രതിവര്‍ഷം ജില്ല സന്ദര്‍ശിക്കുന്നത് ഏകദേശം ആറു ലക്ഷത്തോളം വിനോദസഞ്ചാരികളാണ്. ജില്ലയില്‍ പ്ലാസ്റ്റിക് നിരോധനം നിലവിലുണ്ടെങ്കിലും വിനോദസഞ്ചാര മേഖലയില്‍ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യ നിക്ഷേപത്തിന് നിയന്ത്രണം വരുത്താന്‍ സാധിച്ചിട്ടില്ല. സ്‌കൂള്‍ വിദ്യാര്‍ഥികളിലൂടെ കുടുംബങ്ങളിലേക്ക് സന്ദേശമെത്തിക്കുകയും പ്ലാസ്റ്റിക്കിനെ സ്വയം പ്രതിരോധിക്കാന്‍ കുടുംബങ്ങളെ പ്രാപ്തമാക്കുകയും ചെയ്യണം. ഇക്കാര്യത്തില്‍ എടവക, അമ്പലവയല്‍ പഞ്ചായത്തുകളും സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റിയും ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തുന്നുണ്ട്. മാലിന്യനിര്‍മാര്‍ജനത്തിന്റെ അടിസ്ഥാനതത്വം മാലിന്യങ്ങളുടെ അളവ് കുറയ്ക്കുക എന്നതാണ്.  ഡിസ്‌പോസിബിള്‍ ഉല്‍പന്നങ്ങള്‍ പരമാവധി ഒഴിവാക്കി പുനരുപയോഗ സാധ്യതയുള്ള ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുകയാണ് പ്രായോഗികം. കാലാവസ്ഥാ വ്യതിയാനവും അന്തരീക്ഷ മലിനീകരണവും ചെറുക്കുന്നതിന് ശാസ്ത്രീയമായ ഖരമാലിന്യ ശേഖരണ-സംസ്‌കരണ സംവിധാനങ്ങള്‍, സീവേജ്- സെപ്‌റ്റേജ്- ട്രീറ്റ്‌മെന്റ് പ്ലാന്റുകള്‍, പ്ലാസ്റ്റിക് സംഭരണ- റീസൈക്ലിങ് കേന്ദ്രങ്ങള്‍, ഹസാര്‍ഡസ്,  ഇ-വേസ്റ്റ് സംഭരണകേന്ദ്രങ്ങള്‍, വീടുകളിലും സ്ഥാപനങ്ങളിലും ഉറവിടമാലിന്യ സംസ്‌കരണ മാര്‍ഗങ്ങള്‍, ടൂറിസം കേന്ദ്രങ്ങളില്‍ സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനം, ജനപങ്കാളിത്തത്തോടെയുള്ള മോണിറ്ററിങ്, വിദ്യാര്‍ഥികളിലൂടെയുള്ള അവബോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ ഫലപ്രദമാണെന്നു റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss