|    Mar 17 Sat, 2018 6:25 pm
FLASH NEWS

ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ ചുമതലയേറ്റു

Published : 13th November 2015 | Posted By: SMR

മലപ്പുറം: ജില്ലാ പഞ്ചായത്തിലെ 32 ഡിവിഷനുകളിലേക്കും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ ഏലംകുളം ഡിവിഷനില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായംകൂടിയ അംഗമായ കെ പി ഹാജറുമ്മയ്ക്ക് വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ ടി ഭാസ്‌കരന്‍ ആദ്യം സത്യവാചകം ചൊല്ലിക്കൊടുത്തു.
പ്രോട്ടെം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഹാജറുമ്മയാണ് തുടര്‍ന്ന് തിരഞ്ഞെടുക്കപ്പെട്ട മറ്റ് അംഗങ്ങളെ പ്രതിജ്ഞ ചെയ്യിപ്പിച്ചത്. തിരഞ്ഞെടുത്ത അംഗങ്ങളെല്ലാം കുടുംബാംഗങ്ങളോടൊത്ത് സത്യപ്രതിജ്ഞ ചടങ്ങിന് എത്തിയതിനാല്‍ ജില്ലാ പഞ്ചായത്ത് ഹാള്‍ നിറഞ്ഞ് കവിഞ്ഞിരുന്നു.
വിവിധ ഡിവിഷനുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഒ ടി ജെയിംസ് (വഴിക്കടവ്), സെറീന മുഹമ്മദലി (ചോക്കാട്), ടി പി അഷ്‌റഫലി (കരുവാരക്കുണ്ട്), ആലിപ്പറ്റ ജമീല (വണ്ടൂര്‍), വി സുധാകരന്‍ (പാണ്ടിക്കാട്), അഡ്വ. ടി കെ റഷീദലി (അങ്ങാടിപ്പുറം), ഉമ്മര്‍ അറക്കല്‍ (ആനക്കയം), എം ടി സലീന (മക്കരപറമ്പ്), എം കെ റഫീഖ (എടയൂര്‍), കെ എം സുഹറ (ആതവനാട്) കെ ദേവിക്കുട്ടി (എടപ്പാള്‍), അഡ്വ. എം ബി ഫൈസല്‍ (ചങ്ങരംകുളം), സമീറ (മാറഞ്ചേരി), അനിത കിഷോര്‍ (മംഗലം), എ ടി സജിത (തിരുനാവായ), വി പി സുലൈഖ (നിറമരുതൂര്‍), വെട്ടം ആലിക്കോയ (രണ്ടത്താണി), ഹനീഫ പുതുപറമ്പ് (പൊന്മുണ്ടം), എ പി ഉണ്ണികൃഷ്ണന്‍ (നന്നമ്പ്ര), സി ജമീല അബൂബക്കര്‍ (എടരിക്കോട്), സെയ്ത് പുല്ലാണി (ഒതുക്കുങ്ങല്‍), സക്കീന പുല്‍പ്പാടന്‍ (പൂക്കോട്ടൂര്‍), സലിം കുരുവമ്പലം (വേങ്ങര), ബക്കര്‍ ചെര്‍ണൂര്‍ (വെളിമുക്ക്), എ കെ അബ്ദുറഹിമാന്‍ (തേഞ്ഞിപ്പലം), സറീന ഹസീബ് (കരിപ്പൂര്‍), പി ആര്‍ രോഹില്‍നാഥ് (വാഴക്കാട്), അഡ്വ. പി വി മനാഫ് (അരീക്കോട്), ഇസ്മായില്‍ മൂത്തേടം (എടവണ്ണ), കെ കെ വിമല (തൃക്കലങ്ങോട്), ഷേര്‍ളി വര്‍ഗീസ് (ചുങ്കത്തറ) എന്നിവര്‍ ക്രമപ്രകാരം പ്രതിജ്ഞ ചെയ്ത് രജിസ്റ്ററുകളില്‍ ഒപ്പുവച്ചു.
തുടര്‍ന്ന് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ ആദ്യയോഗം പ്രോട്ടെം പ്രസിഡന്റ് ഹാജറുമ്മയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അറിയിപ്പ് സെക്രട്ടറി എ അബ്ദുല്ലത്തീഫ് വായിക്കുകയും അംഗങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു.
പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് നവംബര്‍ 19 ന് രാവിലെ 10 നും വൈസ്പ്രസിഡന്റ് സ്ഥാനത്തേക്ക് ഉച്ചയ്ക്ക് രണ്ടിനും ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കും.
സത്യപ്രതിജ്ഞാ ചടങ്ങില്‍ സഹവരണാധികാരി കൂടിയായ എഡിഎം കെ രാധാകൃഷ്ണന്‍, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റ മമ്പാട്, മുന്‍ വൈസ് പ്രസിഡന്റ് പികെ കുഞ്ഞു, മുസ്‌ലീം ലീഗ് ജില്ലാ സെക്രട്ടറി പി അബ്ദുല്‍ഹമീദ്, ജില്ലാപഞ്ചായത്ത് മുന്‍പ്രതിപക്ഷനേതാവ് ഷൗക്കത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss