ജില്ലാ പഞ്ചായത്ത് ചെറായി ഡിവിഷനില്‍ ഇക്കുറി തീപാറുന്ന പോരാട്ടം
Published : 28th October 2015 | Posted By: SMR
വൈപ്പിന്‍: നിലനിര്‍ത്താന്‍ യുഡിഎഫും കഴിഞ്ഞ തവണകൈവിട്ട സീറ്റ് പിടിച്ചെടുക്കാന്‍ എല്‍ഡിഎഫും പ്രചാരണ രംഗത്ത് സജീവമായതോടെ ജി ല്ലാ പഞ്ചായത്ത് ചെറായി ഡിവഷനില്‍ ഇക്കുറി തീപാറുന്ന പോരാട്ടം.
ജില്ലയിലെ തീരദേശ ഡിവിഷനായ ചെറായിയില്‍ പള്ളിപ്പുറം പഞ്ചായത്ത് പൂര്‍ണമായും (23 വാര്‍ഡുകള്‍), കുഴുപ്പിള്ളി, എടവനക്കാട് പത്ത് വീതവും നായരമ്പലത്തെ ഒരു വാര്‍ഡും ചേര്‍ന്നുള്ള 44 വാര്‍ഡുകളാണ് ഈ ഡിവിഷനിലുള്ളത്. ആകെ 67,974 വോട്ടര്‍മാരാണുള്ളത്.
ത്രിതല പഞ്ചായത്തിന്റെ ചരിത്രം തുടങ്ങുന്ന 1995ലെ തിരഞ്ഞടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി തുളസി സോമന് കോണ്‍ഗ്രസ്സിലെ ചന്ദ്രമതിയെ തോല്‍പ്പിച്ചതോടെയാണ് എല്‍ഡിഎഫ് ഇവിടെ വിജയം തുടങ്ങിയത്. പിന്നീട് നടന്ന തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിലെ കെ വി എബ്രഹാമിനെ തോല്‍പ്പിച്ച് കോണ്‍ഗ്രസ്സിലെ കെ ആര് സുഭാഷ് ഡിവിഷന് പിടിച്ചെടുത്തു. 2005ല്‍ എല്‍ഡിഎഫിലെ കെവി എബ്രഹാം രണ്ടാമൂഴത്തില്‍ കോണ്‍ഗ്രസ്സിലെ ടിപി ശിവദാസനെ തോല്‍പ്പിച്ച് ഡിവിഷന് എല്‍ഡിഎഫിന് അനുകൂലമാക്കി. കഴിഞ്ഞ തവണ വനിതാ സംവരണമാതോടെ യുഡിഎഫിലെ വിജയമോഹന് എല്‍ഡിഎഫില്‍നിന്ന് പിടിച്ചെടുത്ത ഡിവിഷന് നിലനിര്‍ത്താന്‍ യുഡിഎഫ് ഇക്കുറി രംഗത്തിറക്കിയിരിക്കുന്നത് കെഎസ്യുവിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ സി ആര് സുനിലിനെയാണ്. ഇദ്ദേഹം ആദ്യമായാണ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി കോണ്‍ഗ്രസ് ഐ മണ്ഡലം പ്രസിഡന്റ് എന്നീ നിലകളില്‍ കഴിവുതെളിയിച്ചിട്ടുള്ള സുനില്‍ പൊതുപ്രവര്‍ത്തന രംഗത്ത് സജീവമാണ്.
ഡിവിഷനിലെ പള്ളിപ്പുറം പഞ്ചായത്തിന്റെ ഭരണം എല്ഡിഎഫിനായിരുന്നുവെങ്കില് കുഴുപ്പിള്ളിയും, എടവനക്കാടും ഭരണം യുഡിഎഫിനായിരുന്നു. പള്ളിപ്പുറം പൊതുവെ എല്‍ഡിഎഫ് ശക്തി കേന്ദ്രമാണെങ്കിലും കുഴുപ്പിള്ളി എടവനക്കാട് പഞ്ചായത്തുകളിലെ പിന്തുണ തങ്ങള്‍ക്കൊപ്പമാവുമെന്ന കണക്കുകൂട്ടലിലാണ് യുഡിഎഫ്.
കഴിഞ്ഞ തവണ കൈവിട്ട ഡിവിഷന് തിരിച്ചുപിടിക്കാന്‍ ഇക്കുറി എല്‍ഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത് നിലവിലെ ബ്ലോക്ക് പഞ്ചായത്ത് അംഗവും പൊതുപ്രവര്‍ത്തന രംഗത്ത് സജീവ സാന്നിധ്യവുമായ അയ്യമ്പിള്ളി ഭാസ്ക്കരനെയാണ്. കുഴുപ്പിള്ളി സഹകരണ ബാങ്ക് ഭരണ സമിതിയംഗവും— ഗ്രന്ഥകാരനും കൂടിയായ ഭാസ്കരന്റെ ഏഴു പുസ്തകങ്ങള്‍ പ്രസിദ്ധീകൃതമായിട്ടുണ്ട്. അയ്യമ്പിള്ളി കയര്‍ സഹകരണ സംഘത്തിന്റെ സ്ഥാപക പ്രസിഡന്റാണ്.
സാഹിത്യകാരന്‍കൂടിയായ ഇദ്ദേഹത്തിലൂടെ കഴിഞ്ഞ തവണ കൈവിട്ട സീറ്റ് തിരിച്ചുപിടിക്കാനാവുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്. സ്ഥാനാര്‍ഥികള്‍ പ്രചാരണ രംഗത്ത് സജീവമാണ്. ബിജെപിയുടെ കെ കെ വേലായുധനും, വെല്‍ഫെയര്‍ പാര്‍ട്ടിയുടെ അഡ്വ. ഉമര്‍ നസീഫും മല്‍സരംഗത്തുണ്ട്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.