|    Feb 28 Tue, 2017 9:08 am
FLASH NEWS

ജില്ലാ പഞ്ചായത്ത് പദ്ധതി നിര്‍വഹണത്തിനു നിരീക്ഷണ സമിതി

Published : 27th October 2016 | Posted By: SMR

കണ്ണൂര്‍: ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതികളുടെ നിര്‍വഹണം നിരീക്ഷിക്കാന്‍ ജില്ലാ-ഡിവിഷന്‍ തല സമിതികള്‍ രൂപീകരിക്കുന്നു. വിവിധ വികസന-ക്ഷേമ പദ്ധതികളുടെ നിര്‍വഹണം സുതാര്യവും കാര്യക്ഷമവും സമയബന്ധിതവുമായി പൂര്‍ത്തീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സമിതികള്‍ രൂപീകരിക്കുന്നത്.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ പഞ്ചായത്ത് യോഗത്തിലാണു തീരുമാനം. പദ്ധതി നിര്‍വഹണ പുരോഗതി ഓരോ മാസവും വിലയിരുത്തി ആവശ്യമായ നടപടികള്‍ അപ്പപ്പോള്‍ സ്വീകരിക്കുകയും അതുവഴി പ്രായോഗിക തടസ്സങ്ങള്‍ നീക്കുകയുമാണ് ലക്ഷ്യമിടുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും വിവിധ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷന്‍മാര്‍, ജില്ലാതല പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥര്‍, വര്‍ക്കിങ് ഗ്രൂപ്പ് ചെയര്‍മാന്‍മാര്‍, പ്ലാന്‍ കോ-ഓഡിനേറ്റര്‍ എന്നിവര്‍ അംഗങ്ങളുമായാണ് ജില്ലാതല മോണിറ്ററിങ് സമിതി രൂപീകരിക്കുക. സ്റ്റാന്റിങ് കമ്മിറ്റിയുടെ ചുമതലയുള്ള ജില്ലാ പഞ്ചായത്ത് ജീവനക്കാരന്‍ പദ്ധതി നിര്‍വഹണവുമായി ബന്ധപ്പെട്ട പ്രതിമാസ റിപോര്‍ട്ട് സമിതിക്ക് നല്‍കും. ജില്ലാ പഞ്ചായത്തംഗം ചെയര്‍മാനും നിര്‍വഹണ ഉദ്യോഗസ്ഥന്‍ കണ്‍വീനറുമായി രൂപീകരിക്കുന്ന ഡിവിഷന്‍ തല സമിതികളില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്, പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥര്‍/പ്രതിനിധി, നിര്‍വഹണ ഏജന്‍സികളുടെ പ്രതിനിധികള്‍, എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ പ്രതിനിധി, ബന്ധപ്പെട്ട സ്ഥാപന മേധാവികള്‍ തുടങ്ങിയവര്‍ അംഗങ്ങളായിരിക്കും. ഓരോ മാസവും ബ്ലോക്ക്/ഗ്രാമപ്പഞ്ചായത്ത് തലത്തില്‍ ആവശ്യാനുസരണം യോഗം ചേര്‍ന്ന് പുരോഗതി വിലയിരുത്തിയ ശേഷം ജില്ലാതല സമിതിക്ക് റിപോര്‍ട്ട് സമര്‍പ്പിക്കും. ജില്ലയില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന വിവിധ കുടിവെള്ള പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിന് ബന്ധപ്പെട്ട ഏജന്‍സികളെക്കൂടി ഉള്‍പ്പെടുത്തി പ്രത്യേക യോഗം ചേരാനും ജില്ലാ പഞ്ചായത്ത് യോഗം തീരുമാനിച്ചു. കുടിവെള്ളക്ഷാമം എത്തുന്നതിന് മുമ്പ് പദ്ധതികള്‍ പൂര്‍ത്തീകരിക്കാനുള്ള നടപടികള്‍ യോഗം ചര്‍ച്ച ചെയ്യും. ജില്ലാ പഞ്ചായത്തിന്റെ സമഗ്രവിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുനായി 23 ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളെ തിരഞ്ഞെടുത്തു. പെരിങ്ങോം, രയരോം, ശ്രീപുരം, ഇരിക്കൂര്‍, ഉളിക്കല്‍, പാല, ആറളം, മാലൂര്‍, ചിറ്റാരിപ്പറമ്പ്, ചെറുവാഞ്ചേരി, കതിരൂര്‍, പാലയാട്, വേങ്ങാട്, ചാല, എടയന്നൂര്‍, ചട്ടുകപ്പാറ, കണ്ണാടിപ്പറമ്പ്, അഴീക്കോട്, പാപ്പിനിശ്ശേരി, മാട്ടൂല്‍, ചെറുതാഴം, ചുഴലി, മാതമംഗലം എന്നീ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളാണ് ഇതിനായി തിരഞ്ഞെടുക്കപ്പെട്ടത്. ജില്ലയിലെ സര്‍ക്കാര്‍ ഹൈസ്‌കൂളുകളിലും ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും ജില്ലാ പഞ്ചായത്തിന്റെ അറിവോടെ മാത്രമേ ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കാവൂ എന്ന് പ്രധാനാധ്യാപകര്‍ക്കും പ്രിന്‍സിപ്പല്‍മാര്‍ക്കും യോഗം നിര്‍ദേശം നല്‍കി. അനുവാദമില്ലാതെ ഇനിമുതല്‍ നടത്തുന്ന നിയമനങ്ങള്‍ റദ്ദാക്കുമെന്നും യോഗം വ്യക്തമാക്കി. ജില്ലാ പഞ്ചായത്ത് വീഡിയോ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ വൈസ് പ്രസിഡന്റ് പി പി ദിവ്യ, സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷന്‍മാരായ കെ പി ജയബാലന്‍, വി കെ സുരേഷ് ബാബു, ടി ടി റംല, കെ ശോഭ, സെക്രട്ടറി ഇന്‍ ചാര്‍ജ് രാജന്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day