|    Oct 22 Mon, 2018 7:46 pm
FLASH NEWS

ജില്ലാ കമ്മിറ്റി യോഗത്തിലെ സംഘര്‍ഷം; കേരളാ കോണ്‍ഗ്രസ് (എം) ജില്ലാ സമ്മേളനം മാറ്റിവയ്ക്കാന്‍ നിര്‍ദേശം

Published : 26th August 2016 | Posted By: SMR

പത്തനംതിട്ട: കേരള കോണ്‍ഗ്രസ്(എം) ജില്ലാകമ്മിറ്റിയിലുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സപ്തംബര്‍ നാലിനു നിശ്ചയിച്ചിരുന്ന ജില്ലാസമ്മേളനം മാറ്റിവയ്ക്കാന്‍ നിര്‍ദേശം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവല്ലയിലെ സ്ഥാനാര്‍ഥിയായിരുന്ന പാര്‍ട്ടി ജന.സെക്രട്ടറി ജോസഫ് എം പുതുശേരിയുടെ തോല്‍വിയെ തുടര്‍ന്ന് യൂത്ത്ഫ്രണ്ട് നേതാക്കള്‍ക്കെതിരേ കൈക്കൊണ്ട അച്ചടക്കനടപടിയുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞദിവസം യോഗത്തില്‍ സംഘര്‍ഷമുണ്ടായത്.
പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണിയെടുത്ത നടപടിക്കെതിരായ പരസ്യ പ്രതികരണങ്ങളും പ്രകടനങ്ങളും പ്രമേയവും നേതൃത്വം അതീവ ഗൗരവത്തിലാണ് വീക്ഷിക്കുന്നത്. ഈ സാഹചര്യത്തിലാണ് സമ്മേളനം മാറ്റിവയ്ക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ജില്ലാക്കമ്മിറ്റിയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ജോയി ഏബ്രഹാം എംപിയുടെ നേതൃത്വത്തില്‍ സമിതിയെ നിയോഗിച്ചിട്ടുണ്ട്.
അറയ്ക്കല്‍ ബാലകൃഷ്ണപിള്ള, തോമസ് ചാഴിക്കാടന്‍ എന്നിവരാണ് സമിതിയംഗങ്ങള്‍. യൂത്ത്ഫ്രണ്ട് ജനറല്‍ സെക്രട്ടറി വി ആര്‍ രാജേഷ്, ജില്ലാ പ്രസിഡന്റ് ജേക്കബ് മാമ്മന്‍, തിരുവല്ല നിയോജകമണ്ഡലം പ്രസിഡന്റ് ബിനു കുരുവിള എന്നിവരെയാണ് പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ചെയര്‍മാന്‍ സസ്‌പെന്‍ഡ് ചെയ്തത്.
തിരഞ്ഞെടുപ്പില്‍ ജോസഫ് എം പുതുശേരിക്കെതിരെ പ്രവര്‍ത്തിച്ചെന്ന പരാതിയില്‍ നടന്ന അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ സസ്‌പെന്‍ഡു ചെയ്തതെന്ന് ജനറല്‍ സെക്രട്ടറി ജോയി ഏബ്രഹാം വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു. നടപടിയെ തുടര്‍ന്ന് ജില്ലയുടെ പലഭാഗങ്ങളിലും യൂത്ത്ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രകടനം നടത്തുകയും പുതുശേരിയുടെ കോലം കത്തിക്കുകയും ചെയ്തിരുന്നു.
ഇതിനുപിന്നാലെയാണ് 21നു പത്തനംതിട്ടയിലെ പാര്‍ട്ടി ഓഫിസില്‍ നടന്ന ജില്ലാ കമ്മിറ്റിയിലേക്ക് നടപടിക്കു വിധേയരായവര്‍ മുദ്രാവാക്യം വിളികളുമായി കടന്നുകയറിയത്.
കസേരകള്‍ വലിച്ചെറിഞ്ഞ് യോഗം അലങ്കോലപ്പെടുത്തി സംസ്ഥാന നേതാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ക്കുനേരെ കൈയേറ്റ ശ്രമവും നടന്നു. പുതുശേരി വിഭാഗം നേതാക്കളെ ലക്ഷ്യമിട്ടായിരുന്നു കയ്യേറ്റശ്രമം. സംഘര്‍ഷം നടന്നപ്പോള്‍ ജില്ലാനേതൃത്വം പക്ഷപാതപരമായി പെരുമാറിയെന്ന് ഒരുവിഭാഗം സെക്രട്ടേറിയറ്റംഗങ്ങളും സംസ്ഥാന ഭാരവാഹികളും നേതൃത്വത്തെ ധരിപ്പിച്ചു.
ബഹളത്തിനിടെ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരും സെക്രട്ടേറിയറ്റ്, ജില്ലാ കമ്മിറ്റിയംഗങ്ങള്‍ ഉള്‍പ്പെടെ ഇറങ്ങിപ്പോയിരുന്നു. ഇവരുടെ അസാന്നിധ്യത്തിലാണ് യൂത്ത്ഫ്രണ്ട് നേതാക്കളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന പ്രമേയം അംഗീകരിച്ചത്.
പാര്‍ട്ടി ചെയര്‍മാന്റെ നടപടിക്കെതിരേ പരാതിയുണ്ടെങ്കില്‍ സംസ്ഥാന നേതൃത്വത്തെ അറിയിക്കാമായിരുന്നെന്നും പരസ്യ പ്രകടനങ്ങളും ജില്ലാ കമ്മിറ്റിയിലെ ബഹളവും ആശങ്ക ഉളവാക്കുന്നതായി സംസ്ഥാന നേതൃത്വം വിലയിരുത്തി.
പാര്‍ട്ടി ജില്ലാ കമ്മിറ്റിയിലുണ്ടായിരിക്കുന്ന ഭിന്നതയുടെ പശ്ചാത്തലത്തില്‍ മെംബര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ അടക്കം തടസപ്പെട്ടു. തര്‍ക്കങ്ങളുമായി ബന്ധപ്പെട്ടു നിരവധി പരാതികള്‍ ഇതിനോടകം സംസ്ഥാന നേതാക്കള്‍ക്ക് ലഭിച്ചിട്ടുമുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss