|    Jun 22 Fri, 2018 10:49 pm
FLASH NEWS

ജില്ലാ പഞ്ചായത്തിന്റെ കഴിഞ്ഞ അഞ്ചു വര്‍ഷം കേട്ടതും കേള്‍ക്കാനിരിക്കുന്നതും ഇനിഏറെയെന്ന് ‘ഹരിദാസുമാര്‍’

Published : 29th October 2015 | Posted By: SMR

പത്തനംതിട്ട: ജില്ലാ പഞ്ചായത്തിന്റെ കഴിഞ്ഞ അഞ്ച് വര്‍ഷം വിലയിരുത്തിയാല്‍ കേട്ടതും കേള്‍ക്കാനിരിക്കുന്നതും ഇനിയേറെയെന്ന് ഹരിദാസുമാര്‍. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹരിദാസ് ഇടത്തിട്ടയും പ്രതിപക്ഷ നേതാവ് എസ് ഹരിദാസുമാണ് പത്തനംതിട്ട പ്രസ് ക്ലബ്ബിന്റെ തദ്ദേശം15ല്‍ പോര്‍വിളി മുഴക്കിയത്.
ഇ-ടൊയ്‌ലറ്റില്‍ തുടങ്ങി ഇ-ടെന്‍ഡറില്‍ അവസാനിക്കുന്ന വിവാദങ്ങള്‍ക്കിടയിലും സംസ്ഥാനത്ത് ഇതാദ്യമായി ഒരു ജില്ലാ പഞ്ചായത്തിന് ലഭിച്ച ഐഎസ്ഒഅംഗീകാരത്തിലും അവര്‍ മനസു തുറന്നു. ഹരിദാസുമാരുടെ പോരില്‍ കലാശത്തില്‍ അവര്‍ കൈ കൊടുത്ത് പിരിഞ്ഞു. ഇനി നാം പ്രസിഡന്റായും പ്രതിപക്ഷ നേതാവായും ഈ വേദിയില്‍ എത്തില്ലന്ന ഓര്‍മപ്പെടുത്തലോടെ. രണ്ടു പേരും ഇക്കുറി മല്‍സരരംഗത്തില്ല. ആരോപണങ്ങളും മറുപടിയും ഇങ്ങനെ
അഴിമതി, മറുപടി
അഴിമതി ആരോപണം പ്രതിപക്ഷം തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ഉന്നയിച്ചതെന്ന് പ്രസിഡന്റ് പറഞ്ഞു. എല്ലാ തീരുമാനങ്ങളും ഒന്നിച്ചാണ് എടുത്തത്. ചട്ടങ്ങളും നിയമങ്ങളും പാലിച്ചാണ് എല്ലാം ചെയ്തത്. ഇതിന്റെ പേരില്‍ ഏത് അന്വേഷണവും നേരിടാം. അഴിമതി ആരോപണം വിവരാവകാശ നിയമപ്രകാരം കാര്യങ്ങള്‍ ശേഖരിച്ചാണ് ഉന്നയിച്ചതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
കദളീവനം പദ്ധതി , ഇടോയ്‌ലറ്റ് എന്നിവ എസ് ഹരിദാസ് ചൂണ്ടിക്കാട്ടി. മധുരം തേന്‍ പദ്ധതി എന്തായിരുന്നു എന്ന് ഇടത് ഭരണ കാലത്തെ ചൂണ്ടി പ്രസിഡന്റ് പറഞ്ഞു. അതിലെ അഴിമതി ആരാണ് ചെയ്തത്അദ്ദേഹം ചോദിച്ചു. ഇടോയ്‌ലറ്റിലെ പ്രശ്‌നങ്ങള്‍ മാധ്യമങ്ങള്‍ കാണിച്ചു. അത് വരും കാലത്തെ പദ്ധതിയാണ്. ഇതിന് യോഗം വിളിച്ചു. കുറവുകള്‍ മാറ്റി. കോഴഞ്ചേരി ആസ്പത്രിയിലും മറ്റും വളരെ നന്നായി നടക്കുന്നു. ഇതില്‍ എന്താണ് അഴിമതി. ഓണത്തിന് പച്ചക്കറി കുടുംബശ്രീകള്‍ സ്വാശ്രയമായി ചെയ്തതാണ്. വിപണന മൂല്യമല്ല അതിന് നോക്കേണ്ടത്.കൃഷിയിലെ പ്രശ്‌നങ്ങള്‍ കണ്ടപ്പോള്‍ വേണ്ട മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ ഇത് ശരിയല്ലന്ന് എസ് ഹരിദാസ് പറഞ്ഞു. ഇരു കൂട്ടരും തെളിവുകള്‍ നിരത്തി തര്‍ക്കം തുടര്‍ന്നു.
എന്‍ആര്‍എച്ച്എം
ദേശീയ ഗ്രാമീണ ആരോഗ്യമിഷനിലെ അഴിമതി പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. സര്‍വത്ര നാശമാണ് ഇവരുണ്ടാക്കിയത്. അഴിമതിക്ക് എതിരെ താനാണ് ശക്തമായ നടപടി എടുത്തതെന്ന്പ്രസിഡന്റ് പറഞ്ഞു. ഡോ. വിദ്യാധരനെ വിളിച്ച് വരുത്തി ശാസിച്ചു. ഓഡിറ്റിന് ഉത്തരവിട്ടു. അദ്ദേഹത്തെ സര്‍ക്കാര്‍ മാറ്റിയത് തന്റെ നിര്‍ദ്ദേശ പ്രകാരമാണ്. പക്ഷേ ഇതൊക്കെ നേരത്തെ കണ്ടത്തി തടയണമായിരുന്നുവെന്ന് എസ് ഹരിദാസ് വാദിച്ചു.
ഇ-ടെന്‍ഡര്‍
ഇ ടെന്‍ഡര്‍ വിഷയത്തില്‍ രണ്ട് പേരും അവസാനം സമവായത്തില്‍ എത്തി. പഞ്ചായത്തീ രാജ് നിയമപ്രകാരം ഭരണസമിതിക്ക് ടെന്‍ഡര്‍, ഗുണഭോക്തൃസമിതി എന്നിവയിലൊന്ന് തിരഞ്ഞെടുക്കാന്‍ അനുമതി ഉണ്ടെന്ന് ഹരിദാസ് ഇടത്തിട്ട പറഞ്ഞു. താന്‍ ഗുണഭോക്തൃസമിതിയെ പിന്തുണക്കുന്നു. അതിന് തന്റെ ഡിവിഷനിലെ അനുഭവവും അദ്ദേഹം വച്ചു. ഏഴ് ലക്ഷത്തിന്റെ കുളം നവീകരണം നാട്ടുകാരുടെ സമതി മനോഹരമായി പൂര്‍ത്തിയാക്കി പൊതുവിന് മുതല്‍ക്കൂട്ടാക്കി. നെടുംപാറ പദ്ധതി നടത്തിപ്പിന് ഇത് വളരെ സഹായകമായി. ഹൈക്കോടതി പറഞ്ഞത് അഞ്ച് ലക്ഷത്തിന് മേലുള്ള പദ്ധതികള്‍ക്ക് ഇടെണ്ടര്‍ വേണം എന്നാണ്. കോടതിയെ മാനിച്ച് ഇനി വിവാദത്തിനില്ല. ഗുണഭോക്തൃസമിതി മോശമാണന്ന് തനിക്ക് അഭിപ്രായം ഇല്ലന്ന് പ്രതിപക്ഷ നേതാവ് എസ് ഹരിദാസ് പറഞ്ഞു. പക്ഷേ അഴിമതി ഇല്ലാതെ ഇത് നടത്തണം. സുതാര്യത ഉറപ്പാക്കാന്‍ ഇ ടെണ്ടറാണ് നല്ലത്. ഭരണ കക്ഷിക്ക് ഇക്കാര്യത്തില്‍ വ്യക്തത ഇല്ലായിരുന്നു എന്ന് ഹരിദാസ് ആരോപിച്ചു. ഗുണഭോക്തൃസമിതി കൊണ്ട് നല്ല രീതിയില്‍ പദ്ധതി നടപ്പാക്കിയ സ്ഥലങ്ങളുമുണ്ട്.
മൂന്നു പ്രസിഡന്റുമാര്‍
മൂന്ന് പ്രസിഡന്റുമാര്‍ വന്നത് നേട്ടമോ കോട്ടമോ എന്നതായിരുന്നു മാധ്യമങ്ങളുടെ ചോദ്യം. വ്യക്തകളല്ല, യു ഡി എഫ് തീരുമാനിച്ച നയങ്ങളാണ് ഓരോരുത്തരും നടപ്പാക്കിയതെന്ന്ഹരിദാസ് ഇടത്തിട്ട പറഞ്ഞു. ഒരു പ്രസിഡന്റ് ദേശീയ പുരസ്‌കാരം വാങ്ങി, രണ്ടാമത്തെ ആള്‍ കാര്‍ഷിക മേഖലയില്‍ നേട്ടമുണ്ടാക്കി. താനിരിക്കെ ഐ എസ് ഒ അംഗീകാരവും. എന്നാല്‍ വീതം വെപ്പ് കുഴപ്പമുണ്ടാക്കി എന്ന് എസ് ഹരിദാസ് വാദിച്ചു. കോണ്‍ഗ്രസിലെ ഗ്രൂപ്പിസമാണ് പദ്ധതികള്‍ അവതാളത്തില്‍ ആക്കിയത്. എല്ലാ പുരസ്‌കാരവും മേനി പറയാന്‍ മാത്രമാണെന്നും അദ്ദേഹം പരഞ്ഞു.
പദ്ധതി വിഹിതം
പദ്ധതി വിഹിതം വിനിയോഗത്തിലും ആസൂത്രണത്തിലും ഭരണസമിതി പരാജയമായെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. മുട്ടിന്മേല്‍ വച്ചാണ് പദ്ധതി അയച്ചത്. പദ്ധതി വിനിയോഗം 80 ശതമാനത്തിന് മേല്‍ എത്തി ശാക്തീകരണ പുരസ്‌കാരം നേടിയ സമിതിയാണ് ഇറങ്ങുന്നതെന്ന് പ്രസിഡന്റ് പറഞ്ഞു. ഇടത് സമതി ,ഇടത് സര്‍ക്കാരിന്റെ വിലയിരുത്തലില്‍ തന്നെ പതിനാലാമത് ആയിരുന്നു. ഇതില്‍ നിന്ന് കരകയറ്റി. പക്ഷേ കരകയറിയത് അഴിമതിയാണെന്ന് എസ് ഹരിദാസ് വാദിച്ചു. പദ്ധതി വിനിയോഗത്തിന്റെ കണക്ക് കൊണ്ട് ഇരുവരും പയറ്റി. എല്ലാ പഞ്ചായത്തുകളെയും ഏകോപിപ്പിച്ചത് ഈ സമിതിയുടെ നേട്ടമാണെന്ന് ഇടത്തിട്ട പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss