|    Sep 19 Tue, 2017 10:39 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ജില്ലാ ഫ്‌ളാഗ്ഷിപ്പ് പദ്ധതി; ഫണ്ട് ലഭ്യമാക്കാതെ അനുമതി നല്‍കിയത് അന്വേഷിക്കും

Published : 31st August 2016 | Posted By: SMR

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പൊതുമരാമത്ത് വകുപ്പില്‍ റോഡ്‌നിര്‍മാണത്തിന് ഫണ്ട് ലഭ്യമാക്കാതെ അനുമതി നല്‍കിയതിനെക്കുറിച്ച് സര്‍ക്കാര്‍ തലത്തില്‍ അന്വേഷിക്കുമെന്ന് മന്ത്രി ജി സുധാകരന്‍. അതേസമയം, ആരെയും ശിക്ഷിക്കാനല്ല അന്വേഷണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഡിസ്ട്രിക്റ്റ് ഫഌഗ്ഷിപ്പ് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊജക്റ്റ് വഴി ഒരു ജില്ലയില്‍ ഒരു പ്രവൃത്തിയെന്ന നിലയില്‍ 21 റോഡ് നിര്‍മാണത്തിന് ഫണ്ടില്ലാതെ ഭരണാനുമതി നല്‍കിയതു സംബന്ധിച്ചാണ് അന്വേഷണം നടത്തുക. കേരള റോഡ് ഫണ്ട് ബോര്‍ഡിന് ബജറ്റില്‍ നീക്കിവച്ച തുക 197 കോടി രൂപ മാത്രമാണ്. പെട്രോള്‍, ഡീസല്‍ ഒരു രൂപ സെസ്സിന്റെ 50 ശതമാനം തുകയാണ് റോഡ് നിര്‍മാണത്തിന് നല്‍കുമെന്നു പ്രഖ്യാപിച്ചത്. എന്നാല്‍, ഈ തുക പ്രവൃത്തികളുടെ ആന്വിറ്റി അടയ്ക്കാന്‍ മാത്രമേ തികയൂ.
കൃത്യമായ ഫണ്ട് നീക്കിവയ്ക്കാതെ പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കിയത്, എല്‍ഡിഎഫ് സര്‍ക്കാര്‍ നിയോഗിച്ച മന്ത്രിസഭാ ഉപസമിതി പരിശോധിച്ചുവരുകയാണ്. അതിനാലാണ്, ഈ പ്രവൃത്തികള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചത്. അല്ലാതെ ഈ പ്രവൃത്തികള്‍ റദ്ദാക്കിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
എന്നാല്‍, മലയോര ഹൈവേ നിര്‍മാണത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയിലെ തൊണ്ടയാട് ഫ്‌ളൈ ഓവര്‍ (59 കോടി), രാമനാട്ടുകര ഫ്‌ളൈ ഓവര്‍ (85 കോടി), ആലപ്പുഴ-കൊല്ലം വലിയഴീക്കല്‍ പാലം (146.5 കോടി), ചെറുപുഴപയ്യാവൂര്‍ വള്ളിത്തോട് ഹില്‍ ഹൈവേ (237.20 കോടി), നാടുകാണി പരപ്പനങ്ങാടി റോഡ് (450 കോടി) എന്നിവയ്ക്ക് ആവശ്യമായ തുക നബാര്‍ഡ് വഴി കണ്ടെത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക