|    Jan 19 Thu, 2017 10:36 pm
FLASH NEWS

ജില്ലാ പഞ്ചായത്ത് ആര് ഭരിക്കുമെന്ന് ഇന്നറിയാം; ഫലം രാവിലെ പത്തരയോടെ

Published : 29th July 2016 | Posted By: SMR

ഉദുമ: ജില്ലാപഞ്ചായത്ത് ആര് ഭരിക്കുമെന്ന് ഇന്നറിയും. ഉപതിരഞ്ഞെടുപ്പ് നടന്ന ഉദുമ ഡിവിഷനിലെ വോട്ടെണ്ണല്‍ ഇന്ന് രാവിലെ ആരംഭിക്കും. പത്തരയോടെ ഫലം പുറത്തുവരും. രാവിലെ എട്ട് മുതല്‍ ചെമനാട് പഞ്ചായത്ത് മീറ്റിങ് ഹാളിലാണ് വോട്ടെണ്ണല്‍ നടക്കുക. അഞ്ച് ടേബിളുകളിലായി 15 തവണയായാണ് വോട്ടെണ്ണല്‍ നടക്കുക.
ഓരോ ടേബിളിലും ഒരു കൗണ്ടിങ് സൂപ്പര്‍വൈസറെയും കൗണ്ടിങ് അസിസ്റ്റന്റിനെയും കൂടാതെ സ്ഥാനാര്‍ഥിയോ ഏജന്റുമാരോ ഉണ്ടായിരിക്കും. 17 അംഗ ജില്ലാ പഞ്ചായത്തില്‍ നിലവില്‍ യുഡിഎഫ് ഏഴ്, എല്‍ഡിഎഫ് ഏഴ്, ബിജെപി രണ്ട് എന്നിങ്ങനെയാണ് കക്ഷിനില.
ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനായിരുന്ന പാദൂര്‍ കുഞ്ഞാമുഹാജിയുടെ നിര്യാണത്തെ തുടര്‍ന്ന് യുഡിഎഫും എല്‍ഡിഎഫും ഇപ്പോള്‍ ജില്ലാ പഞ്ചായത്തില്‍ ഒപ്പത്തിനൊപ്പമാണ്. നേരത്തെ യുഡിഎഫ് എട്ട്, എല്‍ഡിഎഫ് ഏഴ്, ബിജെപി രണ്ട് എന്നിങ്ങനെയായിരുന്നു കക്ഷിനില. ഉദുമ ഡിവിഷനില്‍ പാദൂര്‍ കുഞ്ഞാമുഹാജിയുടെ മകനും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ ഷാനവാസ് പാദൂരാണ് യുഡിഎഫ് സ്ഥാനാര്‍ഥി. ഐഎന്‍എല്‍-എല്‍ഡിഎഫിലെ മൊയ്തീന്‍ കുഞ്ഞി കളനാട്, ബിജെപിയിലെ ബാബുരാജുമാണ് മാറ്റുരച്ചത്. കഴിഞ്ഞ തവണ ആറായിരത്തില്‍പരം വോട്ടുകള്‍ക്കാണ് പാദൂര്‍ കുഞ്ഞാമുഹാജി ഐഎന്‍എല്ലിലെ എം എ ലത്തീഫിനെ പരാജയപ്പെടുത്തിയത്. യുഡിഎഫിലെ എ ജി സി ബഷീറാണ് നിലവില്‍ ജില്ലാ പഞ്ചായത്ത്പ്രസിഡന്റ്. ഉദുമയില്‍ എല്‍ഡിഎഫ് വിജയിക്കുകയാണെങ്കില്‍ ജില്ലാ പഞ്ചായത്തില്‍ ഭരണമാറ്റം ഉണ്ടാകും. യുഡിഎഫ് വിജയിക്കുകയാണെങ്കില്‍ ഭരണതുടര്‍ച്ചയുണ്ടാകും. അതുകൊണ്ട് തന്നെ ഉദുമ ഉപതിരഞ്ഞെടുപ്പ് ഫലം ഉറ്റുനോക്കുകയാണ് ജില്ലയിലെ രാഷ്ട്രീയ പാര്‍ട്ടികളും ജനങ്ങളും.
61.61 ശതമാനം പോളിങ്
കാസര്‍കോട്: ജില്ലാ പഞ്ചായത്ത് ഉദുമ ഡിവിഷനിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ 61.61 ശതമാനം പോളിങ് രേഖപ്പെടുത്തി.
രാവിലെ ഏഴ് മുതല്‍ വൈകീട്ട് അഞ്ച് വരെ നടന്ന വോട്ടെടുപ്പില്‍ 32,012 പേരാണ് വോട്ട് ചെയ്തത്.
പള്ളിക്കര, ഉദുമ, ചെമനാട് പഞ്ചായത്തുകളിലെ 72 പോളിങ് സ്റ്റേഷനുകളിലായി 51,935 വോട്ടര്‍മാര്‍ക്കാണ് സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ അവസരമുണ്ടായിരുന്നത്.
കഴിഞ്ഞ തവണ 50,925 വോട്ടര്‍മാരില്‍ 37,363 പേര്‍ സമമതിദാനാവകാശം വിനിയോഗിച്ചപ്പോള്‍ 73.37 ശതമാനമായിരുന്നു പോളിങ് നില. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പാദൂര്‍ കുഞ്ഞാമു 18489, എം എ ലത്തീഫ് 12052, എന്‍ ബാബുരാജ് 6131, പി മുഹമ്മദ് കുഞ്ഞി 401, എം ഹുസയ്ന്‍ 237 എന്നിങ്ങനെയാണ് വോട്ടുകള്‍ നേടിയത്.
വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ കനത്ത സുരക്ഷ
ഉദുമ: ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നടക്കുന്ന ചെമനാട് പഞ്ചായത്ത് മീറ്റിങ് ഹാളില്‍ പോലിസ് കനത്ത സുരക്ഷ ഒരുക്കും.
കാസര്‍കോട്, ഹൊസ്ദുര്‍ഗ് ഡിവൈഎസ്പിമാരുടെ കീഴില്‍ വിദ്യാനഗര്‍ സിഐ കെ വി പ്രമോദന്റെ നേതൃത്വത്തില്‍ 32 അംഗ പോലിസ് സേനയെയാണ് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നിയോഗിച്ചിട്ടുള്ളത്. കൂടാതെ രണ്ട് വീതം മൊബൈല്‍ യൂനിറ്റുകളും പിക്കറ്റ് യൂനിറ്റുകളും പ്രദേശത്ത് ക്യാംപ് ചെയ്യും.
രാവിലെ എട്ടിന് ആരംഭിക്കുന്ന വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് കര്‍ശന പരിശോധനയിലൂടെ മാത്രമേ  പ്രവേശനം അനുവദിക്കുകയുള്ളൂ. വോട്ടെണ്ണലിന് ശേഷം അക്രമസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വിദ്യാനഗര്‍ സിഐ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 24 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക