|    Dec 13 Wed, 2017 12:40 pm
FLASH NEWS

ജില്ലാ ബാങ്ക് ഓഡിറ്റിങില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി

Published : 24th September 2016 | Posted By: SMR

കല്‍പ്പറ്റ: ജില്ലാ ബാങ്ക് ഓഡിറ്റിങില്‍ കണ്ടെത്തിയതു വ്യാപക ക്രമക്കേടുകള്‍. അനുവദിച്ചതിലും അധികം തസ്തികകളില്‍ ജീവനക്കാരെ നിയമിച്ച് ശമ്പളം നല്‍കിയ വകയില്‍ ചെലവായ തുക ബന്ധപ്പെട്ടവരില്‍ നിന്ന് ഈടാക്കണമെന്ന് ഓഡിറ്റ് റിപോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു.
ജില്ലാ ബാങ്കിന്റെ 2015-16ലെ സാമ്പത്തിക-സാമ്പത്തികേതര ഇടപാടുകള്‍ ഓഡിറ്റ് ചെയ്ത് കണ്‍കറന്റ് ഓഡിറ്റര്‍ ജനറല്‍ മാനേജര്‍ക്ക്  നല്‍കിയ റിപോര്‍ട്ടിലാണ് വ്യാപക ക്രമക്കേടുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പലിശ നല്‍കി സ്വീകരിക്കുന്ന നിക്ഷേപങ്ങള്‍ പലിശരഹിത വായ്പയായി കരണി, വൈത്തിരി, കേണിച്ചിറ ഉള്‍പ്പെടെ ബ്രാഞ്ചുകള്‍ക്ക് നല്‍കി, പരിധിയില്‍ വരാത്ത കാര്യങ്ങളില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനങ്ങളെടുക്കുന്നു, നിക്ഷേപങ്ങള്‍ക്ക് അധിക പലിശയും ജീവനക്കാര്‍ക്ക് പലിശരഹിത അഡ്വാന്‍സുകളും നല്‍കുന്നു, രണ്ടു ലക്ഷം രൂപയില്‍ കൂടുതലുള്ള എസ്എച്ച്ജി വായ്പകള്‍ക്കും പ്രാഥമിക സംഘങ്ങള്‍ക്ക് നല്‍കിയ കാര്‍ഷിക പുനര്‍വായ്പകളിലും 2011-12 മുതല്‍ അധിക പലിശ ഈടാക്കുന്നു തുടങ്ങിയവയാണ് കണ്ടെത്തിയത്.
ബ്രാഞ്ചുകളുടെ ഉപയോഗത്തിന് കെട്ടിടങ്ങള്‍ വാടകയ്ക്ക് എടുക്കുന്നതില്‍ നടപടിക്രമങ്ങള്‍ പാലിക്കുന്നില്ല. കംപ്യൂട്ടറുകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും പരിപാലനച്ചെലവ് ക്രമാതീതമായി വര്‍ധിച്ചു. സ്റ്റേഷനറി സാമഗ്രികള്‍ വാങ്ങുന്നതില്‍ പര്‍ച്ചേസ് റൂള്‍ പ്രകാരമുള്ള നടപടിക്രമങ്ങള്‍ പാലിക്കുന്നില്ല.
നഷ്ടത്തിലുള്ള ബ്രാഞ്ചുകള്‍ ലാഭത്തിലാക്കാനും നിക്ഷേപം വര്‍ധിപ്പിക്കാനും നടപടിയില്ല. പുതിയ ബ്രാഞ്ചുകളില്‍ പലതും നഷ്ടത്തിലാണ്. അനുവദിച്ചതിലും കൂടുതല്‍ തുക ബ്രാഞ്ചുകളില്‍ നീക്കിയിരിപ്പായി സൂക്ഷിക്കുന്നുണ്ട്. മുന്‍ ഓഡിറ്റ് റിപോര്‍ട്ടുകളില്‍ തടഞ്ഞ് വസൂല്‍ ചെയ്യാന്‍ നിര്‍ദേശിച്ച തുകകള്‍ ഈടാക്കാന്‍ നടപടിയില്ല. വയനാട് പാക്കേജ് പ്രകാരം സംയുക്ത ബാധ്യതാസംഘങ്ങള്‍ക്ക് നല്‍കുന്നതിന് അനുവദിച്ച റിവോള്‍വിങ് ഫണ്ട് പൂര്‍ണമായി വിനിയോഗിച്ചില്ല. ഒരേ വ്യക്തികള്‍ക്കുതന്നെ നൂറിലധികം അക്കൗണ്ടുകളിലായി പരിധി ലംഘിച്ച് സ്വര്‍ണപ്പണയ വായ്പ നല്‍കിയിട്ടുണ്ട്. ബ്രാഞ്ചുകളില്‍ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി വായ്പകള്‍ക്ക് ഈടായി ചെക് ലീഫുകള്‍ വാങ്ങുന്നു.
വ്യാപാര്‍ സുലഭ് സുരക്ഷിത വായ്പയല്ലാത്തതിനാലും രജിസ്ട്രാറുടെ അംഗീകാരം വാങ്ങാത്തതിനാലും നിര്‍ത്തലാക്കണമെന്ന ശുപാര്‍ശയും റിപോര്‍ട്ടിലുണ്ട്.
ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റില്‍നിന്ന് 3,71,424 രൂപ തിരിച്ചുപിടിക്കാനും ഓഡിറ്റ് റിപോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. പണയ ഉരുപ്പടികള്‍ ലേലത്തില്‍ വിറ്റയിനത്തില്‍ ബാങ്കിന കഴിഞ്ഞ സാമ്പത്തികവര്‍ഷം സംഭവിച്ച 5,12,579 രൂപയുടെ നഷ്ടം ബ്രാഞ്ചുകളില്‍നിന്ന് ഈടാക്കണമെന്നതാണ് റിപോര്‍ട്ടിലെ ശുപാര്‍ശകളില്‍ മറ്റൊന്ന്.
അനുവദിച്ചതിലും കൂടുതല്‍ തസ്തികകള്‍ സൃഷ്ടിച്ചും ഒഴിവുകള്‍ പിഎസ്‌സിയെ അറിയിക്കാതെ പ്രമോഷനിലൂടെയും ബ്രാഞ്ച് മാനേജര്‍മാരെ നിയമിച്ചതായും റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കെപിസിസി നിര്‍വാഹക സമിതി അംഗവും ഡിസിസി മുന്‍ അധ്യക്ഷനുമാണ് ജില്ലാ ബാങ്ക് പ്രസിഡന്റ് കാര്‍ ഉപയോഗം, ടെലിഫോണ്‍ ഉപയോഗം, യാത്രകള്‍ എന്നീ ഇനങ്ങളില്‍ യഥാക്രമം 2,66,462ഉം 5,968ഉം 98,994ഉം രൂപ ഇദ്ദേഹത്തില്‍ നിന്ന് ഈടാക്കണമെന്നാണ് ഓഡിറ്റ് ശൂപാര്‍ശ. ബാങ്ക് ദിവസവേതന ഇനത്തിലും കരാര്‍ വ്യവസ്ഥയിലും നല്‍കിയ 57,85,473 രൂപ ഓഡിറ്റില്‍ തടഞ്ഞ് കരുതല്‍ വച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക