|    Apr 21 Sat, 2018 11:33 am
FLASH NEWS

ജില്ലാ പഞ്ചായത്ത് ബജറ്റ്: ആരോഗ്യ- വിദ്യാഭ്യാസ മേഖലക്ക് തലോടല്‍ ; ആദിവാസി, തീരദേശമേഖലകളില്‍ രാത്രി പാഠശാലകള്‍

Published : 21st March 2017 | Posted By: fsq

 

തിരുവനന്തപുരം: ആരോഗ്യ, വിദ്യാഭ്യാസ മേഖലകളെ കേന്ദ്രീകരിച്ച് ജില്ലാ പഞ്ചായത്തിന്റെ 2017-18 വര്‍ഷത്തെ ബജറ്റ്. 177,34,05,143 രൂപ വരവും 176, 47,99,333 രൂപ ചെലവും 86,05, 8 10 മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് ഷൈലജാ ബീഗം അവതരിപ്പിച്ചു. അവതരണത്തിനു മുമ്പ് ബജറ്റ് പ്രസംഗം നല്‍കിയില്ലെന്നാരോപിച്ച് പ്രതിപക്ഷം ബജറ്റ് ബഹിഷ്‌കരിച്ചു. ഉച്ചയ്ക്കു നടന്ന ചര്‍ച്ചയില്‍ പ്രതിപക്ഷത്തിന്റെ അഭാവത്തില്‍ ബജറ്റ് പാസാക്കി.
റവന്യൂ അക്കൗണ്ട് നികുതിയേതര വരവ് ഇനത്തില്‍ 8,14,0 4,433 രൂപയും സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളുടെ സഹായമായി 164,01,33,706 രൂപയും മൂലധന അക്കൗണ്ട് വരവ് ഇനത്തില്‍ 90,00,000 രൂപയും വായ്പനകളും മുന്‍കൂറുമായി 27,56, 250 രൂപയും സിവില്‍ നിക്ഷേപ ഇനത്തില്‍ 3,28,15,224 രൂപയും മുന്‍ബാക്കി 72,95,530 രൂപയും ചേര്‍ത്താണ് ആകെ വരവ് 177,34,05,143 രൂപ കണക്കാക്കിയത്. 28,92,12,449 രൂപയാണ് വിദ്യാഭ്യാസ മേഖലയുടെ വികസനത്തിനായി മാറ്റിവച്ചത്. ആദിവാസി, തീരദേശ മേഖലകളില്‍ 10ാം ക്ലാസ് വിജയശതമാനം കൂട്ടുന്നതിന് രാത്രി പാഠശാലകള്‍ ആരംഭിക്കുമെന്നതാണു പ്രധാന പദ്ധതി.
ഒളിംപിക്‌സ് സ്വര്‍ണം ലക്ഷ്യമിട്ടു സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ സയന്‍സ്, നേച്വര്‍ ക്ലബ്ബുകളുടെ മാതൃകയില്‍ സ്‌പോര്‍ട്ട്‌സ് ക്ലബ്ബുകള്‍ രൂപീകരിക്കും. സിനിമകള്‍ കുട്ടികള്‍ക്കു പരിചയപ്പെടുത്തുന്നതിനും ഡോക്യുമെന്ററികള്‍, ഹ്രസ്വചിത്രങ്ങള്‍ എന്നിവ നിര്‍മിക്കുന്നതിനു പ്രോല്‍സാഹനം നല്‍കുന്നതിനും ദൃശ്യപദ്ധതി നടപ്പാക്കും. ഗ്രന്ഥശാലകളുമായി സഹകരിച്ച് പ്രദര്‍ശനശാലകള്‍ ഒരുക്കും. ഇതിനായി പ്രൊജക്റ്ററും സ്‌ക്രീനും വിതരണം ചെയ്യും. ഗ്രാമീണ ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കും. കുട്ടികളുടെ സഹകരണത്തോടെ പൊതുസ്ഥലങ്ങളില്‍ ഉള്‍പ്പടെ ഫലവൃക്ഷത്തൈകള്‍ വച്ചുപിടിപ്പിക്കാന്‍ ഒരു കോടി തൈകള്‍ വിതരണം ചെയ്യും.
18,36,18,600 രൂപയാണ് ആരോഗ്യ മേഖലയ്ക്ക്. നെടുമങ്ങാട്, പേരൂര്‍ക്കട, വര്‍ക്കല ജില്ലാ ആശുപത്രികളും പട്ടം താണുപിള്ള ജില്ലാ ഹോമിയോ ആശുപത്രിയും വികസിപ്പിച്ച് സാധാരണക്കാരുടെ ആശ്രയ കേന്ദ്രങ്ങളാക്കും. ജന്‍ ഔഷധി മെഡിക്കല്‍ സ്‌റ്റോറുകള്‍ ജില്ലയിലുടനീളം സ്ഥാപിക്കും. ആദ്യഘട്ടമായി 30 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ജന്‍ ഔഷധി സ്‌റ്റോറുകള്‍ ആരംഭിക്കും. ആദിവാസി, തോട്ടം, തീരദേശ മേഖലകളില്‍ ആഴ്ചതോറും സൗജന്യ മെഡിക്കല്‍ ക്യാംപുകള്‍ സംഘടിപ്പിക്കാന്‍ കെയര്‍ ഓ ണ്‍ വീല്‍സ് പദ്ധതി നടപ്പാക്കും. ഇതിനായി മൊബൈല്‍ ഡിസ്‌പെന്‍സറി സര്‍വീസ് സജ്ജീകരിക്കും. കാര്‍ഷിക മേഖലയ്ക്ക് 1,30,91,000 രൂപയും നീക്കിവച്ചു.
2020ല്‍ ജില്ലയെ തരിശുരഹിത, പച്ചക്കറി സ്വയംപര്യാപ്ത ജില്ലയായി പ്രഖ്യാപിക്കും. ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളുമായി ചേര്‍ന്ന് മഴവെള്ള സംഭരണത്തിനും ശുദ്ധജല ലഭ്യത ഉറപ്പുവരുത്തുന്നതിനും മൂന്നു ഘട്ടങ്ങളായി ജലശ്രീ പദ്ധതി നടപ്പാക്കും. തൊഴിലുറപ്പ് പദ്ധതിയുമായി ചേര്‍ന്ന് കുളങ്ങള്‍, കൈത്തോടുകള്‍, അരുവികള്‍ എന്നിവ നവീകരിക്കും. ഇവയുടെ വശങ്ങളില്‍ മണ്ണിടിച്ചില്‍ ഒഴിവാക്കാനായി മുള, ഈറ, കൈത, രാമച്ചം എന്നിവ വച്ചുപിടിപ്പിക്കും. ക്ഷീര, മൃഗസംരക്ഷണത്തിനായി 8,76,90,764 രൂപ വകയിരുത്തി. ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ പദ്ധതിക്ക് 6,42,90,764 രൂപയും മല്‍സ്യബന്ധനത്തിന് 6,47,625 രൂപയും പൊതുമരാമത്തിന് 51,21,38,000 രൂപയുമാണുള്ളത്.
ജില്ലാ പഞ്ചായത്ത് റോഡുകള്‍ ഒരേ രീതിയില്‍ പരിസ്ഥിതി സൗഹൃദമായി പുനര്‍ നിര്‍മിക്കും. സാമൂഹിക ക്ഷേമത്തിന് 6,73,07,464 രൂപ നീക്കിവച്ചപ്പോള്‍ സ്ത്രീസുരക്ഷയും ഭിന്നലിംഗക്കാരുടെ സുരക്ഷയും ഉറപ്പാക്കുന്നുണ്ട്. സ്‌കൂള്‍തലത്തില്‍ പെണ്‍കുട്ടികള്‍ക്ക് നല്‍കുന്ന കരാത്തെ പരിശീലനം വിപുലീകരിക്കും. എല്ലാ സ്‌കൂളുകളിലും ശാസ്ത്രീയമായ കൗണ്‍സലിങ് സംവിധാനത്തോടെ നിര്‍ഭയ ജാഗ്രതാ സമിതികള്‍ രൂപീകരിക്കും. ഹൈസ്‌കൂള്‍ മുതല്‍ ഗവേഷണ വിദ്യാര്‍ഥിനികള്‍ വരെയുള്ളവര്‍ക്കും വനിതകള്‍ക്കും താമസിച്ച് പഠിക്കുന്നതിന് വനിതാ പഠന കേന്ദ്രങ്ങള്‍ സ്ഥാപിക്കും.
ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലെ വനിതാ ജനപ്രതിനിധികള്‍ക്ക് മാതൃകാ പരീശിലന ക്ലാസുകള്‍ സംഘടിപ്പിക്കും. ഭിന്നലിംഗക്കാരുടെ യാത്ര, താമസം, തൊഴില്‍ പരിശീലനം എന്നിവയ്ക്ക് സഹായകമായി സമന്വയ പദ്ധതി നടപ്പാക്കും. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കായി 2,95, 90,914 രൂപയും കലാകായിക യുവജനക്ഷേമം 4,40,27,000 രൂപയും ചെറുകിട വ്യവസായത്തിന് 2,39,18,257 രൂപയും പാര്‍പ്പിടം പദ്ധതിക്കായി 10,25,00,000 രൂപയും വകയിരുത്തി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss