|    Jun 25 Mon, 2018 7:54 am
FLASH NEWS

ജില്ലാ പോലിസ് ചീഫ് അവധിയില്‍; അക്രമം തുടരുമ്പോഴും കണ്ണൂരില്‍ പോലിസിനു നാഥനില്ല

Published : 13th October 2016 | Posted By: Abbasali tf

കണ്ണൂര്‍: മണിക്കൂറുകളുടെ ഇടവേളകളില്‍ കൊലപാതകങ്ങളും ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും നടക്കുമ്പോഴും ജില്ലയില്‍ ക്രമസമാധാന പാലനത്തിന് നാഥനില്ല. രാഷ്ട്രീയാതിക്രമങ്ങള്‍ തടയാന്‍ മുഖംനോക്കാതെ നടപടിയും റെയ്ഡും നടത്തിയ ജില്ലാ പോലിസ് ചീഫ് കോറി സഞ്ജയ് കുമാര്‍ ഗുരുദിന്‍ അവധിയിലാണ്. എസ്പിയോട് സിപിഎം നേതൃത്വത്തിനുള്ള അനിഷ്ടവും സമ്മര്‍ദവും കാരണമാണ് അദ്ദേഹം അവധിയില്‍ പോയതെന്നാണു സൂചന. മുഖ്യമന്ത്രി പിണറായി വിജയനെതിരേ കരിങ്കൊടി പ്രയോഗം ഉള്‍പ്പെടെയുള്ള പ്രതിഷേധം ഉയര്‍ന്നപ്പോഴും പോലിസ് തലപ്പത്തെ അവധിയാണു തിരിച്ചടിയായത്. അഞ്ചു ദിവസം മുമ്പ് പിണറായി വിജയന്‍ കണ്ണൂരിലെത്തിയപ്പോള്‍ ആദ്യദിവസത്തെ ക്രമസമാധാന പാലനത്തില്‍ എസ്പി തന്നെയാണ് ഉണ്ടായിരുന്നത്. കണ്ണൂരില്‍ കോര്‍പറേഷന്റെ ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെ കരിങ്കൊടി ഉയര്‍ത്തിയതും അദ്ദേഹത്തിന്റെ കണ്‍മുന്നിലായിരുന്നു. പിറ്റേന്നു മുതലാണ് എസ്പി അവധിയില്‍ പ്രവേശിച്ചത്. നേരത്തെ തില്ലങ്കേരിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ മാവില വീട്ടില്‍ വിനീഷ് വെട്ടേറ്റു മരിച്ച സംഭവത്തിലും സിപിഎം പ്രവര്‍ത്തകന്‍ ആലയാട്ടെ ജിജേഷിനെ ബോംബെറിഞ്ഞ് പരിക്കേല്‍പ്പിച്ച സംഭവത്തിലും അന്വേഷണം ജില്ലാ പോലിസ് മേധാവി നേരിട്ട് ഏറ്റെടുത്തത് സിപിഎമ്മില്‍ അസംതൃപ്തിക്കിടയാക്കിയിരുന്നു. ഇരു സംഭവങ്ങളിലും യഥാര്‍ഥ പ്രതികളെ തന്നെ അറസ്റ്റ് ചെയ്യണമെന്ന പോലിസ് ചീഫിന്റെ ഉറച്ച തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടു സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു. അതേസമയം ആലയാട്ടെ സിപിഎം പ്രവര്‍ത്തകന്‍ ജിജേഷിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തിലെ പ്രതികളെ പിടികൂടുന്നതില്‍ അനാസ്ഥ കൂടിയായതോടെ സിപിഎം എസ്പിക്കെതിരേ രംഗത്തെത്തിയിരുന്നു. ഇരു സംഭവങ്ങളിലും പ്രതികളായി പറയപ്പെടുന്നവരെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഹാജരാക്കാമെന്ന രാഷ്ട്രീയ നേതൃത്വത്തിന്റെ നിര്‍ദേശം എസ്പി തള്ളിയതാണ് സിപിഎമ്മിനെ പ്രകോപിപ്പിച്ചത്. സംഭവത്തിലുള്‍പെട്ടവരെ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ നേരിട്ട് അറസ്റ്റ് ചെയ്യണമെന്നാണു ജില്ലാ പോലിസ് ചീഫ് അന്വേഷണ സംഘത്തിന് നല്‍കിയ നിര്‍ദേശം. ഇതിനിടെയാണ്, വീടുകള്‍ കയറിയുള്ള രാത്രികാല പോലിസ് റെയ്ഡിനെതിരേ സിപിഎം രംഗത്തെത്തിയത്. മാത്രമല്ല, തില്ലങ്കേരിയുടെ വിവിധ ഭാഗങ്ങളില്‍ സിപിഎം നിയന്ത്രണത്തിലുള്ള രാഷ്ട്രീയ-സന്നദ്ധ സംഘടനകളുടെ ഓണാഘോഷപരിപാടികള്‍ക്കു വിലക്കേര്‍പ്പെടുത്തിയതും സിപിഎമ്മില്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. രാഷ്ട്രീയ നേതാക്കളുടെ ഇംഗിതത്തിനു വഴങ്ങാത്തതിനാല്‍ എസ്പിയെ മാറ്റാന്‍ സാധ്യതയുണ്ടെന്നു നേരത്തേ റിപോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് ജില്ലാ പോലിസ് ചീഫ് അവധിയില്‍ പ്രവേശിച്ചത്. ആലപ്പുഴ സ്വദേശിയായ ഉന്നത പോലിസ് ഉദ്യോഗസ്ഥനെ ജില്ലാ പോലിസ് ചീഫാക്കാന്‍ നീക്കം നടക്കുന്നതായും സൂചനയുണ്ട്. ഏതായാലും അവധിയില്‍ പ്രവേശിച്ച കോറി സഞ്ജയ് കുമാര്‍ ഗുരുദിന്‍ ജില്ലയില്‍ ചുമതലയേല്‍ക്കാനുള്ള സാധ്യത കുറവാണെന്നാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss