|    Jul 16 Mon, 2018 6:48 am
FLASH NEWS

ജില്ലാ ബാങ്ക് തളിപ്പറമ്പ് ശാഖയില്‍ മുക്കുപണ്ട തട്ടിപ്പ്

Published : 24th September 2017 | Posted By: fsq

 

തളിപ്പറമ്പ്: കണ്ണൂര്‍ ജില്ലാ ബാങ്കിന്റെ തളിപ്പറമ്പ് മെയിന്‍ ബ്രാഞ്ചില്‍ മുക്കുപണ്ട തട്ടിപ്പ്. സംഭവത്തില്‍ ആരോപണ വിധേയരായ മൂന്നുപേരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. ഞാറ്റുവയലിലെ ഹസന്‍ എന്നയാള്‍ പണയം വച്ച സ്വര്‍ണാഭരണം തിരിച്ചെടുത്തപ്പോള്‍ മുക്കുപണ്ടം നല്‍കിയെന്നാണ് ആരോപണത്തെ തുടര്‍ന്നു നല്‍കിയ അന്വേഷണത്തിലാണ് മുക്കുപണ്ട തട്ടിപ്പ് പുറത്തായത്. ഹസന്‍ ഒമ്പതേ മുക്കാല്‍ പവന്റെ സ്വര്‍ണമാലയാണ് ബാങ്കില്‍ പണയം വച്ചത്. നേരത്തേ പണയംവെച്ച സ്വര്‍ണമാല കാലാവധി എത്തിയതിനെ തുടര്‍ന്ന് ഏതാനും മാസം മുമ്പ് പുതുക്കിവയ്ക്കുകയായിരുന്നു. ഹസന്റെ മരുമകളുടേതായിരുന്നു ആഭരണം. കഴിഞ്ഞ ദിവസം ബാങ്കിലെത്തിയ ഹസന്‍ പണമടച്ച് സ്വര്‍ണമാല തിരിച്ചുവാങ്ങി പരിശോധിച്ചപ്പോഴാണ് ഡിസൈനിലെ മാറ്റം ശ്രദ്ധയില്‍പെട്ടത്. മാത്രമല്ല, മാലയുടെ തൂക്കത്തിലും സംശയം തോന്നിയതിനെ തുടര്‍ന്നു പഴയ സ്വര്‍ണം വാങ്ങുന്ന കടയില്‍ പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്നു വ്യക്തമായത്. ഇതേ തുടര്‍ന്ന് ബാങ്കിലെത്തി വിവരമറിയിച്ചെങ്കിലും ബാങ്ക് അധികൃതര്‍ കൈയ്യൊഴിഞ്ഞു. ബാങ്കില്‍ നിന്ന് സ്വര്‍ണാഭരണം തിരിച്ചെടുക്കുമ്പോള്‍ തന്നെ പരിശോധിച്ച് തങ്ങള്‍ പണയംവച്ച ആഭരണമാണെന്ന് ഉറപ്പുവരുത്തണമെന്നും മണിക്കൂറുകള്‍ക്ക് ശേഷം പരാതി ഉന്നയിച്ചാല്‍ അംഗീകരിക്കാനാവില്ലെന്നു പറഞ്ഞ്തിരിച്ചയക്കുകയായിരുന്നു. തുടര്‍ന്ന് സ്വര്‍ണം പണയം വച്ചവര്‍ തളിപ്പറമ്പ് എസ്‌ഐ ബിനുമോഹന് പരാതി നല്‍കിയതോടെയാണ് തട്ടിപ്പ് പുറത്തായത്. സംഭവത്തെക്കുറിച്ച് ബാങ്കിന്റെ ഉന്നത തലത്തില്‍ നിന്നും നടന്ന അന്വേഷണത്തില്‍ കൂടുതല്‍ ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നില്ല. വെള്ളിയാഴ്ച്ച തന്നെ അന്വേഷണം ആരംഭിച്ചിരുന്നെങ്കിലും ഇന്നലെ വൈകീട്ട് കണ്ണൂര്‍ എആര്‍ ഓഫിസില്‍ നിന്നു നാല് ഉദ്യോഗസ്ഥരെത്തി അവസാന വട്ട പരിശോധന നടത്തി കൂടുതല്‍ ക്രമക്കേടുകള്‍ നടന്നില്ലെന്ന് ഉറപ്പുവരുത്തി. ഇതിനിടെ, ബാങ്ക് അധികൃതര്‍ ഒത്തുതീര്‍പ്പിനെത്തിയത് കൂടുതല്‍ സങ്കീര്‍ണമാക്കി. ചര്‍ച്ചയില്‍ രണ്ടര ലക്ഷം രൂപ സ്വര്‍ണപണയം വച്ചവര്‍ക്ക് നല്‍കാമെന്ന് ബാങ്ക് അധികൃതര്‍ സമ്മതിച്ചതോടെയാണ് തട്ടിപ്പ് നടന്നെന്ന സംശയം ബലപ്പെട്ടത്. ബാങ്കിലെ അസിസ്റ്റന്റ് മാനേജരുടെ പേരിലുളള ചെക്ക് പരാതിക്കാര്‍ക്ക് നല്‍കുകയും പരാതിക്കാര്‍ വെള്ളിയാഴ്ച്ച ചെക്ക് മാറി പണം കൈപ്പറ്റുകയും ചെയ്തിട്ടുണ്ട്. രണ്ടര ലക്ഷം രൂപ നല്‍കിയതും ബാങ്കിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാത്തതും സംശയത്തിന് കാരണമായിട്ടുണ്ട്. നേരത്തേ വളപട്ടണം സഹകരണബാങ്കിലും കരിവെള്ളൂര്‍ ബാങ്കിലും സമാനരീതിയിലുള്ള തട്ടിപ്പ് അരങ്ങേറിയിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss