|    Jan 19 Thu, 2017 2:22 pm
FLASH NEWS

ജില്ലാ പഞ്ചായത്തംഗങ്ങള്‍ അധികാരമേറ്റു

Published : 13th November 2015 | Posted By: SMR

വിദ്യാനഗര്‍: പുതുതായി തിരഞ്ഞെടുക്കപ്പെട്ട കാസര്‍കോട് ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ഏറ്റവും മുതിര്‍ന്ന അംഗം എം കേളു പണിക്കരാണ് ആദ്യം പ്രതിജ്ഞ ചെയ്തത്. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ സത്യപ്രതിജ്ഞ ചൊല്ലികൊടുത്തു.
തുടര്‍ന്ന് എം കേളു പണിക്കര്‍ മറ്റുള്ള അംഗങ്ങള്‍ക്ക് പ്രതിജ്ഞ ചൊല്ലികൊടുത്തു. അലി അര്‍ഷാദ് വോര്‍ക്കാടി, പുഷ്പ അമേക്കള, കെ ശ്രീകാന്ത്, ഫരീദ സക്കീര്‍ അഹമ്മദ് എന്നിവര്‍ കന്നടയിലും അഡ്വ. എ പി ഉഷ, എം നാരായണന്‍, ഇ പത്മാവതി, ശാന്തമ്മ ഫിലിപ്പ്, ജോസ് പതാലില്‍, പി പി പത്മജ, പി സി സുബൈദ, ഡോ. വി പി പി മുസ്തഫ, പാദൂര്‍ കുഞ്ഞാമു ഹാജി, സുഫൈജ ടീച്ചര്‍, മുംതാസ് സമീറ, എ ജി സി ബഷീര്‍ എന്നിവര്‍ മലയാളത്തിലും പ്രതിജ്ഞചെയ്തു.
പത്തംഗങ്ങള്‍ ദൈവനാമത്തിലും ഏഴംഗങ്ങള്‍ ദൃഢ പ്രതിജ്ഞയും ചെയ്തു. എംഎല്‍എ മാരായ പി ബി അബ്ദുര്‍റസാഖ്, എന്‍ എ നെല്ലിക്കുന്ന്, മുന്‍ മന്ത്രി സി ടി അഹമ്മദലി, മുന്‍ എംഎല്‍എ മാരായ കെ പി സതീഷ് ചന്ദ്രന്‍, പി രാഘവന്‍, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരായ എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍, അഡ്വ. പി പി ശ്യാമളാദേവി, വിവിധ കക്ഷിനേതാക്കളായ അഡ്വ. സി കെ ശ്രീധരന്‍, കെ വെളുത്തമ്പു, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, എം രാജഗോപാല്‍, പി എ അഷറഫലി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇ പി രാജ്‌മോഹന്‍ സംബന്ധിച്ചു.
സത്യപ്രതിജ്ഞയ്ക്കുശേഷം ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ ആദ്യയോഗം മുതിര്‍ന്ന അംഗം എം കേളുപണിക്കരുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. 19ന് നടത്തുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ച വിജ്ഞാപനം ആദ്യയോഗത്തില്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇ പി രാജ്‌മോഹന്‍ അവതരിപ്പിച്ചു. പ്രസിഡന്റ് തിരഞ്ഞെടുപ്പ് 19ന് രാവിലെ 11നും വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഉച്ചയ്ക്കുശേഷം രണ്ടിനും ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കും.
ജില്ലയിലെ 37 പഞ്ചായത്തുകളിലായി 643 അംഗങ്ങളാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. പൈവളിഗെയില്‍ സത്യപ്രതിജ്ഞ ചടങ്ങ് നടന്നില്ല. കാലാവധി പൂര്‍ത്തിയാകാത്തതിനാല്‍ പൈവളിഗെ പഞ്ചായത്തില്‍ ഡിസംബര്‍ ഒന്നിനാണ് സത്യപ്രതിജ്ഞ. മഞ്ചേശ്വരം പഞ്ചായത്തിലെ അയര്‍ക്കട്ട വാര്‍ഡില്‍ വിജയിച്ച സ്ഥാനാര്‍ഥി മരിച്ചതിനാല്‍ സത്യപ്രതിജ്ഞാ ചടങ്ങ് നടന്നില്ല. ഈ വാര്‍ഡില്‍ ഡിസംബര്‍ എട്ടിന് ഉപതിരഞ്ഞെടുപ്പ് നടക്കും.
ബെള്ളൂര്‍ പഞ്ചായത്തിലെ ഇന്ദുമൂല വാര്‍ഡില്‍ വിജയിച്ച സ്ഥാനാര്‍ഥി ബി ആര്‍ വിശാലാക്ഷി സത്യപ്രതിജ്ഞ ചെയ്തില്ല. അമ്മയുടെ മരണത്തെതുടര്‍ന്നാണ് സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാതിരുന്നത്. അതാത് പഞ്ചായത്ത് വരണാധികാരികള്‍ മുതിര്‍ന്ന അംഗത്തിന് സത്യവാചകം ചൊല്ലിക്കൊടുത്താണ് ചടങ്ങ് നടന്നത്. തുടര്‍ന്ന് മുതിര്‍ന്ന അംഗം മറ്റ് അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 86 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക