|    Jan 20 Fri, 2017 1:25 pm
FLASH NEWS

ജില്ലാ ആസൂത്രണ സമിതിയില്‍ സമവായം; യുഡിഎഫില്‍ തര്‍ക്കം; മുസ്‌ലിം ലീഗ് പ്രതിനിധി ബഹിഷ്‌കരിച്ചു

Published : 27th September 2016 | Posted By: SMR

കണ്ണൂര്‍: ജില്ലാ ആസൂത്രണ സമിതിയിലേക്കു പ്രതിനിധികളെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ്, കോണ്‍ഗ്രസ് സമവായം. ജില്ലാ പഞ്ചായത്തില്‍ നിന്നു സമിതിയിലേക്കുള്ള പ്രതിനിധികളെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പിലാണ് സമവായമായത്. ഒമ്പത് പ്രതിനിധികളില്‍ ഏഴെണ്ണം എല്‍ഡിഎഫും രണ്ടെണ്ണം കോണ്‍ഗ്രസ്സും പങ്കിട്ടു. എന്നാല്‍, യുഡിഎഫിലെ പ്രതിനിധികളില്‍ ഒരെണ്ണം ലീഗിനു നല്‍കണമെന്ന് ആവശ്യം കോണ്‍ഗ്രസ് നിരാകരിച്ചതില്‍ പ്രതിഷേധിച്ച് മുസ്‌ലിം ലീഗ് പ്രതിനിധി അന്‍സാരി തില്ലങ്കേരി തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചു. ഇന്നലെ രാവിലെ ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സിലാണ് തിരഞ്ഞെടുപ്പ് നടന്നത്.
ആകെയുള്ള 15 പ്രതിനിധികളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുക്കപ്പെടുന്നതിനു മുമ്പ് തന്നെ പ്രതിനിധിയാണ്. മെംബര്‍ സെക്രട്ടറി എന്ന നിലയില്‍ കലക്ടറും പ്രതിനികളില്‍ ഉള്‍പ്പെടും. ഒരാളെ നാമനിര്‍ദേശം ചെയ്യും. കോര്‍പറേഷന്‍ കൗണ്‍സിലില്‍ നിന്ന് ഒരാളെയും മുനിസിപ്പല്‍ കൗണ്‍സിലുകളില്‍ നിന്ന് രണ്ടുപേരെയും തിരഞ്ഞെടുക്കാനുണ്ട്. ഇവരെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് അടുത്ത ദിവസങ്ങളില്‍ നടക്കും. ആസൂത്രണ സമിതിയിലേക്കുള്ള രണ്ടു യുഡിഎഫ് പ്രതിനിധികളില്‍ ഒരെണ്ണം ലീഗിനു നല്‍കണമെന്ന് നേരത്തേ ആവശ്യമുന്നയിച്ചിരുന്നു. ഇക്കാര്യത്തില്‍ ലീഗ് ജില്ലാ-സംസ്ഥാന നേതാക്കള്‍ ഇടപെടുകയും ചെയ്തിരുന്നു. എന്നാല്‍, ആറു സീറ്റുകളുള്ള കോണ്‍ഗ്രസിനും ഒറ്റ സീറ്റുള്ള ലീഗിനും ഒന്നുവീതം പ്രതിനിധികളെ ഉള്‍പ്പെടുത്താനാവില്ലെന്ന നിലപാടില്‍ കോണ്‍ഗ്രസ് ഉറച്ചുനിന്നു.
യുഡിഎഫ് പക്ഷത്ത് കേരള കോണ്‍ഗ്രസ്(എം) വിഭാഗത്തിനു ജില്ലാ പഞ്ചായത്തില്‍ ഒരു പ്രതിനിധിയുണ്ട്. ലീഗ് ആവശ്യം കോണ്‍ഗ്രസ് തള്ളിയതോടെ ജില്ലാ പഞ്ചായത്തിലെ ലീഗിന്റെ ഏക പ്രതിനിധിയായ അന്‍സാരി തില്ലങ്കേരി ബഹിഷ്‌കരിക്കുകയായിരുന്നു. വൈസ് പ്രസിഡന്റ് പി പി ദിവ്യ, വി കെ സുരേഷ്ബാബു, കെ പി ജയബാലന്‍, ടി ടി റംല, കെ ശോഭ, പി ജാനകി, പി ഗൗരി എന്നിവര്‍ എല്‍ഡിഎഫ് പ്രതിനിധികളും അജിത്ത് മാട്ടൂല്‍, സുമിത്ര ഭാസ്‌കരന്‍ എന്നിവര്‍ കോണ്‍ഗ്രസ് പ്രതിനിധികളുമാണ്. ജെഡിയു പ്രതിനിധി കെ പി ചന്ദ്രന്‍ തിരഞ്ഞെടുപ്പിനെത്തിയില്ല. തിരഞ്ഞെടുപ്പ് ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി നിയന്ത്രിച്ചു.—
കോണ്‍ഗ്രസ്-സിപിഎം കൂട്ടുകെട്ടിനെതിരേ ലീഗ്
കണ്ണൂര്‍: ജില്ലാ ആസൂത്രണ സമിതിയിലേക്ക് (ഡിപിസി) ജില്ലാ പഞ്ചായത്തംഗങ്ങളുടെ നോമിനിയുടെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും സിപിഎമ്മും തമ്മിലുണ്ടാക്കിയ പൊതു ധാരണയിലും കോണ്‍ഗ്രസ്സിന്റെ ഏകപക്ഷീയമായ നിലപാടിലും പ്രതിഷേധിച്ച് മുസ്‌ലിം ലീഗ് തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചു. ഇതിന്റെ തുടര്‍ച്ചയെന്നോണം  നടക്കുന്ന കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരില്‍ നിന്നും മുനിസിപ്പല്‍ കൗണ്‍സിലര്‍മാരില്‍ നിന്നുമുള്ള പ്രതിനിധികളെ തിരഞ്ഞെടുക്കാനുള്ള തിരഞ്ഞെടുപ്പും ലീഗ് ബഹിഷ്‌കരിക്കുമെന്ന് ജില്ലാ മുസ്‌ലിം ലീഗ് പ്രസിഡന്റ് പി —കുഞ്ഞിമുഹമ്മദും, ജനറല്‍ സെക്രട്ടറി അബ്ദുല്‍കരീം ചേലേരിയും അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 26 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക