|    Mar 22 Thu, 2018 6:17 am
FLASH NEWS

ജില്ലാ വിഭജനത്തെ എതിര്‍ക്കുന്നത് മലപ്പുറത്തോട് അസഹിഷ്ണുതയുള്ളവര്‍: ജലീല്‍ നീലാമ്പ്ര

Published : 31st October 2016 | Posted By: SMR

നിലമ്പൂര്‍: മലപ്പുറത്തെ വികസന സ്വപ്‌നങ്ങളോട് അസഹിഷ്ണുത പ്രകടിപ്പിക്കുന്നവരാണ് ജില്ലാ വിഭജനത്തെ എതിര്‍ക്കുന്നതെന്ന് എസ്ഡിപിഐ സംസ്ഥാന ഖജാഞ്ചി ജലീല്‍ നീലാമ്പ്ര. മലപ്പുറം വിഭജിച്ച് തിരൂര്‍ ജില്ല രൂപീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നല്‍കുന്ന ഭീമഹരജിയിലേക്ക് നടത്തിയ ജനകീയ ഒപ്പുശേഖരം ഏറ്റുവാങ്ങല്‍ എടക്കരയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലപ്പുറത്തിന്റെ ഭൂവിസ്തൃതിയും ജനസംഖ്യയും വികസനത്തിനു തടസ്സമായി നില്‍ക്കുകയാണെന്നു ബോധ്യമുള്ളവരാണു സര്‍ക്കാരുകളെ നിയന്ത്രിക്കുന്നത്. എട്ടുലക്ഷം ജനങ്ങളുള്ള വയനാട് ജില്ലയ്ക്കു ലഭിക്കുന്ന സംസ്ഥാന വിഹിതം തന്നെയാണു 42 ലക്ഷം ജനങ്ങളുള്ള മലപ്പുറത്തിനും ലഭിക്കുന്നത്. അധികാര വികേന്ദ്രീകരണത്തിന്റെ ഭാഗമായി ഗ്രാമീണമേഖലകളിലേക്ക് ഈ ഫണ്ടുപയോഗിച്ചു വികസനം നടത്താന്‍ കഴിയില്ല. മലപ്പുറം അനുഭവിക്കുന്ന ഗുരുതരമായ വികസന പ്രതിസന്ധി പരിഹരിക്കാന്‍ തീരദേശം കേന്ദ്രീകരിച്ചു പുതിയ ജില്ല രൂപീകരിക്കുക മാത്രമാണു പോംവഴി. മലപ്പുറം ജില്ല രൂപീകരിച്ച ഇടതുമുന്നണി തന്നെ പുതിയ ജില്ല രൂപീകരിക്കാനും നേതൃത്വം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മലപ്പുറത്തെ ജനപ്രതിനിധികളുടെ മാതൃത്വത്തെ പന്നിപ്രസവിക്കുന്നതു പോലെയെന്ന് അപഹസിച്ചിട്ടും നിഷിദ്ധമായതിനെ വിലയ്ക്കുവാനുള്ള ആര്‍ജ്ജവം മലപ്പുറത്തെ പ്രതിനിധീകരിക്കുന്നവര്‍ക്കില്ലാത്തത് സംഘപരിവാരത്തെ ഭയപ്പെടുന്നതു കൊണ്ടാണെന്ന് ഒപ്പുശേഖരം ഏറ്റുവാങ്ങിയ എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം അഭിപ്രായപ്പെട്ടു. നിലമ്പുര്‍, വണ്ടൂര്‍, പെരിന്തല്‍മണ്ണ, മങ്കട, മലപ്പുറം, മഞ്ചേരി, ഏറനാട് മണ്ഡലങ്ങളിലെ വിവിധ കേന്ദ്രങ്ങളില്‍നിന്ന് ഒപ്പുശേഖരം ഏറ്റുവാങ്ങിയ ശേഷം ജാഥ കൊണ്ടോട്ടിയില്‍ സമാപിച്ചു. വിവിധ കേന്ദ്രങ്ങളില്‍ എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി പി ദാവൂദ്, അഡ്വ. സാദിഖ് നടുത്തൊടി, എം പി മുസ്തഫ, കൃഷ്ണന്‍ എരഞ്ഞിക്കല്‍, ബാബുമണി കരുവാരക്കുണ്ട്, നൗഷാദ് മംഗലശ്ശേരി, പി ഹംസ, പി ഉസ്മാന്‍ സംസാരിച്ചു. വണ്ടൂര്‍ മണ്ഡലത്തില്‍ നിന്നു ശേഖരിച്ച ഒപ്പുകള്‍ മണലിമ്മല്‍ ബസ് സ്റ്റാന്റില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ നാസറുദ്ദീന്‍ എളമരം ഏറ്റുവാങ്ങി. മണ്ഡലം പ്രസിഡന്റ് ബാപ്പു ഡയമണ്ട് അധ്യക്ഷത വഹിച്ചു. ഇന്ന്  ഒപ്പുശേഖരം ഏറ്റുവാങ്ങല്‍ രാവിലെ വേങ്ങരയില്‍ നിന്നാരംഭിച്ച് വിവിധ കേന്ദ്രങ്ങളിലെ പര്യടന ശേഷം താനൂര്‍ സമാപിക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss