|    Jan 23 Mon, 2017 6:01 am
FLASH NEWS

ജില്ലാ പഞ്ചായത്ത് ബജറ്റ്: ആരോഗ്യ, വിദ്യാഭ്യാസ, മാലിന്യ സംസ്‌കരണ വിഷയങ്ങള്‍ക്കു മുന്‍ഗണന

Published : 1st March 2016 | Posted By: SMR

കൊച്ചി: ജില്ലയിലെ ജനങ്ങളുടെ ആരോഗ്യ, വിദ്യാഭ്യാസ, മാലിന്യപ്രശ്‌നങ്ങള്‍ക്കു മുന്‍ഗണന നല്‍കി എറണാകുളം ജില്ലാ പഞ്ചായത്തിന്റെ 2016-17 വര്‍ഷത്തെ ബജറ്റ് ഇന്നലെ വൈസ്പ്രസിഡന്റ് അബ്ദുള്‍മുത്തലിബ് അവതരിപ്പിച്ചു. യോഗത്തില്‍ ആശ സനില്‍ അധ്യക്ഷയായിരുന്നു.
കാന്‍സര്‍ കരുതലും കണ്ടെത്തലും കാന്‍സര്‍ രോഗനിര്‍ണയ ജില്ല നയവും പ്രഖ്യാപനത്തിനുമായി ഒരുകോടി രൂപ വകയിരുത്തി. ഗ്രാമീണതലത്തില്‍ പരിശോധന ക്യാംപുകള്‍ സംഘടിപ്പിക്കുന്നതിനു പദ്ധതിയില്‍ മുന്‍ഗണന നല്‍കുന്നതാണ്.
ആരോഗ്യവകുപ്പിനെയും സാമൂഹ്യനീതിവകുപ്പിനെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും ആരോഗ്യ സന്നദ്ധ പ്രവര്‍ത്തകരുടെയും ആശ വര്‍ക്കര്‍മാരുടെയും സ്‌പോണ്‍സര്‍മാരുടെയും സഹകരണത്തോടെ എറണാകുളം ജില്ലയെ സംസ്ഥാനത്തെ ആദ്യ കാന്‍സര്‍ രോഗ നിര്‍ണയ ജില്ലയാക്കി മാറ്റുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
212.88 കോടി വരവും 212.01 കോടി ചെലവും 86.89 ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. ബജറ്റിലെ പ്രധാന നിര്‍ദേശങ്ങളും തുകയും:
വികസന മേഖല
ജില്ലയിലെ ജലസ്രോതസുകളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള ജനാധിപന്യ ജലസഭ എന്ന പുത്തന്‍ ആശയം പ്രാവര്‍ത്തികമാക്കുന്നതിന് 82 കോടി രൂപ വകയിരുത്തി.
തെരുവു നായകളുടെ വംശവര്‍ധന തടയുന്നതിന് 30 ലക്ഷം, കേരം കേരമിത്ര എന്ന പേരില്‍ തെങ്ങുകയറ്റം തൊഴിലും തൊഴിലാളിയും പദ്ധതിക്കായി 15 ലക്ഷം, ഗ്രോബാഗ് പച്ചക്കറി കൃഷി പ്രോല്‍സഹാനം എന്റെ കൃഷി 25 ലക്ഷം, മള്‍ട്ടി സ്‌പെഷ്യാലിറ്റി മൃഗാശുപത്രി 160 കോടി, കന്നുകാലി വളര്‍ത്തലും പാല്‍ ഉല്‍പാദനവും പ്രോത്‌സാഹിപ്പിക്കുന്നതിനുള്ള ക്ഷീരപഥം പദ്ധതി ഒരുകോടി, നാട്ടിന്‍പുറങ്ങളില്‍ കാര്‍ഷിക വിപണന പദ്ധതി 20 ലക്ഷം, ഗ്രാമപ്പഞ്ചായത്തുകളില്‍ ഓപ്പണ്‍ സ്‌റ്റേജ് പത്തുലക്ഷം, കാഴ്ചശക്തിയില്ലാത്തവരെ സഹായിക്കുന്നതിനായി ഇരുളില്‍ ഒരു ഇരിപ്പിടം 21 ലക്ഷം, കൊയ്ത്ത് മെതി യന്ത്രങ്ങള്‍ വാങ്ങുന്നതിന് 90 ലക്ഷം, നേര്യമംഗലം ജില്ലാ കൃഷിത്തോട്ടത്തിന് ഒരുകോടി, ആലുവ വിത്തുല്‍പാദന കേന്ദ്രത്തിന് 67 ലക്ഷം, വൈറ്റില ഗവ. കോക്കനട്ട് നഴ്‌സറി ആന്റ് ഫാമിന് 27.60 ലക്ഷം, ഒക്കല്‍ സംസ്ഥാന വിത്തുല്‍പാദന കേന്ദ്രം 12 ലക്ഷം, ജില്ലാ പഞ്ചായത്തിന് കീഴിലുള്ള സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഒരു തെങ്ങിന്‍തൈ നല്‍കുന്നതിനും മറ്റ് ഫലവൃക്ഷത്തൈകളും നല്‍കുന്നതിന് അഞ്ച് ലക്ഷം, മലയാറ്റൂരില്‍ കാര്‍ഷികവിപണി, മലയാറ്റൂരില്‍ ഒഴുകുന്ന പൂന്തോട്ടം, പൊക്കാളി നെല്‍ക്കൃഷി 40 ലക്ഷം.
ക്ഷേമകാര്യം, സാമൂഹ്യനീതി
ഭിന്നശേഷിക്കാര്‍ക്കു മുച്ചക്ര വാഹനം നല്‍കുന്ന രാജഹംസം പദ്ധതി 1.86 കോടി, അനാഥലയങ്ങള്‍ക്ക് ധനദാന പദ്ധതി 3.50 കോടി, ജില്ലയിലെ ബഡ്‌സ് സ്‌കൂളുകള്‍ക്ക് 20 ലക്ഷം, ക്ഷയരോഗ ചികില്‍സയ്ക്ക് ജീവനികുഞ്ജം 10 ലക്ഷം, വിഭിന്നശേഷിയുള്ളവര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷാ പദ്ധതി വിഭിന്നം 53 ലക്ഷം, ചിരാത് സാമൂഹ്യ സുരക്ഷാ പദ്ധതി, വയോജനങ്ങള്‍ക്കായി വയോധര്‍മം ജാഗ്രത പരിപാടി, വയോധിക സദിരുകള്‍ പദ്ധതി ഒരു ലക്ഷം.
പട്ടികജാതി,
പട്ടികവര്‍ഗ മേഖല
പ്ലസ്‌വണ്‍, പ്ലസ്ടു, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പ് നല്‍കുന്നതിന് വിദ്യാദായനി പദ്ധതി രണ്ടുകോടി, പട്ടികവര്‍ഗ ഹോസ്റ്റല്‍ നവീകരണം 53 ലക്ഷം, എസ്‌സി, എസ്ടി വിദ്യാര്‍ഥികള്‍ക്ക് ഗ്രന്ഥദാനം പദ്ധതി 14 ലക്ഷം, അവര്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസത്തിന് 50 ലക്ഷം, പട്ടികവര്‍ഗ കോളനികളിലും ആദിവാസി ഊരുകളിലും വിളക്കുമാടം സൗരോര്‍ജ പദ്ധതി 25 ലക്ഷം.
വിദ്യാഭ്യാസം
വിദ്യാലയങ്ങളില്‍ സ്മാര്‍ട്ട്ക്ലാസ് 75 ലക്ഷം, കൃഷിപാഠം പദ്ധതി അഞ്ചുലക്ഷം, വിദ്യാലയങ്ങളില്‍ കുടിവെള്ളത്തിന് പാനാമൃതം പദ്ധതി അഞ്ച് ലക്ഷം, വിദ്യാലയങ്ങളില്‍ സൗരവിളക്കുകള്‍ സ്ഥാപിക്കുന്നതിന് സൂര്യായനം അഞ്ച് ലക്ഷം.
ആരോഗ്യമേഖല
യുവാക്കള്‍ക്ക് കായിക പരിശീലനം അഞ്ച് ലക്ഷം, ആശുപത്രികള്‍ക്ക് മരുന്നു വാങ്ങുന്നതിന് 80 ലക്ഷം, സ്‌നേഹസ്പന്ദനം പാലിയേറ്റീവ് കെയര്‍ പത്തുലക്ഷം, ആലുവ ജില്ലാ ആശുപത്രി ഒന്നരക്കോടി, റോഡരികില്‍ തണല്‍പ്പുരകള്‍ തണ്ണീര്‍പ്പന്തല്‍ 25 ലക്ഷം, ആരോഗ്യ ജാഗ്രതാ പദ്ധതി ഏഴരലക്ഷം, കാഴ്ചവൈകല്യമുള്ളവര്‍ക്കായി ദൃഷ്ടി പദ്ധതി രണ്ടുലക്ഷം, ചലനപരിമിതി നേരിടുന്ന വൃദ്ധര്‍ക്കും കുട്ടികള്‍ക്കുമായി കൈത്താങ്ങ് പദ്ധതി അഞ്ച് ലക്ഷം, എറണാകുളം ജില്ലാ ആയുര്‍വേദ ആശുപത്രി 30 ലക്ഷം, അവിടെ സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിന് അഞ്ച് ലക്ഷം, ജില്ലയിലെ അഞ്ച് ഗ്രാമപഞ്ചായത്തുകളില്‍ ആധുനിക അറവുശാലകള്‍ 12.5 കോടി,
വനിതാമേഖല
വിധവകള്‍ക്ക് കിയോസ്‌കുകള്‍ ഒരുകോടി, തയ്യല്‍പരിശീലന പദ്ധതി 20 ലക്ഷം, കുടുംബശ്രീ പദ്ധതികള്‍ ഒരുകോടി,
റോഡ് അറ്റകുറ്റപ്പണിക്ക്44 കോടി
ജില്ലയിലെ ഗ്രാമീണ പാതകളുടെ വികസനത്തിന് 40.44 കോടി വകയിരുത്തി.
ജില്ലാ പഞ്ചായത്ത് ബജറ്റിന്റെ സഹായനിധി ഇനത്തില്‍ കൂടുതല്‍ തുക വകയിരുത്തിയ വിഭാഗങ്ങളിലൊന്ന് റോഡുകളുടെ അറ്റകുറ്റപ്പണിയാണ്.
ഗ്രാമീണ റോഡുകളുടെ നിലവാരം മെച്ചപ്പെടുത്തുക, ഗതാഗത നിയമ അടയാളങ്ങള്‍ രേഖപ്പെടുത്തുക, റോഡപകടങ്ങള്‍ പരമാവധി കുറയ്ക്കുക, പാലങ്ങള്‍, ചപ്പാത്തുകള്‍, കാനകള്‍ എന്നിവ നിര്‍മിക്കുകയും അറ്റകുറ്റപ്പണി നടത്തുകയും ചെയ്യുക എന്നതാണ് ഉദ്ദേശിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 91 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക