|    Jul 22 Sat, 2017 8:32 am
FLASH NEWS

ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതി; ഉല്‍പാദന മേഖലയ്ക്ക് 5.29 കോടി

Published : 30th July 2016 | Posted By: SMR

കല്‍പ്പറ്റ: ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉല്‍പാദന മേഖലയ്ക്ക് പ്രോല്‍സാഹനം. നെല്‍കൃഷി പ്രോല്‍സാഹനത്തിന് ജനറല്‍ വിഭാഗത്തില്‍ രണ്ടു കോടിയും പട്ടികജാതി വിഭാഗത്തില്‍ ‘തരിശുരഹിത വയനാട്’ എന്ന പദ്ധതി പ്രകാരം കാര്‍ഷിക യന്ത്രങ്ങള്‍ നല്‍കുന്നതിനും പരിശീലനത്തിനും 36 ലക്ഷം രൂപയും പട്ടികവര്‍ഗ വിഭാഗത്തില്‍ നെല്‍കൃഷി കൂലിച്ചെലവിനത്തില്‍ 60 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.
ക്ഷീരകര്‍ഷകര്‍ക്ക് പാലിന് സബ്‌സിഡി വിഹിതം നല്‍കുന്നതിന് 72 ലക്ഷം രൂപയും പുഴയോര വൈദ്യുതീകരണത്തിന് 30 ലക്ഷം രൂപയും വകയിരുത്തി. ജില്ലാ കൃഷിഫാമിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് 99,96,160 രൂപ വകയിരുത്തി.
അഗ്രോശ്രീ പദ്ധതിക്ക് 30 ലക്ഷം രൂപയും കുഴിനിലം ജൈവപാര്‍ക്കിന് ഒരു ലക്ഷം രൂപ വീതം നീക്കിവച്ചിട്ടുണ്ട്. ഈ പദ്ധതികള്‍ക്കു മാത്രമായി അഞ്ചു കോടി 29 ലക്ഷം രൂപ ഉല്‍പാദന മേഖലയില്‍ വകയിരുത്തിയിട്ടുണ്ട്.
പന്ത്രണ്ടാം പഞ്ചവല്‍സര പദ്ധതിയുടെ അവസാനവര്‍ഷമായ 2016-17ല്‍ ജില്ലാ പഞ്ചായത്തിന് വികസനഫണ്ടില്‍ ജനറല്‍ വിഭാഗത്തില്‍ 14,00,76,000 രൂപയും പ്രത്യേക ഘടകപദ്ധതിയില്‍ 2,04,33,000 രൂപയും പട്ടികവര്‍ഗ ഉപപദ്ധതിയില്‍ 11,77,96,000 രൂപയും ഉള്‍പ്പെടെ ആകെ 27,83,05, 000 രൂപയാണ് ലഭ്യമായിട്ടുള്ളത്. കൂടാതെ മെയിന്റനന്‍സ് ഗ്രാന്റ് റോഡിനത്തില്‍ 3,91,96, 000 രൂപയും നോണ്‍ റോഡിനത്തില്‍ 9,60,79,000 രൂപയും ലഭ്യമായി.
ഈ തുക കൂടാതെ തനതു ഫണ്ട്, സഹകരണ സ്ഥാപനങ്ങളില്‍ നിന്നുള്ള വായ്പ, മറ്റ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുള്ള വിഹിതം എന്നിവയടക്കം ആകെ 43,68,76,160 രൂപയുടെ കരട് വാര്‍ഷിക പദ്ധതിക്കാണ് ജില്ലാ പഞ്ചായത്ത് വികസന സെമിനാറില്‍ അംഗീകാരം നല്‍കിയത്. സേവനമേഖലയില്‍ പിഎംഎവൈ ഭവന നിര്‍മാണത്തിന് ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് വിഹിതം നല്‍കുന്നതിന് ജനറല്‍ വിഭാഗത്തില്‍ ഒരു കോടി രൂപയും പട്ടികജാതി വിഭാഗത്തില്‍ 60 ലക്ഷം രൂപയും പട്ടികവര്‍ഗ വിഭാഗത്തില്‍ നാലു കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
തോട്ടംതൊഴിലാളികള്‍ക്ക് ഭവനനിര്‍മാണം ലക്ഷ്യമിട്ട് ജില്ലാ പഞ്ചായത്ത് രൂപീകരിച്ച ‘ഇല്ലം’ പദ്ധതിക്ക് ഒരു കോടി രൂപ നീക്കിവച്ചു. ജില്ലാ ആശുപത്രികളില്‍ (അലോപ്പതി, ആയുര്‍വേദം, ഹോമിയോ) ഇന്‍സിനിറേറ്റര്‍ സ്ഥാപിക്കുന്നതിന് 30 ലക്ഷവും ജില്ലാ ആശുപത്രിയില്‍ മാലിന്യ സംസ്‌കരണ പ്ലാന്റിന് 22 ലക്ഷം രൂപയും ഗ്രാമപ്പഞ്ചായത്തുകളുടെ മാലിന്യ സംസ്‌കരണ പ്ലാന്റിന് വിഹിതം നല്‍കുന്നതിന് 50 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.
അങ്കണവാടി കെട്ടിടങ്ങള്‍ക്ക് 45 ലക്ഷം രൂപയും ശാരീരിക-മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് ഉപകരണങ്ങള്‍ നല്‍കുന്നതിന് 20 ലക്ഷം രൂപയും സ്‌നേഹവാഹനം-മുച്ചക്ര വാഹനം നല്‍കുന്നതിന് 25 ലക്ഷം രൂപയും സമഗ്ര വയോജന വികസന പദ്ധതിക്ക് 15 ലക്ഷം രൂപയും ജില്ലാ പഞ്ചായത്ത് ടോട്ടല്‍ ക്വാളിറ്റി മാനേജ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ക്ക് 50 ലക്ഷവും വകയിരുത്തി. ജില്ലയിലെ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളുടെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിനു വേണ്ടി മിഷന്‍ പ്ലസ്‌വണ്‍, കുതിപ്പ്, ഹൈ ഫ്‌ളൈ നോണ്‍ ഡി പ്ലസ്, ഇന്റര്‍നെറ്റ് അറ്റ് ഓള്‍ സ്‌കൂള്‍സ്, വിജ്ഞാന്‍ ജ്യോതി, ശരറാന്തല്‍ പദ്ധതികള്‍ക്ക് 60 ലക്ഷം വകയിരുത്തിയിട്ടുണ്ട്.
കൂടാതെ സ്‌കൂളുകളുടെ അറ്റകുറ്റപ്പണിക്കും വിട്ടുതന്ന സ്ഥാപനങ്ങളുടെ മെയിന്റനന്‍സിനും ആശുപത്രികളില്‍ മരുന്നുകള്‍ ലഭ്യമാക്കുന്നതിനും വേണ്ടി മൂന്നു കോടി 91 ലക്ഷം രൂപ വകയിരുത്തി. ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള വിവിധ റോഡുകളുടെ പുനരുദ്ധാരണത്തിനു വേണ്ടി 9.60 കോടിയാണ് നീക്കിവച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക