|    Nov 20 Tue, 2018 1:51 pm
FLASH NEWS

ജില്ലാ ഭരണകൂടത്തിന് വികസന സമിതിയുടെ അഭിനന്ദനം

Published : 29th July 2018 | Posted By: kasim kzm

കോഴിക്കോട്: കോട്ടയം, ആലപ്പുഴ ജില്ലയില്‍ കനത്ത മഴയില്‍ ദുരിതത്തിലായവര്‍ക്ക് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സഹായമെത്തിക്കുന്ന പദ്ധതിയില്‍ നാടിന്റെ നാനാ ഭാഗത്തു നിന്ന് സഹായവുമായി ജനങ്ങള്‍ എത്തുന്നത് സന്തോഷമുളവാക്കുന്നതായും ജില്ലാഭരണകൂടത്തിന്റെ പ്രവൃത്തി അഭിനന്ദനമര്‍ഹിക്കുന്നതായും എംഎല്‍എമാര്‍ ജില്ലാ വികസന സമിതി യോഗത്തില്‍ അറിയിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ യു വി ജോസ് അധ്യക്ഷത വഹിച്ചു.
കാലവര്‍ഷക്കെടുതിയില്‍ വീട് പൂര്‍ണമായും ഭാഗികമായും നഷ്ടപ്പെട്ടവര്‍ക്ക് അടിയന്തരമായി ധനസഹായം ലഭ്യമാക്കുന്നതിനും കൃഷിനാശം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനും നടപടി ഊര്‍ജിതമാക്കണമെന്ന് ജില്ലാ വികസന സമിതിയില്‍ ആവശ്യമുയര്‍ന്നു. ജില്ലയില്‍ ഇതുവരെ 515 ഹെക്ടര്‍ സ്ഥലത്തായി 13 കോടി 15 ലക്ഷം രൂപയുടെ കൃഷിനാശമാണ് കണക്കാക്കിയിട്ടുള്ളത്. ഇന്‍ഷുര്‍ ചെയ്ത വിളകള്‍ നശിച്ചതിന് 10,140 കര്‍ഷകര്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഇതിനായി 5 കോടി ആവശ്യമാണെന്നും ഫീല്‍ഡ് പരിശോധന നടത്തി കൃഷിനാശം തിട്ടപ്പെടുത്തി വരികയാണെന്നും കേന്ദ്ര സംസ്ഥാന വിഹിതം ലഭ്യമാക്കുന്നതിന് ജില്ലാ കലക്ടര്‍ക്കും കൃഷി ഡയറക്ടര്‍ക്കും അപേക്ഷ സമര്‍പ്പിച്ചതായും പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ വികസന സമിതി യോഗത്തില്‍ അറിയിച്ചു.  പയ്യോളി ശുദ്ധജല വിതരണ പ്രവൃത്തിക്ക് കാലതാമസം നേരിടുന്നതിനാല്‍ കൊയിലാണ്ടി ശുദ്ധജലവിതരണ പദ്ധതിയില്‍ നിന്ന് പൈപ്പ് ലൈന്‍ ദീര്‍ഘിപ്പിക്കുന്ന കാര്യത്തില്‍ വിശദമായ സര്‍വ്വെ നടത്തി ആഗസ്ത് 15 നകം പ്രാഥമിക റിപോര്‍ട്ട് നല്‍കുമെന്ന് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. താമരശ്ശേരി ചുരം റോഡ് തകര്‍ന്ന സാഹചര്യത്തില്‍ വെസ്റ്റ് കൈതപ്പൊയില്‍ ഏഴാം വളവ് വരെ ബൈപാസ് നിര്‍മിക്കുന്നത് സംബന്ധിച്ച വിഷയത്തില്‍ നടപടി ക്രമങ്ങള്‍ ആരംഭിച്ചതായും വിശദമായ സര്‍ക്കാര്‍ അംഗീകാരത്തിനായി സമര്‍പ്പിച്ചതായും ദേശീയപാതാ വിഭാഗം എക്—സിക്യൂട്ടീവ് എന്‍ജിനീയര്‍ യോഗത്തില്‍ അറിയിച്ചു.
കുഞ്ഞിപ്പള്ളി റെയില്‍ വേ മേല്‍പ്പാല നിര്‍മാണം പ്രാഥമിക പ്രവൃത്തി ആരംഭിച്ചതായും മഴയ്ക്ക് ശേഷം പണി പൂര്‍ത്തിയാക്കുമെന്നും റോഡ്—സ് ആന്റ് ബ്രിഡ്ജസ് ഡപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. കടലുണ്ടി ചാലിയം റോഡിലെ കൈയേ റ്റം കണ്ടെത്തിയ സ്ഥലങ്ങളില്‍ ഒരുഭാഗം ഒഴിപ്പിച്ചതായും രണ്ടാമത്തെ ഭാഗം പ്രവൃത്തി പുരോഗമിച്ചു വരികയാണെന്നും കോടതി സ്റ്റേ നിലനില്‍ക്കുന്നതിനാല്‍ കാലതാമസം നേരിടുകയാണെന്നും എക്—സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
ജില്ലയിലെ വില്ലേജ് ഓഫിസുകള്‍ക്ക് ആസ്തി വികസന ഫണ്ടില്‍ നിന്ന് ഒരു ലാപ് ടോപ്പ് അനുവദിക്കുന്നതിന് എംഎല്‍എ ഫണ്ടില്‍ നിന്ന് തുക അനുവദിക്കുന്ന കാര്യം പരിഗണിക്കണമെന്നും നിപാ വൈറസ് ബാധയേറ്റ് മരിച്ച നഴ്‌സ് ലിനിയുടെ ഭര്‍ത്താവ് സജീഷ് ആരോഗ്യവകുപ്പില്‍ ജോലിയില്‍ പ്രവേശിച്ചതായും കലക്ടര്‍ യോഗത്തില്‍ അറിയിച്ചു. ജില്ലാ വികസന സമിതിയില്‍ എംഎല്‍എമാരായ പുരുഷന്‍ കടലുണ്ടി, പി ടി എ റഹിം, വി കെ സി മമ്മദ് കോയ, ജോര്‍ജ് എം തോമസ്, കാരാട്ട് റസാഖ്, ജില്ലാ പ്ലാനിങ് ഓഫിസര്‍ എം എ ഷീല സംസാരിച്ചു. ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss