|    Jan 21 Sat, 2017 1:28 am
FLASH NEWS

ജില്ലാ കലക്ടര്‍ സ്പീക്കിങ്: തിരഞ്ഞെടുപ്പിന് മുന്നോടിയായി കലക്ടറുടെ ഫോണ്‍ ഇന്‍ പരിപാടി

Published : 12th April 2016 | Posted By: SMR

പത്തനംതിട്ട: വോട്ടര്‍പട്ടികയില്‍ ഇനി പേരു ചേര്‍ക്കാന്‍ കഴിയുമോ? തിരുവല്ല സ്വദേശി അഭിക്കും ഏഴംകുളം പുതുമല സ്വദേശി വിഷ്ണു രാമചന്ദ്രനും സംശയം. 2016 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയായിട്ടുണ്ടെങ്കില്‍ വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാമെന്ന് ജില്ലാ കലക്ടര്‍. എത്രയും വേഗം അടുത്തുള്ള അക്ഷയ കേന്ദ്രമോ, താലൂക്ക് ഓഫീസോ മുഖേന അപേക്ഷ നല്‍കാമെന്നും ഒരുമാസത്തിനുള്ളില്‍ തിരിച്ചറിയല്‍ കാര്‍ഡ് ലഭ്യമാക്കുമെന്നും കലക്ടര്‍ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍മാരുടെ പ്രതികരണം അറിയുന്നതിന് ജില്ലാ കലക്ടര്‍ എസ് ഹരികിഷോര്‍ ഇന്നലെ നടത്തിയ ഫോണ്‍ ഇന്‍ പരിപാടിയിലാണ് വിളി എത്തിയത്. ഒരു മണിക്കൂറിനിടെ 18 കോളുകളാണ് കലക്ടര്‍ക്ക് ലഭിച്ചത്. ഇതില്‍ തിരഞ്ഞെടുപ്പ് ചട്ടലംഘനങ്ങള്‍ സംബന്ധിച്ച പരാതികള്‍ നാലുമാത്രം. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി റോഡുകള്‍ വരച്ച് വൃത്തികേടാക്കുന്നുവെന്നും വഴിയരികില്‍ സ്തൂപങ്ങള്‍ സ്ഥാപിക്കുന്നെന്നും വള്ളിക്കോട് സ്വദേശി ഹരി പരാതിപ്പെട്ടു. ഇക്കാര്യം പരിശോധിക്കുന്നതിന് തിരഞ്ഞെടുപ്പ് സ്‌ക്വാഡിനെ അയയ്ക്കാമെന്ന് കലക്ടര്‍ മറുപടി നല്‍കി. കടയ്ക്കാട് മത്സ്യ മാര്‍ക്കറ്റ് മാര്‍ച്ച് 31ന് ശേഷം അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്നത് ചട്ടലംഘനമാണെന്ന് പന്തളം സ്വദേശി മനാഫ് പരാതിപ്പെട്ടു. ഇക്കാര്യം പരിശോധിച്ച് വേണ്ട നടപടിയെടുക്കാമെന്ന് കലക്ടര്‍ മറുപടി നല്‍കി. പഞ്ചായത്ത് തിരഞ്ഞെടുപ്പ് സംബന്ധിച്ചായിരുന്നു പന്തളം പറന്തല്‍ സ്വദേശി ഏബ്രഹാമിന്റെ പരാതി. തനിക്കെതിരേ മത്സരിച്ചു വിജയിച്ചയാളുടെ സത്യവാങ്മൂലത്തിലെ വിദ്യാഭ്യാസ യോഗ്യത തെറ്റാണെന്നും ഇതു പരിഗണിച്ച് അയോഗ്യനാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുന്നതിനൊപ്പം കോടതിയെ സമീപിക്കാനും കലക്ടര്‍ നിര്‍ദേശിച്ചു. തിരിച്ചറിയല്‍ കാര്‍ഡിലെ വിലാസം മാറ്റിക്കിട്ടണമെന്നായിരുന്നു ആറന്‍മുള സ്വദേശി രേവതിയുടെ പരാതി. ഇതിന് താലൂക്ക് ഓഫീസിലോ അക്ഷയ കേന്ദ്രങ്ങളിലോ എത്രയും വേഗം അപേക്ഷ നല്‍കാന്‍ കലക്ടര്‍ നിര്‍ദ്ദേശിച്ചു. രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രകടന പത്രികയിലൂടെ മുന്നോട്ട് വയ്ക്കുന്ന വാഗ്ദാനങ്ങള്‍ പാലിച്ചില്ലെങ്കില്‍ എന്തു നടപടിയെടുക്കാനാവുമെന്ന് കൊച്ചി മീഡിയ അക്കാഡമി വിദ്യാര്‍ഥിയായ വിപിന്‍ ചോദിച്ചു. ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്താമെന്ന് കലക്ടര്‍ അറിയിച്ചു.
റാമ്പില്ലാത്തതിനാല്‍ നാറാണംമൂഴി എംഡിഎല്‍പി സ്‌കൂളിലെ ബൂത്തിലേക്ക് കയറാന്‍ ബുദ്ധിമുട്ടാണെന്ന് നാറാണംമൂഴി സ്വദേശി ദേവരാജ് പരാതിപ്പെട്ടു. ഇക്കാര്യം പരിശോധിച്ച് നടപടി സ്വീകരിക്കാമെന്ന് കലക്ടര്‍ പറഞ്ഞു. പോളിങ് ബൂത്തിലേക്കുള്ള സാമഗ്രികള്‍ നേരിട്ട് എത്തിക്കുമോയെന്നും വോട്ടെടുപ്പിനു ശേഷം ഇത് നേരിട്ട് ശേഖരിച്ച് കൊണ്ടുപോകുമോയെന്നുമായിരുന്നു പത്തനംതിട്ട സ്വദേശികളായ പ്രമോദിനും ജേക്കബ് ജോര്‍ജിനും അറിയേണ്ടിയിരുന്നത്. ഇതുണ്ടാവില്ലെന്ന് കളക്ടര്‍ പറഞ്ഞു. ഭാര്യയ്ക്കും ഭര്‍ത്താവിനും തിരഞ്ഞെടുപ്പ് ജോലി വന്നാല്‍ ഒരാളെ ഒഴിവാക്കുമോയെന്ന ജേക്കബ് ജോര്‍ജിന്റെ ചോദ്യത്തിന് അങ്ങനെ നിയമമില്ലെന്ന് കലക്ടര്‍ പറഞ്ഞു. തനിക്ക് ഓപ്പറേഷന്‍ നിശ്ചയിച്ചിട്ടുള്ളതിനാല്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടി ഒഴിവാക്കി നല്‍കുമോയെന്നായിരുന്നു ഇലവുംതിട്ട സ്വദേശി തോമസ് മാത്യുവിന് അറിയേണ്ടിയിരുന്നത്. രണ്ടാംഘട്ട നിയമന ഉത്തരവുകള്‍ക്കു ശേഷം ഇക്കാര്യം പരിഗണിക്കാമെന്ന് കലക്ടറുടെ മറുപടി. പുതിയ തിരിച്ചറിയല്‍ കാര്‍ഡ് അടുത്ത വീട്ടിലുള്ളവര്‍ക്ക് ലഭിച്ചു തനിക്ക് ഇതുവരെ കിട്ടിയില്ലെന്നായിരുന്നു പന്തളം സ്വദേശി നസീറിന്റെ പരാതി. ഇക്കാര്യം അന്വേഷിച്ച് മറുപടി നല്‍കാമെന്നും കലക്ടര്‍ പറഞ്ഞു. ചികിത്സാ സഹായം ലഭ്യമാക്കണമെന്നതു സംബന്ധിച്ച് കുളനട പനങ്ങാട് സ്വദേശി ഏലിയാമ്മയും വെച്ചൂച്ചിറ സ്വദേശി ലാലിയും പരാതി പറഞ്ഞു. ദുരിതാശ്വാസ നിധി വിതരണത്തിനുള്ള നിയന്ത്രണം നീക്കുന്നതു സംബന്ധിച്ച ഉത്തരവുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും പരാതി പരിശോധിക്കാമെന്നും കലക്ടര്‍ പറഞ്ഞു. വീട്ടുകരം കൂട്ടിയത് പുനപരിശോധിക്കണമെന്നായിരുന്നു തിരുവല്ല സ്വദേശി യോഹന്നാന്റെ പരാതി. തഹസീല്‍ദാര്‍ക്ക് ഇതുസംബന്ധിച്ച് വിശദമായ പരാതി നല്‍കാന്‍ കലക്ടര്‍ നിര്‍ദേശിച്ചു. ഇലക്ഷന്‍ ഡെപ്യുട്ടി കലക്ടര്‍ ഐ അബ്ദുല്‍ സലാം,ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ ജിജി ജോര്‍ജ്, ഡെപ്യുട്ടി ഓഫിസര്‍ ആലീസ് ആന്‍ഡ്രൂസ് കോട്ടിരി പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 61 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക