|    Dec 14 Thu, 2017 5:56 am
FLASH NEWS

ജില്ലാ പഞ്ചായത്തിന് 216 കോടിയുടെ ബജറ്റ്: രണ്ടര കോടി രൂപ മിച്ചം; കൃഷിക്ക് 25 കോടി

Published : 2nd July 2016 | Posted By: SMR

തൃശൂര്‍: ആകെ 216.66 കോടി രൂപയുടെ വരവും 214.16 കോടി രൂപയുടെ ചെലവും പ്രതീക്ഷിക്കുന്ന തൃശൂര്‍ ജില്ലാ പഞ്ചായത്തിന്റെ 2016-17 വര്‍ഷത്തെ ബജറ്റ് ധനകാര്യ വിഭാഗം സ്ഥിരം സമിതി അധ്യക്ഷന്‍ കൂടിയായ വൈസ് പ്രസിഡന്റ് കെ പി രാധാകൃഷ്ണന്‍ അവതരിപ്പിച്ചു. ആകെ 2.5 കോടി രൂപ മിച്ചം പ്രതീക്ഷിക്കുന്നതാണ് ബജറ്റ്.
ജില്ലയിലെ കൃഷി വികസനത്തിനും തരിശ് രഹിത-ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനുമായി 24.93 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിട്ടുളളത്. ഇതില്‍ 14.95 കോടി രൂപ ജനറല്‍ വിഭാഗത്തിനും 9.77 കോടി രൂപ പട്ടികജാതി വിഭാഗത്തിനും 20.16 ലക്ഷം രൂപ പട്ടികവര്‍ഗ്ഗ വിഭാഗത്തിനുമാണ് അനുവദിക്കുക. ഇത് കൂടാതെ നാളികേര കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനും നീര വ്യവസായികാടിസ്ഥാനത്തില്‍ ഉല്‍പ്പാദിപ്പിക്കാനുളള പദ്ധതിക്കുമായി 5 കോടി രൂപ വേറെയും വകയിരുത്തിയിട്ടുണ്ട്.
അത്യുല്‍പ്പാദന ശേഷിയുളള തെങ്ങിന്‍തൈകള്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
ആരോഗ്യ മേഖലയില്‍ വിവിധ പദ്ധതികള്‍ക്കായി 3.75 കോടി രൂപയാണ് നടപ്പ് വര്‍ഷം നടപ്പാക്കുക. പ്രതിമാസ ക്യാന്‍സര്‍ പരിശോധനാ ക്ലിനിക്, വയോജന പരിരക്ഷാ ക്ലിനിക്, സ്ത്രീ ആരോഗ്യ സുരക്ഷാ പദ്ധതി എന്നിവയ്ക്കായി 50 ലക്ഷം രൂപ വീതം ബജറ്റില്‍ നീക്കി വെച്ചിട്ടുണ്ട്. ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട ജില്ലയിലെ അര്‍ഹരായ എല്ലാവര്‍ക്കും വരുന്ന 5 വര്‍ഷത്തിനുളളില്‍ മുച്ചക്ര വാഹനങ്ങള്‍ നല്‍കാന്‍ നടപടിയുണ്ടാകും. ഈ വര്‍ഷം 2 കോടി രൂപയാണ് ഇതിനായി നീക്കിവച്ചിട്ടുളളത്. ഈ വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി 75 ലക്ഷം രൂപയുടെ മറ്റ് ക്ഷേമ പദ്ധതികളും ജില്ലയില്‍ ഈ വര്‍ഷം നടപ്പാക്കും.
ജില്ലയിലെ ജലസ്രോതസ്സുകളെ സംരക്ഷിക്കുന്നതിനും ഭൂഗര്‍ഭ ജലവിതാനം ഉയര്‍ത്തുന്നതിനുമുളള നടപടികള്‍ക്കായി ജലസുരക്ഷാ പദ്ധതി നടപ്പാക്കാനും ജില്ലാ പഞ്ചായത്തിന് പരിപാടിയുണ്ട്. 25 കോടി രൂപയാണ് ഇതിനായി ചെലവഴിക്കുക.
ഊര്‍ജ്ജ പ്രതിസന്ധി നേരിടുന്നതിന് പ്രതേ്യക സൗരോര്‍ജ്ജ പദ്ധതി നടപ്പാക്കുമെന്നും ബജറ്റില്‍ പറയുന്നു. ജില്ലാ പഞ്ചായത്ത് കാര്യാലയം, പഞ്ചായത്തിന് വിട്ടുകിട്ടിയിട്ടുളള വിദ്യാലയങ്ങള്‍, ആശുപത്രികള്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ ഊര്‍ജ്ജ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. 25 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുളളത്.പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കായി സമഗ്ര വിദ്യാഭ്യാസ-തൊഴില്‍ പദ്ധതി നടപ്പാക്കാനും ബജറ്റ് ലക്ഷ്യമിടുന്നു. 19 കോടി രൂപയാണ് ഇതിനായി ചെലവഴിക്കുക.
പദ്ധതിക്ക് കീഴില്‍ പട്ടിക വിഭാഗക്കാരുടെ കോളനികളില്‍ കരിയര്‍ ഗൈഡന്‍സ് കേന്ദ്രങ്ങള്‍ തുടങ്ങും. ഇത് കൂടാതെ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് മാത്രമായി 55 ലക്ഷം രൂപയുടെ പദ്ധതി നടപ്പാക്കും. അവരുടെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനും ലഹരി മുക്ത പ്രവര്‍ത്തനങ്ങള്‍ക്കുമാണ് ഇതില്‍ ഊന്നല്‍ നല്‍കിയിട്ടുളളത്. സ്ത്രീകളുടെയും കുട്ടികളുടെയും സാമൂഹ്യ-സാമ്പത്തിക നില മെച്ചപ്പെടുത്തുന്നതിനുളള 6 കോടി രൂപയുടെയും യുവജന ക്ഷേമപരിപാടികള്‍ക്കായി 5.80 കോടി രൂപയുടെയും സ്‌കൂളുകളില്‍ അധ്യയനം മെച്ചപ്പെടുത്തുന്നതിന് ഒരു കോടി രൂപയുടെയും ടൂറിസം വികസനത്തിനായി 50 ലക്ഷം രൂപയുടെയും ആധുനിക മത്സ്യമാര്‍ക്കറ്റുകള്‍ സ്ഥാപിക്കുന്നതിന് 5 കോടി രൂപയുടെയും പദ്ധതികളാണ് ജില്ലയില്‍ ഈ വര്‍ഷം നടപ്പിലാക്കുക.
ഗ്രാമപ്പഞ്ചായത്തുകള്‍ക്ക് പൊതു ശ്മശാനം നിര്‍മ്മിക്കുന്നതിന് ധനസഹായം നല്‍കാനും ബജറ്റ് വിഭാവനം ചെയ്യുന്നു. ആകെ 25 കോടി രൂപയാണ് ഇതിനായി അനുവദിക്കുക. 2.5 കോടി രൂപയുടെ വയോജനക്ഷേമ പദ്ധതികള്‍, ആധുനിക പ്ലാനറ്റോറിയവും ശാസ്ത്രപാര്‍ക്കും ഉള്‍പ്പെടുന്ന 2 കോടി ചെലവിലുളള വിജ്ഞാന്‍ സാഗര്‍, 10 കോടി ചെലവ് പ്രതീക്ഷിക്കുന്ന പാര്‍പ്പിട പദ്ധതി, 3 കോടി രൂപ ചെലവില്‍ സ്‌പോര്‍ട്ട്‌സ് വികസനത്തിനായി നിര്‍മ്മിക്കുന്ന മൈതാനങ്ങള്‍, ഇന്‍ഡോര്‍ സ്റ്റേഡിയങ്ങള്‍ എന്നിവയും ഈ വര്‍ഷം ജില്ലയില്‍ നടപ്പിലാക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതികളാണ്. മത്സ്യതൊഴിലാളികള്‍ക്ക് വളളം, വല എന്നിവ നല്‍കുന്നതിന് 25 ലക്ഷം രൂപയും അവരുടെ സമഗ്ര ഇന്‍ഷൂറന്‍സ് പദ്ധതിക്കായി 10 ലക്ഷം രൂപയും ബജറ്റില്‍ അനുവദിച്ചിട്ടുണ്ട്.
എറണാകുളം-തൃശൂര്‍ ജില്ലകളിലെ ജനങ്ങളുടെ പൊതു ആവശ്യം എന്ന നിലയില്‍ മുനമ്പം-അഴീക്കോട് ജങ്കാര്‍ സര്‍വ്വീസ് പുനരാരംഭിക്കുന്നതിന് സര്‍ക്കാര്‍ സഹായം ആവശ്യപ്പെടുമെന്ന് ബജറ്റ് ചര്‍ച്ചകള്‍ക്ക് മറുപടി പറഞ്ഞ വൈസ് പ്രസിഡണ്ട് കെ.പി. രാധാകൃഷ്ണന്‍ പറഞ്ഞു.
ബജറ്റിനെക്കുറിച്ചുളള ചര്‍ച്ചകള്‍ക്ക് ശേഷം ജില്ലാ പഞ്ചായത്ത് ഭരണ സമിതി ബജറ്റിന് അംഗീകാരം നല്‍കി. പ്രസിഡന്റ് ഷീല വിജയകുമാര്‍, സ്ഥിരം സമിതി അധ്യക്ഷരായ ജെന്നി ജോസഫ്, കെ ജെ വില്‍സണ്‍, മജ്ഞുള അരുണന്‍, പത്മിനി എന്നിവരും ജില്ലാ പഞ്ചായത്ത് അംഗങ്ങളും പങ്കെടുത്തു. സെക്രട്ടറി എന്‍ എസ് സുധരൂപനും സന്നിഹിതരായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക