|    Feb 23 Thu, 2017 5:34 pm

ജില്ലാ ബാങ്കില്‍ സഹകരണവകുപ്പ് പരിശോധന തുടരുന്നു

Published : 11th November 2016 | Posted By: SMR

കല്‍പ്പറ്റ: ജില്ലാ ബാങ്കില്‍ സഹകരണ വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന തുടരുന്നു. സംസ്ഥാന സഹകരണ രജിസ്ട്രാറുടെ നിര്‍ദേശമനുസരിച്ച് ജില്ലാ ജോയിന്റ് രജിസ്ട്രാറുടെ നേതൃത്വത്തിലുള്ള 11 അംഗ സംഘമാണ് പരിശോധന നടത്തുന്നത്. രണ്ടു ജോയിന്റ് ഡയറക്ടര്‍മാര്‍, വൈത്തിരി, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി അസിസ്റ്റന്റ് രജിസ്ട്രാര്‍മാര്‍, സഹകരണ ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവരടങ്ങുന്നതാണ് ഉദ്യോഗസ്ഥ സംഘം. കഴിഞ്ഞ ശനിയാഴ്ചയാണ് പരിശോധന ആരംഭിച്ചത്. സംസ്ഥാനത്തെ മറ്റ് ജില്ലാ ബാങ്കുകളിലും പരിശോധന നടന്നുവരികയാണെന്നാണ് വിവരം. നിയമനം, സാമ്പത്തിക അച്ചടക്കരാഹിത്യം, ഭരണനിര്‍വഹണത്തിലെ വീഴ്ച, നിക്ഷേപങ്ങള്‍, അനധികൃത വായ്പ, അനാവശ്യ നിര്‍മാണങ്ങള്‍, വഴിവിട്ട സ്ഥാനക്കയറ്റങ്ങള്‍, മാനദണ്ഡങ്ങള്‍ മറികടന്നുള്ള അഡ്വാസന്‍സുകള്‍ തുടങ്ങി 16 കാര്യങ്ങളിലാണ് പരിശോധന നടത്തുന്നതെന്നു സഹകരണ വകുപ്പ് ഉദ്യോഗസ്ഥരില്‍ ഒരാള്‍ പറഞ്ഞു. ജില്ലാ ബാങ്കിന്റെ 2015-16ലെ സാമ്പത്തിക-സാമ്പത്തികേതര ഇടപാടുകള്‍ ഓഡിറ്റ് ചെയ്ത കണ്‍കറന്റ് ഓഡിറ്റര്‍ ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു. അനുവദിച്ചതിലും കൂടുതല്‍ തസ്തികകള്‍ സൃഷ്ടിച്ചു. ഒഴിവുകള്‍ പിഎസ്‌സിയെ അറിയിക്കാതെ പ്രമോഷനിലൂടെയും ബ്രാഞ്ച് മാനേജര്‍മാരെ നിയമിച്ചു. പലിശ നല്‍കി സ്വീകരിക്കുന്ന നിക്ഷേപങ്ങള്‍ പലിശരഹിത വായ്പയായി ബ്രാഞ്ചുകള്‍ക്ക് നല്‍കി.  പരിധിയില്‍ വരാത്ത കാര്യങ്ങളില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനങ്ങളെടുക്കുന്നു. നിക്ഷേപങ്ങള്‍ക്ക് അധിക പലിശയും ജീവനക്കാര്‍ക്ക് പലിശരഹിത അഡ്വാന്‍സുകളും നല്‍കുന്നു. രണ്ടുലക്ഷം രൂപയില്‍ കൂടുതലുള്ള എസ്എച്ച്ജി വായ്പകള്‍ക്കും പ്രാഥമിക സംഘങ്ങള്‍ക്ക് നല്‍കിയ കാര്‍ഷിക പുനര്‍വായ്പകളിലും 2011-12 മുതല്‍ അധിക പലിശ ഈടാക്കുന്നു. ബ്രാഞ്ചുകളുടെ ഉപയോഗത്തിനു കെട്ടിടങ്ങള്‍ വാടകയ്ക്ക് എടുക്കുന്നതില്‍ നടപടിക്രമങ്ങള്‍ പാലിക്കുന്നില്ല. കംപ്യൂട്ടറുകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും പരിപാലനച്ചെലവ് ക്രമാതീതമായി വര്‍ധിച്ചു. സ്റ്റേഷനറി സാമഗ്രികള്‍ വാങ്ങുന്നതില്‍ പര്‍ച്ചേസ് റൂള്‍ പ്രകാരമുള്ള നടപടിക്രമങ്ങള്‍ പാലിക്കുന്നില്ല. നഷ്ടത്തിലുള്ള ബ്രാഞ്ചുകള്‍ ലാഭത്തിലാക്കാനും നിക്ഷേപം വര്‍ധിപ്പിക്കാനും നടപടിയില്ല. പുതിയ ബ്രാഞ്ചുകളില്‍ പലതും നഷ്ടത്തിലാണ്. അനുവദിച്ചതിലും കൂടുതല്‍ തുക ബ്രാഞ്ചുകളില്‍ നീക്കിയിരിപ്പായി സൂക്ഷിക്കുന്നു. മുന്‍ ഓഡിറ്റ് റിപോര്‍ട്ടുകളില്‍ തടഞ്ഞ് വസൂല്‍ ചെയ്യാന്‍ നിര്‍ദേശിച്ച തുകകള്‍ ഈടാക്കുന്നില്ല. വയനാട് പാക്കേജ് പ്രകാരം സംയുക്ത ബാധ്യതാസംഘങ്ങള്‍ക്ക് നല്‍കുന്നതിന് അനുവദിച്ച റിവോള്‍വിങ് ഫണ്ട് പൂര്‍ണമായി വിനിയോഗിച്ചില്ല. ഒരേ വ്യക്തികള്‍ക്കു തന്നെ നൂറിലധികം അക്കൗണ്ടുകളിലായി പരിധി ലംഘിച്ച് സ്വര്‍ണപ്പണയ വായ്പ നല്‍കി. ബ്രാഞ്ചുകളില്‍ നിര്‍ദേശങ്ങള്‍ക്കു വിരുദ്ധമായി വായ്കള്‍ക്ക് ഈടായി ചെക്ക് ലീഫുകള്‍ വാങ്ങുന്നു തുടങ്ങിയ ക്രമക്കേടുകളാണ് ഓഡിറ്റ് റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയത്. അനുവദിച്ചതിലും അധികം തസ്തികകളില്‍ ജീവനക്കാരെ നിയമിച്ച് ശമ്പളം നല്‍കിയ വകയില്‍ ചെലവായ തുക ബന്ധപ്പെട്ടവരില്‍ നിന്ന് ഈടാക്കണമെന്നു റിപോര്‍ട്ടില്‍ നിര്‍ദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ജില്ലാ ബാങ്കില്‍ ഉദ്യോഗസ്ഥസംഘത്തിന്റെ പരിശോധന. 2015-16ലെ സാമ്പത്തിക-സാമ്പത്തികേതര ഇടപാടുകള്‍ ഓഡിറ്റ് ചെയ്ത കണ്‍കറന്റ് ഓഡിറ്ററാണ് പരിശോധനയ്ക്കു നേതൃത്വം നല്‍കുന്ന ജോയിന്റ് രജിസ്ട്രാറുടെ തസ്തികയിലുള്ളത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക