|    Jan 19 Thu, 2017 3:56 am
FLASH NEWS

ജില്ലാ കോണ്‍ഗ്രസ്സില്‍ നേതൃമാറ്റം വേണമെന്ന് അംഗങ്ങള്‍

Published : 28th June 2016 | Posted By: SMR

പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ യുഡിഎഫിനേറ്റ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയില്‍ നേതൃമാറ്റം ആവശ്യമെന്ന് അംഗങ്ങള്‍. യുഡിഎഫിന്റെ തോല്‍വിയുടെ ഉത്തരവാദിത്തം ഡിസിസി നേതൃത്വത്തിനാണെന്നും അതിനാല്‍ പ്രസിഡന്റ് രാജിവയ്ക്കണമെന്നും പരാജയകാരണം വിലയിരുത്താനെത്തിയ കെപിസിസി ഉപസമിതിക്കു മുന്നില്‍ ഭൂരിപക്ഷ അംഗങ്ങളും വ്യക്തമാക്കി. ഇന്നലെ രാവിലെ മുതല്‍ ഡിസിസി ഓഫിസിലാണ് പ്രത്യേക സമിതി മൊഴിയെടുത്തത്. കെപിസിസി ഖജാഞ്ചി ജോണ്‍സണ്‍ ഏബ്രഹാം കണ്‍വീനറായ സമിതിയില്‍ ജനറല്‍ സെക്രട്ടറി ബാബുപ്രസാദ്, സെക്രട്ടറി ജയ്‌സണ്‍ ജോസഫ് എന്നിവര്‍ അംഗങ്ങളായിരുന്നു.
എ, ഐ വിഭാഗങ്ങള്‍ പ്രത്യേകം സമിതി അംഗങ്ങളെ കണ്ടാണ് അഭിപ്രായം രേഖപ്പെടുത്തിയത്. തിരഞ്ഞെടുപ്പ് രംഗത്ത് സജീവമായി ഐ വിഭാഗം നിന്നപ്പോള്‍ എ വിഭാഗം ചേരിതിരിഞ്ഞ് നടത്തിയ കാലുവാരല്‍ മൂലമാണ് കോണ്‍ഗ്രസ്സിന് ശക്തമായ വേരോട്ടമുള്ള ജില്ലയില്‍ പരാജയപ്പെടാന്‍ കാരണമെന്ന വിമര്‍ശനം സമിതിക്കുമുന്നില്‍ അംഗങ്ങള്‍ നിരത്തി. എ-വിഭാഗത്തിന് ഡിസിസി പ്രസിഡന്റ് സ്ഥാനം ഇനി നല്‍കരുതെന്നും നല്‍കിയാല്‍ എ-വിഭാഗത്തില്‍തന്നെ ഗ്രൂപ്പുകളിയുണ്ടാവുമെന്നും ഐ വിഭാഗം പറഞ്ഞു.
എന്നാല്‍ ഡിസിസി പ്രസിഡന്റിന് സീറ്റ് നല്‍കാതിരുന്നത് ശരിയായില്ലെന്നും വര്‍ഷങ്ങളുടെ പ്രവര്‍ത്തനപരിചയമുള്ള മോഹന്‍രാജിന് സീറ്റ് നല്‍കേണ്ടതായിരുന്നുവെന്നും അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ സമിതിക്കു മുന്നില്‍ വെളിപ്പെടുത്തി. സ്ഥാനാര്‍ഥികളായിരുന്ന കെ കെ ഷാജു, മറിയാമ്മ ചെറിയാന്‍ എന്നിവരും തെളിവെടുപ്പിന് എത്തിയിരുന്നു. ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ കോന്നിയില്‍ മാത്രമാണ് യുഡിഎഫിന് ജയിക്കാന്‍ കഴിഞ്ഞത്. അതില്‍ ഡിസിസിയുടെ പങ്ക് ഒട്ടുംതന്നെ ഇല്ലായിരുന്നുവെന്ന് അംഗങ്ങള്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സിപിഎമ്മിന്റെ ബി ടീം പോലെയാണ് ഡിസിസി നേതൃത്വം പ്രവര്‍ത്തിക്കുന്നതെന്ന് മുന്‍ എംഎല്‍എ കെ ശിവദാസന്‍ നായര്‍ ആരോപിച്ചു. പ്രധാന തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ നിന്നെല്ലാം ഡിസിസി പ്രസിഡന്റ് മാറിനില്‍ക്കുകയായിരുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നടത്തിയ മുന്നേറ്റത്തെ തകിടം മറിക്കുന്ന രീതിയിലായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രകടനം. ഇതിന് പ്രധാന കാരണം ഡിസിസിയുടെ നിഷ്‌ക്രിയത്വമായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന ആന്റോ ആന്റണി എംപിക്ക് എതിരായി പ്രവര്‍ത്തിച്ചവര്‍ക്ക് സ്ഥാനക്കയറ്റം നല്‍കിയതിലൂടെ പാര്‍ട്ടി ഹിതത്തിനെതിരേ പ്രസിഡന്റ് നടത്തിയ നീക്കം തെളിഞ്ഞിരിക്കുകയാണെന്ന് മൊഴി നല്‍കിയവരില്‍ ചിലര്‍ വ്യക്തമാക്കി.
ഐ വിഭാഗവും മുന്‍ എംഎല്‍എ കെ ശിവദാസന്‍ നായരെ അനുകൂലിക്കുന്ന എ വിഭാഗവുമാണ് ഡിസിസി പ്രസിഡന്റിനെതിരേ ആഞ്ഞടിച്ചത്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഡിസിസി നേതൃത്വം തികഞ്ഞ പരാജയമായിരുന്നു. അതിനാല്‍ പാര്‍ട്ടിക്കുള്ളില്‍ ശുദ്ധികലശം ആവശ്യമാണെന്ന് ഐ വിഭാഗം ചൂണ്ടിക്കാട്ടി. സംഘടനാ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനും നേതൃത്വം അനാസ്ഥകാട്ടി. കമ്മിറ്റിയുടെ പ്രത്യേക യോഗം ഇതുവരെ വിളിച്ചുചേര്‍ത്തിട്ടില്ല. വിഭാഗീയതയ്ക്ക് ആക്കം കൂട്ടുന്ന പ്രവര്‍ത്തനമാണ് പ്രസിഡന്റിന്റെ ഭാഗത്തുനിന്നു ഉണ്ടായിട്ടുള്ളത്. കെപിസിസി ജനറല്‍ സെക്രട്ടറി പഴകുളം മധു, ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് എ ശംസുദ്ദീന്‍, ഡിസിസി വൈസ് പ്രസിഡന്റ് വെട്ടൂര്‍ ജ്യോതിപ്രസാദ്, ജോയിന്റ് സെക്രട്ടറി ജോണ്‍സണ്‍ വിളവിനാല്‍, സതീഷ് ചാത്തങ്കേരി എന്നിവരുടെ നേതൃത്വത്തിലാണ് ഐ വിഭാഗം സമിതി അംഗങ്ങളെ കണ്ടത്. എ ശിവദാസന്‍ നായരുടെ നേതൃത്വത്തില്‍ എം ജി കണ്ണന്‍, ജെറി മാത്യു സാം, വിനീതാ ത്യാഗരാജന്‍, വി ആര്‍ സോജി, കുളന മനോജ് എന്നിവര്‍ സമിതിക്കുമുന്നില്‍ ഡിസിസി പ്രസിഡന്റിനെതിരേ ആഞ്ഞടിച്ചു.
പ്രസിഡന്റ് നടത്തിയ ബോധപൂര്‍വമായ കളികളാണ് ആറന്മുളയിലുണ്ടായ പരാജയത്തിനു കാരണം. നേതൃമാറ്റം അനിവാര്യമാണെന്നും അംഗങ്ങളായ അനില്‍ തോമസ്, എം സി ഷെറീഫ് എന്നിവരെ സംഘടനയില്‍ തുടരാന്‍ അനുവദിക്കരുതെന്നും അവര്‍ ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമാരായ ബാബുജോര്‍ജ്, ഹരിദാസ് ഇടത്തിട്ട എന്നിവരും അഭിപ്രായം വ്യക്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 44 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക