|    Feb 27 Mon, 2017 7:45 pm
FLASH NEWS

ജില്ലാ സഹകരണ ബാങ്കുകളിലെ പരിശോധന: രാഷ്ട്രീയതാല്‍പര്യമില്ല: മന്ത്രി

Published : 9th November 2016 | Posted By: SMR

തിരുവനന്തപുരം: ജില്ലാ സഹകരണ ബാങ്കുകളില്‍ നടന്നുവരുന്ന പരിശോധന രാഷ്ട്രീയ താല്‍പര്യം മുന്‍നിര്‍ത്തിയുള്ളതല്ലെന്ന് സഹകരണമന്ത്രി എ സി മൊയ്തീന്‍ നിയമസഭയെ അറിയിച്ചു. ജില്ലാ സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് ഉയര്‍ന്ന പരാതിയെത്തുടര്‍ന്നാണ് പരിശോധന. സഹകരണ രജിസ്ട്രാര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ജില്ലാ സഹകരണബാങ്കുകളുടെ ജനറല്‍ മാനേജര്‍മാര്‍തന്നെയാണ് പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടത്.
ജില്ലാ സഹകരണബാങ്കുകളെക്കുറിച്ചുള്ള പരാതി കെട്ടിച്ചമച്ചതാണെന്ന പ്രതിപക്ഷത്തിന്റെ ആക്ഷേപത്തിന് അടിസ്ഥാനമില്ല. നിയമവിധേയമല്ലാത്ത കാര്യങ്ങള്‍ ഇവിടെ നടക്കുകയാണെന്ന് ജനറല്‍ മാനേജര്‍മാര്‍തന്നെ പറഞ്ഞിട്ടുണ്ട്. ഇതനുസരിച്ച് സഹകരണവകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ ജനറലിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരെയാണ് പരിശോധനയ്ക്ക് നിയോഗിച്ചിരിക്കുന്നത്. പ്രാഥമിക സഹകരണസംഘങ്ങളില്‍ സഹകരണവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥിരമായി പരിശോധന നടത്താറുണ്ട്. ജീവനക്കാരുടെ കുറവും പ്രാഥമിക സംഘങ്ങളിലെ പരിശോധനയും കാരണം കുറേക്കാലമായി ജില്ലാ സഹകരണബാങ്കുകളില്‍ പരിശോധന നടത്താന്‍ കഴിഞ്ഞിരുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ 14 ജില്ലാ സഹകരണബാങ്കുകളില്‍ സഹകരണവകുപ്പ് നടത്തുന്ന പരിശോധന സഹകരണമേഖലയെ ദോഷകരമായി ബാധിക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. അതേസമയം, മന്ത്രിയുടെ മറുപടിയെത്തുടര്‍ന്ന് അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചതിനാല്‍ പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി. സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കെ എം മാണിയുടെ നേതൃത്വത്തില്‍ കേരളാ കോണ്‍ഗ്രസും വാക്കൗട്ട് നടത്തി. പ്രാഥമിക സഹകരണ സംഘങ്ങളിലെ പരിശോധന പൂര്‍ത്തിയായ സാഹചര്യത്തില്‍ ഓഡിറ്റര്‍മാരെക്കൂടി ജില്ലാസഹകരണബാങ്കുകളിലെ പരിശോധനയ്ക്ക് നിയോഗിക്കും.
ജില്ലാ സഹകരണബാങ്കുകള്‍ പിരിച്ചുവിടുന്നതിനല്ല പകരം പണമിടപാട് നടത്തുന്ന ഇത്തരം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിലെ തെറ്റുതിരുത്താനും ഇവയുടെ വിശ്വാസ്യത വര്‍ധിപ്പിക്കാനുമാണ് ഈ പരിശോധന. എത് ബാങ്ക് ആര് ഭരിക്കുന്നു എന്ന് നോക്കിയല്ല പരിശോധനയ്ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള കേരള ബാങ്കിന് വേണ്ടി നിക്ഷേപം കണ്ടെത്തുന്നതിന് ജില്ലാ സഹകരണബാങ്കുകളെ സര്‍ക്കാര്‍ കൊള്ളയടിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. 14 ജില്ലാ സഹകരണബാങ്കുകളിലും ഒരേസമയം അന്വേഷണസംഘങ്ങളെ നിയോഗിച്ച് സര്‍ക്കാര്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണെന്ന് നോട്ടീസ് അവതരിപ്പിച്ച പി അബ്ദുല്‍ ഹമീദ് പറഞ്ഞു. സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്ന പത്തംഗ അന്വേഷണ സംഘത്തിലുള്ളവര്‍ സിപിഎം അനുകൂല സംഘടനകളുടെ നേതാക്കളാണ്. ഈ അന്വേഷണം 14 ജില്ലാ സഹകരണബാങ്കുകളിലും ഗുരുതരമായ ക്രമക്കേട് നടക്കുകയാണെന്ന പ്രതീതി ജനിപ്പിക്കും. ഏതെങ്കിലും ഒരു ബാങ്കിലെ ക്രമക്കേടുകള്‍ മാത്രമായി അന്വേഷിച്ചിരുന്നെങ്കില്‍ മനസ്സിലാക്കാമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സഹകരണമേഖലയെ ശക്തിപ്പെടുത്തുന്നതിനാണ് കേരള ബാങ്ക് രൂപീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സഹകരണമേഖലയിലെ എല്ലാ ബാങ്കുകളുംകൂടി ചേരുമ്പോള്‍ കേരള ബാങ്ക് സംസ്ഥാനത്തെ ഏറ്റവും വലിയ ബാങ്കായി മാറും. സ്റ്റേറ്റ് ബാങ്കുകളുടെ ലയനത്തോടെ കേരളബാങ്കിന്റെ പ്രാധാന്യം വര്‍ധിക്കുകയാണ്. സഹകരണമേഖലയുടെ തലപ്പത്ത് ഔന്നത്യമുള്ള ഒരു ബാങ്കായി കേരള ബാങ്ക് ഉയര്‍ന്നുവരികയാണ് ചെയ്യുക. അതിനെ പ്രതിപക്ഷം എന്തിനാണ് എതിര്‍ക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 23 times, 2 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day