|    Apr 25 Wed, 2018 12:03 am
FLASH NEWS

ജില്ലാ കലക്ടര്‍ എ ഷൈനമോളെ മാറ്റാന്‍ മന്ത്രിസഭാ തീരുമാനം

Published : 10th November 2016 | Posted By: SMR

മലപ്പുറം: ഇടതുപക്ഷ എംഎല്‍എയെ അവഗണിക്കുന്നുവെന്ന പരാതിയില്‍ മലപ്പുറം ജില്ലാ കലക്ടര്‍ എ ഷൈനമോളെ മാറ്റാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. താനൂര്‍ എംഎല്‍എ വി അബ്ദുര്‍റഹ്മാനാണ് കലക്ടര്‍ക്കെതിരേ മുഖ്യമന്ത്രിയെ നേരില്‍കണ്ട് പരാതി പറഞ്ഞത്. കഴിഞ്ഞ ദിവസം ചേര്‍ന്ന ഹജ്ജ് കമ്മിറ്റി യോഗത്തില്‍ ഇദ്ദേഹം കലക്ടര്‍ പങ്കെടുക്കാത്തതിനെതിരേ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. കലക്ടര്‍ ജനപ്രതിനിധികള്‍ക്ക് പരിഗണന നല്‍കുന്നില്ലെന്ന ആരോപണം കുറേകാലമായി നിലനില്‍ക്കുകയാണ്. ജില്ലയിലെ ഭൂരിഭാഗം എംഎല്‍എമാരും ഇക്കാര്യം സര്‍ക്കാറിനെ രേഖാമൂലം അറിയിച്ചതായാണു സൂചന. കൊല്ലം കലക്ടറായിരുന്ന ഷൈനമോള്‍ കൊല്ലം വെടിക്കെട്ടപകടത്തെ തുടര്‍ന്ന് തയ്യാറാക്കിയ റിപോര്‍ട്ടില്‍ യുഡിഎഫ് സര്‍ക്കാറിനും വ്യവസായ വകുപ്പിനുമെതിരേ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നത്. കൊല്ലം വെടിക്കെട്ടപകടത്തിന് വെടിമരുന്നുകള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട് വ്യവസായ വകുപ്പിനു ഗുരുതരമായ പാളിച്ചകള്‍ പറ്റിയിരുന്നുവെന്ന് അന്വേഷണ റിപോര്‍ട്ടില്‍ കലക്ടര്‍ എടുത്തുപറഞ്ഞിരുന്നു. ഈ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന രൂപത്തില്‍ മുസ്്‌ലിംലീഗ് വൃത്തങ്ങള്‍ നടത്തിയ സമ്മര്‍ദത്തെ കലക്ടര്‍ പരിഗണിച്ചിരുന്നില്ല. അതിനാല്‍ തന്നെ ലീഗിന് കലക്ടര്‍ അനഭിമതയായിരുന്നു. ഇവരെ എല്‍ഡിഎഫ് സര്‍ക്കാര്‍ മലപ്പുറത്ത് നിയമിച്ചതു മുതല്‍ ലീഗ് ഇവരുമായി രമ്യതയിലായിരുന്നില്ല. മുസ്്‌ലിംലീഗ് എംഎല്‍എമാര്‍ മുഖ്യമന്ത്രി പിണറായിയെ നേരില്‍കണ്ട് കലക്ടറെ മാറ്റണമെന്നു ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, സര്‍ക്കാര്‍ ഈ ആവശ്യത്തോട് മുഖം തിരിഞ്ഞുനില്‍ക്കുകയായിരുന്നു. രണ്ടാഴ്ച മുമ്പ് കലക്ടറേറ്റില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥന്മാരുടെയും യോഗത്തില്‍ കലക്ടറും താനൂര്‍ എംഎല്‍എ വി അബ്ദുര്‍റഹ്മാനും പരസ്യമായി തന്നെ കൊമ്പുകോര്‍ത്തിരുന്നു. ജനപ്രതിനിധികളെ അവഗണിക്കുന്നുവെന്നു പറഞ്ഞാണ് എംഎല്‍എ കാല്‍മണിക്കൂറോളം കലക്ടറുമായി ഇടഞ്ഞു സംസാരിച്ചത്. ഒടുവില്‍ മറ്റു ജനപ്രതിനിധികളും ഉദ്യോഗസ്ഥന്മാരും ഇടപെട്ടാണു തര്‍ക്കം അവസാനിപ്പിച്ചത്. ഹജ്ജ് കമ്മിറ്റി എക്‌സിക്യുട്ടീവ് ഓഫിസറായിട്ടും യോഗത്തില്‍ പങ്കെടുക്കാതിരുന്നതിനെ തുടര്‍ന്നാണ് എംഎല്‍എ അബ്ദുര്‍റഹ്മാനും മറ്റു കമ്മിറ്റി മെംബര്‍മാരും കലക്ടര്‍ക്കെതിരേ തിരിഞ്ഞത്. കഴിഞ്ഞ ഹജ്ജ് യാത്രയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായിരുന്നു ഹജ്ജ് കമ്മിറ്റി യോഗം. നെടുമ്പാശ്ശേരിയിലെ ഹജ്ജ് ക്യാംപില്‍ ഭക്ഷണം, ബസ് യാത്ര എന്നിവയുമായി ബന്ധപ്പെട്ട് കലക്ടറുടെ ഭാഗത്തുനിന്നു ഗുരുതരമായ വീഴ്ചയുണ്ടായതായി അബ്ദുര്‍റഹ്മാന്‍ യോഗത്തില്‍ പറഞ്ഞു. കലക്ടറുടെ ഈ നടപടികള്‍മൂലം ഹജ്ജിനു പോയ തീര്‍ത്ഥാടകര്‍ക്ക് വേണ്ടവിധം സൗകര്യങ്ങളൊരുക്കുന്നതില്‍ പ്രയാസമുണ്ടായതായി എംഎല്‍എ അബ്ദുര്‍റഹ്മാന്‍ പറഞ്ഞു. ഹജ്ജ് കമ്മിറ്റിയുടെ എക്‌സിക്യൂട്ടീവ് ഓഫിസര്‍ എന്ന നിലയില്‍ കലക്ടര്‍ക്ക് പ്രത്യേക ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹജ്ജ് കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാതെ കലക്ടര്‍ മാറി നില്‍ക്കുന്നത് ശരിയല്ല. മറ്റൊരു പരിപാടിയുള്ളതിനാലാണ് കലക്ടര്‍ എത്താതിരിക്കുന്നതെന്ന് പകരം പ്രതിനിധിയായി പങ്കെടുത്ത റഷീദ് അറിയിച്ചിട്ടും വി അബ്ദുര്‍റഹ്മാന്‍ വിമര്‍ശനം അവസാനിപ്പിച്ചില്ല. കലക്ടര്‍ ഷൈനമോള്‍ വേണ്ട സമയത്ത് നടപടി സ്വീകരിക്കാത്തതിനാല്‍ നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപിലെ ഭക്ഷണം, ബസ് യാത്ര എന്നിവയിലുണ്ടായ പ്രയാസങ്ങള്‍ അബ്ദുര്‍റഹ്മാന്‍ എംഎല്‍എ ഉള്‍പ്പെടെ യോഗത്തില്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിയെ നേരില്‍കണ്ട് മലപ്പുറം കലക്ടറെ മാറ്റണമെന്നു അബ്ദുര്‍റഹ്മാന്‍ ആവശ്യപ്പെട്ടതെന്നാണു സൂചന. നേരത്തെ തന്നെ കലക്ടര്‍ക്കെതിരേ മറ്റു പരാതികളും സര്‍ക്കാറിനു ലഭിച്ചിരുന്നു. മന്ത്രിസഭാ യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയ്ക്കു വന്നപ്പോള്‍ ഐകകണ്‌ഠ്യേനയാണു തീരുമാനമുണ്ടായത്. എന്നാല്‍, സ്ഥാന ചലനത്തെക്കുറിച്ച് തനിക്ക് ഔദ്യോഗിക വിവരം ലഭിച്ചിട്ടില്ലെന്നും അതിനാല്‍ ഒന്നും പറയാനില്ലെന്നുമാണ് കലക്ടര്‍ ഷൈനമോള്‍ പറഞ്ഞത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss