|    Mar 20 Tue, 2018 10:04 am
FLASH NEWS

ജില്ലാ പോലിസ് മേധാവിയുടെ ജനസൗഹൃദ സദസ്സ് ; പരാതികളുടെ കെട്ടഴിച്ച് വീട്ടമ്മമാരും വിദ്യാര്‍ഥികളും

Published : 12th November 2016 | Posted By: SMR

തൊടുപുഴ: ജില്ലാ പോലിസ് മേധാവിയുടെ നേതൃത്വത്തില്‍ നടത്തിയ ജനസൗഹൃദ സദസ്സില്‍ ഉന്നയിക്കപ്പെട്ടത് കോളജ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെട്ട കഞ്ചാവ് കേസ് മുതല്‍ അനധികൃത കൈയേറ്റങ്ങള്‍ വരെ.പരാതികളുമായി വീട്ടമ്മമാര്‍ മുതല്‍ വിദ്യാര്‍ഥികള്‍ വരെയാണ് രംഗത്ത് വന്നത് വിവിധ അഭിപ്രായങ്ങളുടെ അടിസ്ഥാനത്തില്‍ ജില്ലയിലെ സ്‌കൂളുകളിലേയും കോളജുകളിലേയും പിടിഎ മീറ്റിങ്ങുകളിലും സബ് ഇന്‍സ്‌പെക്ടര്‍മാര്‍ പങ്കെടുക്കണമെന്ന് ജില്ലാ പോലിസ് മേധാവി എ വി ജോര്‍ജ് നിര്‍ദേശം നല്‍കി.എംഎസ്ഡബ്ല്യു യോഗ്യതയുള്ള പോലിസ് ഓഫിസറുടെ കൗണ്‍സില്‍ സേവനം തൊടുപുഴ ജനമൈത്രിയില്‍ ലഭ്യമാണെന്നും ഉപയോഗപ്പെടുത്തണമെന്നും എസ്പി പറഞ്ഞു.മുനിസിപ്പല്‍ രജിസ്‌ട്രേഷന്‍ ഇല്ലാത്ത ഓട്ടോറിക്ഷകള്‍ തടയുന്നതിനായി ഇന്നു മുതല്‍ ട്രയല്‍ ടെസ്റ്റ് നടത്തും.കുടുംബ ബന്ധം ഊട്ടി ഉറപ്പിച്ചില്ലെങ്കില്‍ സമൂഹം നാശത്തിലേക്ക് കൂപ്പുകുത്തുമെന്ന് മുഖ്യപ്രഭാഷണത്തില്‍ ജില്ലാ പോലിസ് മേധാവി അഭിപ്രായപ്പെട്ടു.പുതുതലമുറയ്ക്കു വേണ്ടി മാതാപിതാക്കളും അധ്യാപകരും സമയം കണ്ടെത്തണം.യുവതലമുറയുടെ ഇടയില്‍ ലഹരി വസ്തുക്കളുടെ ഉപയോഗം വര്‍ധിച്ചു വരുന്നു.ഇതിന് പോലിസിനെയാണ് എല്ലാവരും കുറ്റം പറയുന്നത്.ജില്ലയില്‍ പോലിസ്  കൈക്കൂലി  വാങ്ങുന്നതിനു  സമൂഹവും ഒരു കാരണമാണെന്ന് എവി.ജോര്‍ജ് പറഞ്ഞു.എഴുതി തയ്യാറാക്കിയ ഏഴ് പരാതികള്‍ ഉള്‍പ്പടെ 17 പരാതികള്‍ സദസില്‍ ഉന്നയിക്കപ്പെട്ടു.പരിപാടിയില്‍ ആദ്യ പരാതി നല്‍കിയത് വാര്‍ഡ് കൗണ്‍സിലര്‍ രേണുകാ രാജശേഖരനാണ്. മൂന്ന് മാസങ്ങള്‍ക്ക മുമ്പ് ബ്ലേഡ് മാഫിയ അക്രമിച്ച ഓട്ടോറിക്ഷാ തൊഴിലാളിയുടേയും കുടുംബത്തിന്റേയും പരാതിക്ക് പോലിസ് ഇതുവരെ നടപടി എടുത്തില്ലെന്നായിരുന്നു രേണുകയുടെ ആരോപണം.എത്രയും പെട്ടെന്ന് വേണ്ട നടപടി സ്വീകരിക്കുമെന്ന് പോലിസ് മേധാവി ഉറപ്പ് നല്‍കി. ട്രാഫിക് സിഗ്‌നലുകള്‍ പ്രവര്‍ത്തിക്കത്തത്, ഒട്ടോറിക്ഷാഉന്തുവണ്ടി കച്ചവട കൈയേറ്റം,കസ്റ്റഡി മര്‍ദനം മുതലായ പരാതികളും ഉയര്‍ന്നു.തൊടുപുഴ പോലിസ് സ്‌റ്റേഷനില്‍ വിവരാകാശ നിയമ പ്രകാരം നല്‍കിയ അപേക്ഷയ്ക്ക് മറുപടി നല്‍കാതെ മോശമായി പെരുമാറിയെന്ന് ആരോപിച്ച് വിദ്യാര്‍ഥിയും രംഗത്ത് വന്നു. ഗാന്ധി സ്‌ക്വയര്‍ ഭാഗത്ത് മദ്യപര്‍ അശ്ലീല പ്രദര്‍ശനം നടത്തുന്നു,ഗതാഗത നിയമം ലംഘിച്ചുള്ള വാഹനയാത്ര എന്നി പരാതികളുമായി വിദ്യാര്‍ഥികള്‍ രംഗത്തെത്തി.അവസാനമായി പഠനവും ജോലിയും കഴിഞ്ഞു വരുന്ന പെണ്‍കുട്ടികള്‍ക്ക് നഗരത്തില്‍ സുരക്ഷിതത്വം ഇല്ല എന്ന ആരോപണവുമായ വിദ്യാര്‍ഥിനി രംഗത്തെത്തി.പലപ്പോഴും ആറ് മണി കഴിഞ്ഞെത്തുമ്പോള്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പടെയുള്ളവര്‍ തങ്ങളോട് മോശമായി പെരുമാറുന്നുവെന്ന് വിദ്യാര്‍ഥിനി പറഞ്ഞു. ബസ് കാലിയായാലും ഇരിക്കാന്‍ അനുവധിക്കാതെ തൊടുപുഴ-മൂവാറ്റുപുഴ റൂട്ടിലെ ബസ്സുകാര്‍ വിവേചനം കാണിക്കുന്നതായും വിദ്യാര്‍ഥികള്‍ പരാതി പറഞ്ഞു. ഡിവൈഎസ്പി എന്‍ എന്‍ പ്രസാദ്,സിഐ എന്‍ ജ ശ്രീമോന്‍,എസ്‌ഐ ജോബിന്‍ ആന്റണി,ജനമൈത്രി എസ്.ഐ സാജന്‍,സണ്ണി തെക്കേക്കര, ഇ എ പി വേണു, കെ കെ ബിജു പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss