|    Oct 24 Wed, 2018 8:25 am
FLASH NEWS

ജില്ല പച്ചപ്പ് വീണ്ടെടുക്കുന്നു

Published : 9th December 2017 | Posted By: kasim kzm

കല്‍പ്പറ്റ: നവകേരളമിഷന്റെ ഭാഗമായുള്ള ഹരിതകേരള മിഷന്റെ ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരാണ്ട് പൂര്‍ത്തിയാവുന്നു. വറ്റിവരണ്ട ജലാശയങ്ങളെയും നീര്‍ച്ചാലുകളെ വീണ്ടെടുത്തും പുഴകള്‍ക്ക് ജീവന്‍ നല്‍കിയും ഗ്രാമാന്തരങ്ങള്‍ തോറുമുള്ള വേറിട്ട പ്രവര്‍ത്തനമാണ് ഇതിനകം നടന്നത്. ജില്ലയിലെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളും വാര്‍ഡ് അടിസ്ഥാനത്തിലും പദ്ധതികളെ ജനങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു. കൃഷി, മണ്ണ് സംരക്ഷണം, ജലസേചന വകുപ്പുകളുടെയും ഏകോപനത്തോടും കൂടി ജില്ലയില്‍ നടപ്പാക്കാന്‍ സാധിച്ചിട്ടുണ്ട്. ജില്ല അഭിമുഖീകരിക്കുന്ന ഗുരുതരമായ മാലിന്യ പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങളില്‍ ആവശ്യമായ അവബോധം സൃഷ്ടിക്കുന്നതിന് വിവിധ തലങ്ങളിലുള്ള പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചു. തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികളുടെ ഭാഗമായി ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കും മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ക്കും ഊന്നല്‍ നല്‍കുന്നതിനുള്ള പദ്ധതികള്‍ വിഭാവനം ചെയ്യുന്നതിന് ജില്ലയില്‍ ജില്ലാ ആസൂത്രണ ഓഫിസിന്റെ നേതൃത്വത്തില്‍ പ്രൊജക്റ്റ് ക്ലിനിക്കുകള്‍ സംഘടിപ്പിച്ചിരുന്നു. ജില്ലയിലെ 19 തദ്ദേശഭരണ സ്ഥാപനങ്ങളില്‍ ഉറവിട ജൈവ-അജൈവ മാലിന്യ ശേഖരണത്തിന് വേണ്ടിയുള്ള ഹരിത കര്‍മസേനകളുടെ രൂപീകരണവും അജൈവമാലിന്യ ശേഖരണത്തിനുള്ള കലക്ഷന്‍ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനുള്ള പദ്ധതിക്കും അംഗീകാരം ലഭിച്ചിട്ടുണ്ട്. ജില്ലയിലെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളിലും വീടുകള്‍ തോറും സര്‍വേ നടത്തി അവസ്ഥാ പഠന റിപോര്‍ട്ട് തയ്യാറാക്കി. ഇതിന്റെ ഭാഗമായി കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍ തുറമുഖവകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ‘മാലിന്യത്തില്‍ നിന്നു സ്വാതന്ത്ര്യം’ പ്രഖ്യാപനം നടത്തി.സര്‍ക്കാര്‍ ഓഫിസുകളിലെ ഇലക്‌ട്രോണിക് മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിന്റെ ഭാഗമായി ക്ലീന്‍ കേരള കമ്പനി 2689 കിലോഗ്രാം ശേഖരിച്ചിട്ടുണ്ട്. ഹരിതവല്‍ക്കരണത്തിന്റെ ഭാഗമായി സാമൂഹിക വനവല്‍ക്കരണ വിഭാഗം ജില്ലയിലെ വിദ്യാലയങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കുമായി രണ്ടര ലക്ഷം വൃക്ഷത്തൈകള്‍ വിതരണം ചെയ്തിട്ടുണ്ട്. കൃഷിവകുപ്പും കുടുംബശ്രീയും പച്ചക്കറി കൃഷി, നെല്‍കൃഷി എന്നീ മേഖലകളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം നടത്തി. ഓണക്കാല വിപണിയിലൂടെ കുടുംബശ്രീ 52 ലക്ഷം രൂപയുടെ പച്ചക്കറി വിറ്റഴിച്ചു. തരിശുരഹിത പദ്ധരിയില്‍ 100 ഹെക്റ്റര്‍ നെല്‍കൃഷിയും ‘എന്റെ ഭവനം ഭക്ഷ്യസുരക്ഷാ ഭവനം’ പദ്ധതിയിലൂടെ എല്ലാ അയല്‍ക്കൂട്ടങ്ങളിലും പച്ചക്കറി കൃഷിയും ചെയ്യുന്നു. കൂടാതെ വിവിധ ജലസംരക്ഷണ പ്രവര്‍ത്തനങ്ങളും മാലിന്യസംസ്‌കരണ പ്രവര്‍ത്തനങ്ങളും ഏറ്റെടുത്തു നടത്തുന്നുണ്ട്. കൃഷിവകുപ്പ് 70 സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് 1,11,330 പച്ചക്കറിവിത്ത് കിറ്റ് നല്‍കിയിട്ടുണ്ട്. വീട്ടുവളപ്പില്‍ പച്ചക്കറി കൃഷിക്കായി 6,00,000 പച്ചക്കറിത്തൈകള്‍ തയ്യാറാക്കുന്ന പ്രവൃത്തി സംഘടിപ്പിച്ചു. 7500 ഹെക്റ്ററില്‍ നഞ്ചകൃഷി, 24 കൃഷിഭവനുകളിലൂടെ തരിശിട്ടിരുന്ന 155 ഹെക്റ്ററില്‍ നെല്‍കൃഷി 400 ഹെക്റ്റര്‍ സുഗന്ധ നെല്ലിനങ്ങളുടെ കൃഷി, മൂന്നേക്കറില്‍ ഞവര നെല്‍കൃഷി എന്നിവ ഈ വര്‍ഷം ചെയ്തിട്ടുണ്ട്. കേരഗ്രാമം പദ്ധതി, കിഴങ്ങുവര്‍ഗ കൃഷി, പയര്‍വര്‍ഗ കൃഷി എന്നിവ ഈ വര്‍ഷക്കാലയളവില്‍ തുടങ്ങിയ പദ്ധതികളാണ്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം ജില്ലയില്‍ 9,00,000ഓളം ചെറിയ മഴക്കുഴികള്‍ നിര്‍മിച്ചിട്ടുണ്ട്. അടുത്ത പരിസ്ഥിതി ദിനത്തില്‍ നടാനായി 15,00,000 ഫല വൃക്ഷത്തൈകള്‍ തയ്യാറാക്കുന്ന പ്രവൃത്തിയിലേര്‍പ്പെട്ടിരിക്കുകയാണ് ജില്ലയിലെ തൊഴിലുറപ്പ് തൊഴിലാളികള്‍. ഹരിതകേരളം ഒന്നാംവാര്‍ഷികം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. എഡിഎം കെ എം രാജു അധ്യക്ഷത വഹിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss