|    Jun 24 Sat, 2017 9:10 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ജില്ലാ സഹകരണ ബാങ്കുകളെ തകര്‍ക്കാനുള്ള നീക്കം ഉപേക്ഷിക്കണം: ബെഫി

Published : 16th November 2016 | Posted By: SMR

കൊച്ചി: കേരളസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടും ജില്ലാസഹകരണ ബാങ്കുകള്‍ക്ക് അസാധുവാക്കപ്പെട്ട 500ന്റെയും 1000ത്തിന്റെയും കറന്‍സി നോട്ടുകള്‍ ഇടപാടുകാരില്‍ നിന്നു സ്വീകരിക്കാന്‍ അനുവദിക്കാതെ അവയെ തകര്‍ക്കുന്ന സമീപനം റിസര്‍വ് ബാങ്ക് കൈക്കൊള്ളുന്നതില്‍ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. സ്വകാര്യ ബാങ്കുകളെ വഴിവിട്ട് പ്രോല്‍സാഹിപ്പിക്കുന്ന റിസര്‍വ് ബാങ്ക് ജില്ലാ സഹകരണബാങ്കുകളെ തകര്‍ക്കുന്ന സമീപനമാണ് അവലംബിക്കുന്നത്.
അര്‍ബന്‍ ബാങ്കുകള്‍ക്കും സ്റ്റേറ്റ് കോ-ഓപറേറ്റീവ് ബാങ്കുകള്‍ക്കും നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിന് റിസര്‍വ് ബാങ്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല. പ്രാഥമിക സഹകരണസംഘങ്ങള്‍ ജില്ലാ സഹകരണ ബാങ്കുകളില്‍ പണമടയ്ക്കുന്നു എന്ന ഒറ്റക്കാരണംകൊണ്ടാണ് ബാങ്കിങ് ലൈസന്‍സുള്ള ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് നിക്ഷേപം സമാഹരിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
കേരളത്തില്‍ ജില്ലാ സഹകരണ ബാങ്കുകളുടെയും പ്രാഥമിക സഹകരണസംഘങ്ങളുടെയും ഒന്നരക്കോടിയോളം ഇടപാടുകാരുണ്ട്. ഇവരെയെല്ലാം അനിശ്ചിതത്വത്തിലാഴ്ത്തുന്ന സമീപനമാണ് റിസര്‍വ് ബാങ്ക് സര്‍ക്കുലറിലൂടെ സംജാതമായിട്ടുള്ളതെന്നും ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പറഞ്ഞു.
ബാങ്കിങ് റെഗുലേഷന്‍ നിയമത്തില്‍ പറഞ്ഞിട്ടുള്ള ബാങ്കര്‍-കസ്റ്റമര്‍ ബന്ധം തുടരാന്‍ പുതിയ സാഹചര്യത്തില്‍ ബാങ്കുകള്‍ക്ക് കഴിയുന്നില്ല. നവംബര്‍ 16നു കേരളത്തില്‍ നടക്കുന്ന സഹകരണഹര്‍ത്താലിനും നവംബര്‍ 23നു നടക്കുന്ന റിസര്‍വ് ബാങ്ക് മാര്‍ച്ചിനും ബിഇഎഫ്‌ഐ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു. കേരളത്തിലെ സഹകരണമേഖലയെ സംരക്ഷിക്കുവാന്‍ വേണ്ടി നടക്കുന്ന എല്ലാ പ്രക്ഷോഭ പരിപാടികളും വിജയിപ്പിക്കാന്‍ ബാങ്ക് ജീവനക്കാര്‍ മുന്നിട്ടിറങ്ങണമെന്നും ജനറല്‍ സെക്രട്ടറി എസ് എസ് അനില്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക