|    Jul 18 Wed, 2018 1:11 am
FLASH NEWS

ജില്ലാ ആശുപത്രിയില്‍ രോഗികള്‍ സാംക്രമികരോഗ ഭീതിയില്‍

Published : 12th September 2017 | Posted By: fsq

 

തിരൂര്‍:  തിരൂര്‍ ജില്ലാ ആശുപത്രിയിലെ 50 ലക്ഷം രൂപാ ചെലവില്‍ നിര്‍മിച്ച മലിനജല സംസ്‌ക്കരണ പ്ലാന്റും അനുബന്ധ പദ്ധതി  പ്രവര്‍ത്തനമാരംഭിച്ചില്ല. മഴയും വെയിലും കൊണ്ട് ദ്രവിച്ചുകൊണ്ടിരിക്കുന്ന പ്ലാന്റും തൊട്ടടുത്തു സ്ഥിതി ചെയ്യുന്ന മലിനജല സംഭരണിയും ഇപ്പോള്‍ നഗരത്തിലെ പ്രധാന കൊതുക് വളര്‍ത്തല്‍ കേന്ദ്രങ്ങളിലൊന്നാണ്. ഈ പ്ലാന്റും പരിസരവും ഇവിടെ പുതിയതായി സ്ഥാപിക്കാന്‍ പോകുന്ന കാന്‍സര്‍ ആശുപത്രിക്കുവേണ്ടി സ്ഥലപരിമിതി മൂലം നീക്കം ചെയ്യേണ്ടി വരും. അതിനാല്‍ പ്ലാന്റും അനുബന്ധ മലിന ജല സംഭരണിയും പുതുതായുണ്ടാക്കാന്‍ ആശുപത്രിയുടെ ഭൂഗര്‍ഭ കുടിവെള്ള സംഭരണിക്കു സമീപം ഒരാഴ്ച മുമ്പ് എസ്‌കവേറ്റര്‍ ഉപയോഗിച്ച് ഭീമന്‍ കുഴിയെടുത്ത് കഴിഞ്ഞിരിക്കുന്നു. ഇപ്പോള്‍ തിരഞ്ഞെടുത്ത സ്ഥലത്തിനടുത്താണ് ആശുപത്രിയിലെ കുടിവെള്ള വിതരണം നടത്തുന്ന കിണര്‍ നില്‍ക്കുന്നത്. ഇവിടെ പുതിയ മലിനജല സംഭരണി നിലവില്‍ വന്നാല്‍ തൊട്ടടുത്തുള്ള ഭൂഗര്‍ഭ കുടിവെള്ള സംഭരണിയും കിണറും മലിനപ്പെടാനും അതിലൂടെ ജലജന്യ രോഗങ്ങള്‍ പടരാനും ഇടയുള്ളതായി ആരോഗ്യ വിദഗ്ധര്‍ പറയുന്നു. കൂടാതെ ഇതില്‍നിന്നു പുറമേയ്ക്കു വമിക്കുന്ന മാരകവിഷവാതകങ്ങള്‍ തൊട്ടടുത്തുള്ള ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലും വാര്‍ഡുകളിലും പ്രവേശിപ്പിക്കപ്പെട്ട രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കും വലിയ ഭീഷണിയാവും.  പുതിയതായി സ്ഥാപിക്കുന്ന മലിനജല പ്ലാന്റ് പ്രവര്‍ത്തിക്കുമ്പോഴുണ്ടാവുന്ന വലിയ ശബ്ദം ഹൃദ്രോഗമടക്കമുള്ളവര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. അശാസ്ത്രീയമായ രീതിയിലാണ് മലിനജല സംഭരണിക്കായി ഭീമന്‍ കുഴിയെടുത്തിട്ടുള്ളത്. ഇതുള്‍പ്പെടെയുള്ള പല വിഷയങ്ങളും ആശുപത്രി അധികാരികളായ ജില്ലാ പഞ്ചായത്തിലെ ബന്ധപ്പെട്ടവരോട് കൂടിയാലോചിക്കാതെയാണു തീരുമാനിക്കുന്നതെന്നും പരാതിയുണ്ട്. ഡിഎംഒയോ ആശുപത്രി സൂപ്രണ്ടോ വാര്‍ഡ് കൗണ്‍സിലര്‍ കൂടിയായ തിരൂര്‍ മുനിസിപ്പല്‍ ചെയര്‍മാനോ, സെക്രട്ടറിയോ കാര്യങ്ങള്‍ അറിഞ്ഞിട്ടില്ല.  ജില്ലാ പഞ്ചായത്തംഗത്തിന്റെ കെടുകാര്യസ്ഥതയാണ് ഇതിനെല്ലാം കാരണമെന്നും എച്ച്എംസിയിലെ ഒരുവിഭാഗം കുറ്റപ്പെടുത്തുന്നു. ആശുപത്രിയിലെ മരാമത്ത് പണികളില്‍നിന്നു കിട്ടുന്ന കമ്മീഷന്‍ മാത്രം ലക്ഷ്യംവച്ച് പ്രവര്‍ത്തിക്കുന്ന ഗൂഢലോബി തന്നെയുണ്ടെന്നും പറയപ്പെടുന്നു. പുതിയ മലിനജല സംഭരണി ഇപ്പോള്‍ കുഴിച്ചിടത്ത് നിര്‍മിച്ചാല്‍ ആശുപത്രി തന്നെ രോഗ വിതരണ കേന്ദ്രമാവുമെന്ന ഭയപ്പാടിലാണ് നാട്ടുകാര്‍. കിണറും കക്കൂസ് മാലിന്യമുള്‍പ്പെടെ നിക്ഷേപിക്കപ്പെടുന്ന മാലിന്യസംസ്‌ക്കരണ പ്ലാന്റും നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട ദൂരപരിധിയൊന്നും പാലിക്കാതെയാണു നിര്‍മാണമെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss