|    Apr 22 Sun, 2018 3:05 am
FLASH NEWS

ജില്ലാ പഞ്ചായത്ത് ബജറ്റ് : നെല്‍കര്‍ഷകര്‍ക്ക് കൂലിച്ചെലവ് സബ്‌സിഡി; പച്ചക്കറി ഉല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത

Published : 1st March 2016 | Posted By: SMR

കൊല്ലം: കാര്‍ഷിക മേഖലയില്‍ നെല്ലുല്‍പ്പാദനത്തിനു ഊന്നല്‍ നല്‍കിക്കൊണ്ടും സമ്പൂര്‍ണ ഭവന പദ്ധതി ലക്ഷ്യമിട്ടും ജില്ലാ പഞ്ചായത്തിന്റെ അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു. നെല്‍കര്‍ഷകര്‍ക്ക് കൂലിച്ചെലവ് സബ്‌സിഡിയായി നല്‍കുമെന്നതാണ് ബജറ്റിലെ പ്രധാന പ്രഖ്യാനം. സമ്പൂര്‍ണ ഭവനപദ്ധതിക്ക് ഒന്നാംഘട്ടമായി 14 കോടി രൂപ വകയിരുത്തിയ ബജറ്റില്‍ സൗരോര്‍ജ്ജത്തില്‍ നിന്നും 1500-2000 യൂനിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന പദ്ധതി നടപ്പാക്കുമെന്നും പറയുന്നു.

ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലും ജില്ലാ പഞ്ചായത്തിന് വിട്ടു കിട്ടിയ എല്ലാ സ്ഥാപനങ്ങളിലും സ്‌കൂളുകളിലും നടപ്പാക്കും. സ്വന്തമായും പാട്ടത്തിനെടും നെല്‍കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകള്‍ വഴി വിത്തും വളവും നല്‍കും. കൂലിച്ചെല് ജില്ലാ പഞ്ചായത്ത് വഹിക്കുന്ന പദ്ധതിക്ക് 75 ലക്ഷം രൂപ മാറ്റിവച്ചു. ജില്ലയിലെ മുഴുവന്‍ പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ അംഗീകൃത ഏജന്‍സി മുഖേന ഭവനം നിര്‍മ്മിച്ച് നല്‍കുന്നതിനായി 50 ലക്ഷം രൂപ വകയിരുത്തി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ജില്ലയെ പച്ചക്കറി ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തമാക്കുന്നതിന് 50 ലക്ഷം രൂപ മാറ്റിവച്ചതായും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ശിവശങ്കരപിള്ള അവതരിപ്പിച്ച ബജറ്റില്‍ പറയുന്നു. മറ്റ് പ്രധാന പ്രഖ്യാപനങ്ങള്‍: മാതാപിതാക്കള്‍, അധ്യാപകര്‍, പോലിസ് എന്നിവരെ ഉള്‍പ്പെടുത്തി സോഫ്റ്റ്‌വെയറിന്റെ സഹായത്തോട് കൂടി സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കൃത്യമായി നിരീക്ഷിക്കുന്നു എന്ന് ബോധ്യപ്പെടുത്തുന്നതിനും മദ്യപാനം, മയക്കുമരുന്ന് എന്നിവയ്‌ക്കെതിരെ ബോധവല്‍ക്കരണവും ലക്ഷ്യമിട്ട് മാതാ-പിതാ-ഗുരു പദ്ധതി നടപ്പാക്കും. ജില്ലയിലെ മണ്‍മറഞ്ഞ പ്രശസ്തരായ എഴുത്തുകാര്‍, കലാകാരന്‍മാര്‍, ചരിത്രകാരന്‍മാര്‍ എന്നിവരുടെ കലാ സാഹിത്യ സംഭാവനകളെ കുറിച്ചുള്ള പഠനത്തിനും ഗവേഷണത്തിനുമായി സാംസ്‌ക്കാരിക മ്യൂസിയം. എല്ലാ ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും മാതൃകാ പദ്ധതി. മിതമായ നിരക്കില്‍ ക്യാനുകളില്‍ കുടിവെള്ളം എത്തിക്കുന്നതിന് ബൃഹദ് പദ്ധതി. അഞ്ചല്‍ ജില്ലാ കൃഷി ഫാമിലും കൊട്ടാരക്കര, കടയ്ക്കല്‍, കരുനാഗപ്പള്ളി കൃഷി ഫാമുകളിലും സീഡ് വെന്റിങ് മെഷീന്‍ സ്ഥാപിക്കും. കൃഷി ഫാമുകളില്‍ ഔഷധ കൃഷിത്തോട്ടം സ്ഥാപിക്കും. കുളങ്ങളും ചിറകളും ആഴം കൂട്ടി സംരക്ഷിക്കുന്നതിനും നവീകരിക്കുന്നതിനുമായി 2 കോടി രൂപ. ഗുണമേന്മയുള്ള പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്യുന്നതിനും ജൈവ പച്ചക്കറി വിപണനം ചെയ്യുന്നതിനും 30 ലക്ഷം രൂപ. അഞ്ചല്‍ ഫാമില്‍ ജൈവ കീടനാശിനി ഉല്‍പ്പാദന യൂണിറ്റ്.
ശൂരനാട് വടക്ക് ഗ്രാമ പഞ്ചായത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന റൈസ് മില്ലിന്റെ പ്രവര്‍ത്തന മൂലധനമായി 1 കോടി രൂപ. ജലസംഭരണികളില്‍ തടയണകള്‍ സൃഷ്ടിച്ച് ജലസേചന സൗകര്യം മെച്ചപ്പെടുത്തും. മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ലേലഹാളിനോടനുബന്ധിച്ച് വനിതകള്‍ക്ക് വിശ്രമസ്ഥലം, ടോയ്‌ലറ്റ്. കുരിയോട്ടുമല, അഞ്ചല്‍ ഫാമുകളില്‍ ഫാം ടൂറിസം. ഫാമുകളുടെ നവീകരണത്തിന് 4 കോടി. അഞ്ചല്‍ ഫാമില്‍ ഒരു ഹെക്ടര്‍ സ്ഥലത്ത് മോഡല്‍ കാഷ്യു ഫാം. ചക്ക, മരച്ചീനി, നേന്ത്രക്കായ എന്നിവയില്‍ നിന്ന് മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങള്‍ നിര്‍മ്മിച്ച് നല്‍കുന്നതിനായി ഫുഡ് ടെക്‌നോളജി ഇന്‍സ്റ്റിറ്റിയൂട്ട്. പാലുല്‍പാദനം വര്‍ധിപ്പിക്കുന്നതിനും ശുദ്ധമായ പാലിന്റെ ലഭ്യത ഉറപ്പുവരുത്തുന്നതിനുമായി നടപ്പാക്കി വരുന്ന ക്ഷീരാമൃതം പദ്ധതിക്ക് 70 ലക്ഷം രൂപ. ജില്ലാ പഞ്ചായത്തിലെ 26 ഡിവിഷനുകളിലെ തിരഞ്ഞെടുക്കപ്പെട്ട ഒരു ക്ഷീരസംഘത്തിന് വീതം ശീതീകരണ യൂണിറ്റ് വിതരണം ചെയ്യും. ക്ഷീര സംഘങ്ങളില്‍ പാല്‍ അളക്കുന്ന വനിതാ കര്‍ഷകര്‍ക്ക് ഒരു കറവ മാടിന് 40,000 രൂപ നിരക്കില്‍പലിശരഹിത വായ്പ. ക്ഷീര സഹകരണ സംഘങ്ങളില്‍ പാല്‍ അളക്കുന്ന കര്‍ഷകര്‍ക്ക് ലിറ്ററിന് 3 രൂപ ക്രമത്തില്‍ പാല്‍ വിലയില്‍ സബ്‌സിഡി. ജില്ലാ-വിക്‌ടോറിയ ആശുപത്രി, ജില്ലാ ഹോമിയോ ആശുപത്രി, ആയൂര്‍വ്വേദ ആശുപത്രികളുടെ സമഗ്രവികസനത്തിന് 4 കോടി. ജില്ലാ ആശുപത്രികളിലേക്ക് മരുന്നുവാങ്ങാന്‍ 20 ലക്ഷം. ജില്ലാ ആശുപത്രിയില്‍ ക്യാന്‍സര്‍ ഒപി, ക്യന്‍സര്‍ രോഗ നിര്‍ണ്ണയത്തിനുള്ള സൗകര്യങ്ങള്‍, ഡേ കെയര്‍ കീമോതെറാപ്പി യൂണിറ്റും, പാലിയേറ്റീവ് കെയര്‍ യൂണിറ്റും, വാര്‍ഡുകളും തുടങ്ങുന്നതിന് 70 ലക്ഷം. വിക്‌ടോറിയ ആശുപത്രിയില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് വന്ധ്യതാ നിവാരണ ചികില്‍സ. സ്‌കൂളുകള്‍, മാര്‍ക്കറ്റുകള്‍, ജില്ലാപഞ്ചായത്ത് കോമ്പൗണ്ട് എന്നിവിടങ്ങളില്‍ ബയോഗ്യാസ് പ്ലാന്റുകള്‍. പഞ്ചായത്തുകളുമായി സംയുക്തമായി സഹകരിച്ച് ആധുനിക മാലിന്യ സംസ്‌ക്കരണ പ്ലാന്റ്. മുഴുവന്‍ പട്ടികജാതി കോളനികളിലും കുടിവെള്ളം ലഭ്യമാക്കുന്നതിനായി നടപ്പാക്കുന്ന അയ്യങ്കാളി കുടിവെള്ള പദ്ധതി രണ്ടാം ഘട്ടത്തിന് 3 കോടി. സ്വജല്‍ധാര വഴി മുടങ്ങിക്കിടക്കുന്ന കുടിവെള്ള പദ്ധതികള്‍ ഗവണ്‍മെന്റ് അംഗീകാരപ്രകാരം പുനരുജ്ജീവിപ്പിക്കാന്‍ നടപടി. പുതിയ റോഡുകളുടെ നിര്‍മ്മാണത്തിന് 6 കോടി. റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്ക് 16 കോടി. ഓരോ ഡിവിഷനുകളിലും ഓരോ മോഡല്‍ റോഡ്. ജില്ലാ ആസ്ഥാനത്ത് ഒരു ഇന്‍ഡോര്‍ സ്റ്റേഡിയം. മീറ്റ് പ്രോഡക്ട്‌സ് ഓഫ് ഇന്ത്യയുമായി ചേര്‍ന്ന് ശുദ്ധമായ മാംസം ലഭ്യമാക്കുന്നതിന് ഒരു വിപണനകേന്ദ്രം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss