|    Jun 20 Wed, 2018 1:29 pm
FLASH NEWS

ജില്ലാ സ്‌കൂള്‍ കലോല്‍സവം നാളെമുതല്‍ അരീക്കോട്

Published : 2nd January 2016 | Posted By: SMR

മലപ്പുറം: ഇരുപത്തിയെട്ടാമത് റവന്യൂ ജില്ലാ സ്‌കൂള്‍ കലോല്‍സവം നാളെ അരീക്കോട് തുടങ്ങും. മേളയുടെ ഒരുക്കങ്ങള്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ പൂര്‍ത്തിയായെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മേള ഏഴിന് സമാപിക്കും. ആദ്യമായി കലോല്‍സവത്തിന് ആഥിത്യം വഹിക്കുന്ന അരീക്കോട് മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. സംഘാടക സമിതിക്ക് പുറമെ പ്രാദേശിക ജനകീയ കമ്മിറ്റികളും കൈമെയ് മറന്ന് മേളയുടെ വിജയത്തിന് സജീവമാണ്.
ഇതിനായി 18 സബ് കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു. 17 സബ് ജില്ലകളില്‍ നിന്നായി 8,000 ഓളം വിദ്യാര്‍ഥികള്‍ യുപി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളിലായി മല്‍സരിക്കും. സംസ്‌കൃതം, അറബിക് അടക്കം 300 ഇനങ്ങളിലാണ് മല്‍സരം. അരീക്കോട് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വളപ്പിലും ഐ ടിഐ റോഡിന് സമീപത്തുമായി 16 വേദികളാണ് ഒരുക്കിയിട്ടുള്ളത്. മൂന്നിന് രാവിലെ ഒന്‍പതുമണിക്ക് മല്‍സരാര്‍ഥികളുടെ രജിസ്‌ട്രേഷന്‍ നടക്കും. അരീക്കോട് എംഇഎ കോളജ് ഗ്രൗണ്ടില്‍ 10 മണിക്ക് ബാന്റ് മേളത്തോടെ മല്‍സരങ്ങള്‍ക്ക് തുടക്കമാവും. നാലാം തിയ്യതി അരീേക്കോട സുല്ലമുസ്സലാം ഓറിയന്റല്‍ ഹൈസ്‌കൂളില്‍ രചനാ മല്‍സരങ്ങള്‍ നടക്കും. വേദികളിലേക്ക് വിപുലമായ വാഹനസൗകര്യവും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. അരീക്കോട് ടൗണില്‍ നിന്നു വാഹനസൗകര്യം വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമായുണ്ടാവും. കലോല്‍സവ നഗരിയില്‍ കനത്ത സുരക്ഷ പോലിസ് ഒരുക്കിയിട്ടുണ്ട്. പൂര്‍ണമായും സിസിടിവി നിരീക്ഷണത്തിലാണ് വേദികള്‍. 1000 പേര്‍ക്ക് ഒരേ സമയം ഭക്ഷണം കഴിക്കാനുള്ള പന്തല്‍ തയ്യാറായിട്ടുണ്ട്. പഴയിടം നമ്പൂതിരിയുടെ നേതൃത്വത്തിലാണിക്കുറി പായസമടക്കമുള്ള ഭക്ഷണം ഒരുങ്ങുന്നത്. മൂന്നിന് വൈകീട്ട് മൂന്നിന് മേളയുടെ വിളംബരമോതി ഘോഷയാത്ര ജിഎംയുപി സ്‌കൂളില്‍ നിന്ന് തുടങ്ങും. മലപ്പുറം ഡിവൈഎസ്പി എ ഷറഫുദ്ദീന്‍ ഫഌഗ് ഓഫ് ചെയ്യും.
വിദ്യാര്‍ഥികള്‍ക്ക് പുറമെ നാട്ടുകാരും അണിനിരക്കുന്ന ഘോഷയാത്രയില്‍ നിശ്ചല ദൃശ്യങ്ങളും കലാരൂപങ്ങളും മിഴിവേകും. വൈകീട്ട് അഞ്ചിന് വേദി ഒന്നിലാണ് ഉദ്ഘാടന സമ്മേളനം. പി കെ ബഷീര്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ മന്ത്രി പി കെ അബ്ദുറബ്ബാണ് ഉദ്ഘാടനം നിര്‍വഹിക്കുക. മന്ത്രി എ പി അനില്‍കുമാര്‍, എംപിമാരായ എം ഐ ഷാനവാസ്, ഇ ടി മുഹമ്മദ് ബഷീര്‍, പി വി അബ്ദുല്‍ വഹാബ് തുടങ്ങിയവര്‍ പങ്കെടുക്കും. കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ മുഹമ്മദ് ബഷീര്‍ മുഖ്യാതിഥിയാവും. വാര്‍ത്താസമ്മേളനത്തില്‍ വിവിധ സബ്കമ്മിറ്റി കണ്‍വീനര്‍മാരായ എന്‍ ടി ഹമീദലി, സി അബ്ദുല്‍ കരീം, ബഷീര്‍ ചിത്രകൂടം, സി ടി കുഞ്ഞയമു പങ്കെടുത്തു.
അതേസമയം, മല്‍സരങ്ങള്‍ വൈകുന്നത് പതിവാകുന്ന കലോല്‍സവത്തില്‍ നിന്ന് വ്യത്യസ്തമായി ഇക്കുറി സമയക്രമം പാലിക്കാന്‍ പ്രത്യേക ശ്രദ്ധചെലുത്താന്‍ സംഘാടകര്‍ തീരുമാനിച്ചിട്ടുണ്ട്. രജിസ്‌ട്രേഷന്‍ സമയത്ത് തന്നെ മല്‍സരാര്‍ഥി പങ്കെടുക്കുന്ന സ്‌കൂള്‍ പ്രധാനാധ്യാപകന്റെയോ ചുമതലയുള്ള അധ്യാപകന്റെയോ സത്യവാങ്മൂലം എഴുതി വാങ്ങും. മൂന്നുതവണ മല്‍സരാര്‍ഥിയെ വിളിച്ച് എത്തിയില്ലെങ്കില്‍ മല്‍സരിക്കാന്‍ അയോഗ്യതയുണ്ടാവും. ഇത് ഉറപ്പാക്കാനാണ് സത്യവാങ്മൂലം വാങ്ങുന്നത്. നൃത്തമല്‍സരങ്ങളിലാണ് പലപ്പോഴും സമയം പാലിക്കപ്പെടാത്തത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss