|    Jan 21 Sat, 2017 7:48 am
FLASH NEWS

ജില്ലാ ആസൂത്രണസമിതി തിരഞ്ഞെടുപ്പ്; വി ആര്‍ സിനി രാജിവച്ചില്ലെങ്കില്‍ യുഡിഎഫില്‍ നിന്നു പുറത്താക്കും

Published : 14th October 2016 | Posted By: Abbasali tf

തിരുവനന്തപുരം: നഗരസഭയി ല്‍ നിന്ന് ജില്ലാ ആസൂത്രണ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട യുഡിഎഫ് അംഗം വി ആര്‍ സിനിയുടെ രാജിക്കായി കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിന്റെയും കെപിസിസിയുടെയും കടുത്ത സമ്മര്‍ദ്ദം. ജനറല്‍ സീറ്റിലെ മല്‍സരത്തില്‍ ബിജെപിയുടെ കൂടി വോട്ടുനേടിയാണ് വി ആര്‍ സിനി തിരഞ്ഞെടുക്കപ്പെട്ടത്. ബിജെപിയുമായി കൂട്ടുചേര്‍ന്നത് ശരിയായില്ലെങ്കിലും സിനി രാജിവയ്‌ക്കേണ്ടതില്ലെന്ന നിലപാടിലാണ് നഗരസഭയിലെ യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടിയിലെ 18 കൗണ്‍സിലര്‍മാര്‍. എന്നാല്‍, ജില്ലാ നേതൃത്വവും കെപിസിസിയും ഇത് അംഗീകരിക്കുന്നില്ല. രാജിവച്ചേ മതിയാവൂ എന്നാണ് അവരുടെ ആവശ്യം. നേതൃത്വം നിലപാട് കടുപ്പിച്ചതോടെ യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പേട്ട കൗണ്‍സിലര്‍കൂടിയായ ഡി അനില്‍കുമാര്‍ ഡിസിസി പ്രസിഡന്റ് കരകുളം കൃഷ്ണപിള്ളയ്ക്ക് കത്തുനല്‍കിയിരിക്കുകയാണ്. രാജിവയ്ക്കാന്‍ തയ്യാറല്ലെങ്കില്‍ യുഡിഎഫില്‍ നിന്ന് സിഎംപി അംഗമായ സിനിയെ പുറത്താക്കുമെന്നാണ് സൂചന. നേതൃത്വവുമായി ആലോചിക്കാതെ ബിജെപിക്ക് വോട്ട് നല്‍കിയ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായ അനില്‍കുമാറിനെതിരെ കടുത്ത നടപടിക്കും ആലോചിക്കുന്നുണ്ട്. വര്‍ഗീയ ശക്തിയായ ബിജെപിയുമായോ നാട്ടില്‍ അക്രമം കാട്ടുന്ന സിപിഎമ്മുമായോ യുഡിഎഫിന് പുറത്തുള്ള കക്ഷികളുമായോ യാതൊരു സഖ്യമോ ധാരണയോ പാടില്ലെന്നാണ് യുഡിഎഫിന്റെ നയം. ഇതിന് വിരുദ്ധമായിട്ടാണ് യുഡിഎഫിലെ ആക്കുളം കൗണ്‍സിലറായ വി ആര്‍ സിനിക്കുവേണ്ടി ബിജെപിയുടെ വോട്ട് തേടിയത്. സിനി 51 വോട്ട് നേടിയാണ് ഇടതുമുന്നണിയെ ഞെട്ടിച്ചത്. സിപിഎം സ്ഥാനാര്‍ത്ഥി ശിവജിയെയാണ് സിനി തോല്‍പ്പിച്ചത്. ശിവജിക്ക് ഒരു വോട്ട് അധികം (45 വോട്ട്) കിട്ടി. ഇത് കോണ്‍ഗ്രസ് വോട്ടാണെന്നാണ് കൗണ്‍സിലര്‍മാര്‍ പറയുന്നത്. കേവല ഭൂരിപക്ഷ മില്ലാത്ത ഇടതുമുന്നണിക്ക് നഗരസഭയി ല്‍ ഒരു സ്വതന്ത്രനടക്കം 44 പേരുടെ പിന്തുണയാണുള്ളത്. അതേസമയം , പ്രത്യുപകാരമായി രണ്ട് വനിതാ സംവരണ സീറ്റുകളിലൊന്നില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഷീജാ മധുവി(48 വോട്ട്)നെ യുഡിഎഫ് ജയിപ്പിക്കുകയും ചെയ്തു. തങ്ങളോട് സിപിഎം നിരന്തരം കാട്ടുന്ന അപമാനത്തില്‍ മനംനൊന്ത് ഒരു ഷോക്ക് നല്‍കുകമാത്രമാണ് ചെയ്തതെന്ന് യുഡിഎഫ് ആവര്‍ത്തിക്കുന്നുണ്ടെങ്കിലും ക്ഷമിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറായിട്ടില്ല. കൗണ്‍സിലര്‍മാര്‍ ഗുരുതരമായ അച്ചടക്ക ലംഘനമാണ് കാട്ടിയതെന്നും കര്‍ശന നടപടി വേണമെന്നും ഡിസിസിയോട് വിഎം സുധീരന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. വനിതകളുടെ രണ്ടാമത്തെ സീറ്റ് ഇടതുമുന്നണിയുടെ സിപിഐ കൗണ്‍സിലര്‍ ജയലക്ഷ്മി (39 വോട്ട്) നേടി ജയിച്ചിരുന്നു. നഗരസഭയില്‍ നിന്ന് സിപിഎമ്മിന് ജില്ലാ ആസൂത്രണസമിതിയിലെത്താന്‍ കഴിയാഞ്ഞത് പാര്‍ട്ടിക്ക് വലിയ ക്ഷീണമുണ്ടാക്കിയിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക