|    Mar 26 Sun, 2017 7:07 am
FLASH NEWS

ജില്ലാ ലേബര്‍ ഓഫിനെതിരേ ആക്രമണം: നേതാവിനെ വിട്ടുകിട്ടാന്‍ ആര്‍എസ്എസ് പോലിസ് സ്‌റ്റേഷന്‍ ഉപരോധിച്ചു

Published : 14th October 2016 | Posted By: SMR

തൊടുപുഴ: ഹര്‍ത്താലിനിടെ സര്‍ക്കാര്‍ ഓഫിസ് അടിച്ചുതകര്‍ത്തതിനു പിടിയിലായ നേതാവിനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ആര്‍എസ്എസ് തൊടുപുഴ പോലിസ് സ്‌റ്റേഷന്‍ ഉപരോധിച്ചു. എന്നാല്‍ നേതാവിനെ മേചിപ്പിക്കണമെന്ന സംഘപരിവാര നീക്കം പോലിസിന്റെ കര്‍ക്കശ നിലപാടില്‍ പാളി.
ബലംപ്രയോഗിക്കേണ്ടിവരുമെന്ന പോലിസ് അന്ത്യശാസനത്തെത്തുടര്‍ന്ന് പ്രവര്‍ത്തകര്‍ പിരിഞ്ഞുപോവുകയായിരുന്നു. ഇന്നലെ രാവിലെ ജില്ലാ ലേബര്‍ ഓഫിസ് അടിച്ചുതകര്‍ത്ത സംഭവത്തില്‍ അറസ്റ്റിലായ ആര്‍എസ്എസ് ജില്ലാ സേവക് പ്രമുഖ് എം കെ രാജേന്ദ്രനെ വിട്ടയക്കണമെന്നാവശ്യപ്പെട്ടാണ് സംഘപരിവാരം സ്‌റ്റേഷന്‍ ഉപരോധിച്ചത്. തുടര്‍ന്ന് സംഘര്‍ഷാവസ്ഥയുണ്ടായി. പൊതുമുതല്‍ നശീകരണ നിയമപ്രകാരം കേസെടുത്തയാളെ വിട്ടുതരാനാവില്ലെന്ന് പോലിസ് നിലപാടെടുത്തതോടെ രണ്ടു വട്ടം സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തിയ സംഘപരിവാരപ്രവര്‍ത്തകര്‍ പിന്‍വാങ്ങി. രാജേന്ദ്രനെ സിജെഎം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇന്നലെ ബിജെപി നഗരത്തില്‍ നടത്തിയ പ്രകടനത്തില്‍ സര്‍ക്കാര്‍ ഓഫിസുകളും മറ്റും അടപ്പിക്കുകയും വാഹനങ്ങള്‍ തടയുകയും ചെയ്തിരുന്നു. പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കിയായിരുന്നു പ്രകടനം.
ശേഷം 11.30ഓടെ രാജേന്ദ്രന്‍, രാകേഷ്, സുധാകരന്‍ എന്നിവരുടെ നേതൃത്വത്തിലെത്തിയ 15 അംഗ സംഘം കാഞ്ഞിരമറ്റം കവലയിലെ വാരികാട്ട് ബില്‍ഡിങ്‌സില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ   ലേബര്‍ ഓഫിസിലേക്ക് ഇരച്ചുകയറുകയായിരുന്നു. അസിസ്റ്റന്റ് ലേബര്‍ ഓഫിസര്‍ വി കെ നവാസും നാല് സ്ത്രീകളടക്കമുള്ള ജീവനക്കാരും ഈ സമയം ഓഫിസിലുണ്ടായിരുന്നു. ഇവരെ ഭീഷണിപ്പെടുത്തിയ സംഘം ഓഫിസിലെ കംപ്യൂട്ടറുകള്‍, ഫര്‍ണിച്ചര്‍, ഫയലുകള്‍ തുടങ്ങിയവ തകര്‍ത്തു. പോലിസ് എത്തിയപ്പോഴേക്കും അക്രമികള്‍ സ്ഥലം വിട്ടു.
പിന്നീട് ഒരുമണിയോടെ രാജേന്ദ്രനെ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു മുമ്പില്‍ നിന്ന് സിഐ എന്‍ ജി ശ്രീമോന്റെ നേതൃത്വത്തിലുള്ള പോലിസ് അറസ്റ്റ് ചെയ്തു. ഇതോടെയാണ് സംഘപരിവാരപ്രവര്‍ത്തകര്‍ സ്‌റ്റേഷന് മുമ്പില്‍ തടിച്ചുകൂടിയത്.
ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വന്‍ പോലിസ് സംഘം സ്‌റ്റേഷന് പുറത്ത് നിലയുറപ്പിച്ചു. സ്ഥിതി വഷളാവുന്നുവെന്ന് വിവിധ സ്‌റ്റേഷനുകളില്‍ നിന്നു കൂടുതല്‍ പോലിസിനെ വരുത്തി. ജില്ലാ പോലിസ് മേധാവിയടക്കമുള്ളവരെ ഡിവൈഎസ്പി അടിക്കടി വിവരങ്ങള്‍ ധരിപ്പിച്ചുകൊണ്ടിരുന്നു. ഓഫിസില്‍ അതിക്രമിച്ചു കടന്ന് പൊതുമുതല്‍ നശിപ്പിച്ചയാളെ വിട്ടുകൊടുക്കരുതെന്നായിരുന്നു ലഭിച്ച നിര്‍ദേശം. പോലിസ് ഇക്കാര്യം ബിജെപി നേതാക്കളെ അറിയിച്ചു. ഇതിനിടെ ഇന്ന് ജില്ലാ ഹര്‍ത്താല്‍ പ്രഖ്യാപിക്കാനുള്ള ആലോചനയും നടന്നു. അതിന് ആര്‍എസ്എസ് സംസ്ഥാനനേതൃത്വം അനുമതിനല്‍കിയില്ല.

(Visited 17 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക