|    Jun 25 Sun, 2017 4:02 am
FLASH NEWS

ജില്ലാ കായികമേളയ്ക്ക് തുടക്കം; മീനങ്ങാടിയും മാനന്തവാടിയും കുതിപ്പ് തുടങ്ങി

Published : 25th November 2016 | Posted By: SMR

മാനന്തവാടി: മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന എട്ടാമത് വയനാട് റവന്യൂ ജില്ല സ്‌ക്കൂള്‍ കായികമേളയ്ക്ക് മാനന്തവാടി ഗവ.വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂള്‍ ഗ്രൗണ്ടില്‍ തുടക്കമായി. 113 ഇനങ്ങളിലായി 800 ഓളം വിദ്യാര്‍ത്ഥികള്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്. ആദ്യ ദിനത്തില്‍ 24 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ആറ് സ്വര്‍ണ്ണവും 4 വെള്ളിയും ഒരു വെങ്കലവും നേടി 43 പോയന്റോടെ മീനങ്ങാടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂള്‍ കുതിപ്പ് തുടങ്ങി. മൂന്ന് സ്വര്‍ണ്ണവും നാല് വെള്ളിയും മുന്ന് വെങ്കലവും കരസ്ഥമാക്കി മുപ്പത് പോയന്റോടെ കാട്ടിക്കുളം ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ രണ്ടാം സ്ഥാനത്തും മൂന്ന് സ്വര്‍ണ്ണവും ഒന്ന് വീതം വെള്ളിയും വെങ്കലവും നേടി പത്തൊന്‍പത് പോയന്റോടെ പയ്യമ്പള്ളി സെന്റ് കാതറിന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂള്‍ മൂന്നാം സ്ഥാനത്തും തുടരുന്നു. കഴിഞ്ഞ വര്‍ഷത്തെ റണ്ണറപ്പായ കാക്കവയല്‍ ജി.എച്ച്.എസ്.എസിന് ഒരു പോയന്റ് നേടാനെ കഴിഞ്ഞുള്ളൂ. ഉപജില്ലാ വിഭാഗത്തില്‍ 85 പോയന്റോടെ മാനന്തവാടി ഒന്നാം സ്ഥാനത്തും 81 പോയന്റോടെ സുല്‍ത്താന്‍ ബത്തേരി രണ്ടാം സ്ഥാനത്തും 33 പോയന്റോടെ വൈത്തിരി മൂന്നാം സ്ഥാനത്തും തുടരുന്നു. ഇന്ന് രാവിലെ മേളയ്ക്ക് ഔദ്യോഗിക തുടക്കമാകും.രാവിലെ 9.30ന് പഴശ്ശികുടീരത്തില്‍ എഎസ്പി ജി ജയദേവ് ദീപശിഖ കൊളുത്തും. കായിക താരങ്ങള്‍ ഏറ്റുവാങ്ങി ഗ്രൗണ്ടില്‍ എത്തിച്ച് സ്ഥാപിക്കും. തുടര്‍ന്ന് മാര്‍ച്ച് പാസ്റ്റ് നടക്കും. ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടര്‍ പി പി തങ്കം പതാകയുയര്‍ത്തും. ഒ ആര്‍ കേളു എം.എല്‍.എ ഉല്‍ഘാടനം ചെയ്യും. നഗരസഭ ചെയര്‍മാന്‍ വി ആര്‍ പ്രവീജ് അധ്യക്ഷത വഹിക്കും. ഇന്ന് 12 ഇനങ്ങളില്‍ പ്രാഥമിക മത്സരങ്ങളും 42 ഇനങ്ങളില്‍ ഫൈനലും നടക്കും ഏറ്റവും വേഗമേറിയ താരങ്ങളെയും അറിയാനാകും. മൂന്നാം ദിവസമായ നാളെ 33 ഇനങ്ങളിലാണ് മത്സരം നടക്കുക.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക