|    May 23 Tue, 2017 12:36 pm
FLASH NEWS

ജില്ലാ പൈതൃക മ്യൂസിയം ഇന്ന് നാടിന് സമര്‍പ്പിക്കും

Published : 26th February 2016 | Posted By: SMR

തൃശൂര്‍: സംസ്ഥാന പുരാവസ്തു വകുപ്പ് ഒരുക്കിയ ജില്ലാ പൈതൃക മ്യൂസിയം ഇന്ന് നാടിന് സമര്‍പ്പിക്കും. കൊല്ലങ്കോട് രാജവംശത്തിലെ അവസാന രാജവായ വാസുദേവരാജ തന്റെ മകള്‍ക്ക് വേണ്ടി പണി കഴിപ്പിച്ച ചെമ്പുക്കാവിലെ കൊല്ലങ്കോട് ഹൗസ് എന്നറിയപ്പെടുന്ന കൊട്ടാരമാണ് ജില്ലാ പൈതൃക മ്യൂസിയമായി പുരാവസ്തു വകുപ്പ് രൂപകല്‍ പന ചെയ്തത്. 1975ലാണ് ഈ കെട്ടിടം പുരാവസ്തു വകുപ്പ് ഏറ്റെടുക്കുന്നത്. 2005ല്‍ പുരാവസ്തു മ്യൂസിയം ശക്തന്‍ തമ്പുരാന്‍ കൊട്ടാരത്തിലേയ്ക്ക് മാറ്റി സ്ഥാപിച്ചു. പിന്നീട് ഇവിടെ മ്യൂറല്‍ ആര്‍ട്ട് സെന്റര്‍ ആയി പ്രവര്‍ത്തിച്ചിരുന്ന സ്ഥലമാണ് ഇനി മുതല്‍ ജില്ലാ പൈതൃകമ്യൂസിയമായി പ്രവര്‍ത്തിക്കുക.
കൊല്ലങ്കോട് ഹൗസിന്റെ പുറം ചുമരിന് ഉള്‍വശത്തായി ഉദ്ദേശം 800 മീറ്റര്‍ നീളത്തില്‍ പത്തടി നീളത്തിലും അഞ്ചടി വീതിയിലുമായി 50ഓളം പാനലുകളിലായി ചെയ്തിരിക്കുന്ന റിലീഫ് ചിത്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന പൈതൃക മതില്‍ ആണ് മ്യൂസിയത്തിന്റെ പ്രധാന ആകര്‍ഷണം. ജില്ലയുടെ ചരിത്രവും സംസ്‌കാരവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് മതിലുകളിലെ രചനകള്‍ക്ക് ആധാരം. വിപുലമായ കാന്‍വാസില്‍ ചിത്രരചനകളുള്ള ആദ്യ പൈതൃക മ്യൂസിയമാണ് ജില്ലയിലേതെന്ന് ജില്ലാ പൈതൃക മ്യൂസിയം ചാര്‍ജ് ഓഫിസര്‍ കെ ഹരികുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തൃശൂരിന്റെ നൃത്തപ്പെരുമ, ഓടുനിര്‍മാണം, കോള്‍പാടങ്ങള്‍, ശക്തന്‍ തമ്പുരാന്‍ കൊട്ടാരം, പുലിക്കളി, കുമ്മാട്ടിക്കളി, മച്ചാട് മാമാങ്കം, കൊടുങ്ങല്ലൂര്‍ ഭരണി, മുസിരിസ്, വൈദേശിക ആഗമനം, അര്‍ണോസ് പാതിരിഭവനം, മേളപ്പെരുമ, മല്‍സ്യബന്ധനം, ഗുരുവായൂര്‍ സത്യഗ്രഹം, ചിലപ്പതികാരം, തോല്‍പ്പാവക്കൂത്ത്, മണ്‍പാത്രനിര്‍മാണം, പുള്ളുവന്‍പാട്ട്, ഓണത്തല്ല്, പട്ടാളം മാര്‍ക്കറ്റ് എന്നിവയാണ് മതിലിനെ സമ്പന്നമാക്കുന്ന ചിത്രങ്ങള്‍. കേരള ലളിതകലാ അക്കാദമിയുടെ നേതൃത്വത്തില്‍ നടത്തിയ മ്യൂറല്‍ റിലീഫ് ക്യാമ്പിലാണ് ഈ ചിത്രങ്ങള്‍ രചിക്കപ്പെട്ടത്. 2014ല്‍ നടന്ന ക്യാമ്പില്‍ കേരളത്തിലെ പ്രശസ്തരായ 30 ചിത്രകാരന്‍മാരാണ് പങ്കെടുത്തത്. ഇവര്‍ക്ക് സഹായികളായി വിവിധ ചിത്രകലാ വിദ്യാലയങ്ങളില്‍ നിന്നായി 30ഓളം വിദ്യാര്‍ഥികളുമുണ്ടായിരുന്നു. കലാവിദ്യാര്‍ത്ഥികള്‍ക്കും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും ഉപകരിക്കുന്ന വിധത്തിലാണ് പൈതൃകമതിലിന്റെ രൂപകല്പന. മ്യൂറല്‍ പെയിന്റിങ്, നാടന്‍ കലാവിജ്ഞാനിയം, തൃശൂര്‍ പൈതൃകം, മെഗാലിത്തിക്, കണ്ണൂര്‍ ഫോക്‌ലോര്‍ അക്കാദമി തയ്യാറാക്കുന്ന ഫോക് ലോര്‍ അക്കാദമി, കുട്ടികളുടെ പാര്‍ക്ക്, കിയോസ്‌ക്, സ്‌റ്റേജ് പ്രോഗ്രാമുകള്‍ക്കായി ഓപണ്‍സ്റ്റേജ്, കല്‍പ്പടവുകള്‍, വൃക്ഷത്തിനും ചുറ്റും കെട്ടിയിരിക്കുന്ന തറകള്‍ എന്നിവയാണ് മ്യൂസിയത്തിന്റെ മറ്റ് പ്രത്യേകതകള്‍. സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി 18 കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഭാരമില്ലാത്ത വസ്തുക്കള്‍ ഉപയോഗിച്ചാണ് ഷോക്കെയ്‌സുകള്‍ നിര്‍മിച്ചിരിക്കുന്നത്. ഇന്ന് വൈകീട്ട് കൊല്ലങ്കോട് ഹൗസ് അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി കെ സി ജോസഫ് പൈതൃക മ്യൂസിയം സമര്‍പ്പണവും പൈതൃകശില്‍പ മതില്‍ സമര്‍പ്പണം സഹകരണ വകുപ്പ് മന്ത്രി സി എന്‍ ബാലകൃഷ്ണനും നിര്‍വഹിക്കും. തേറമ്പില്‍ രാമകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. സി എന്‍ ജയദേവന്‍ എംപി, മേയര്‍ അജിത ജയരാജന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day