|    Jul 26 Wed, 2017 4:28 am
FLASH NEWS
Home   >  Todays Paper  >  page 10  >  

ജില്ലാ ആശുപത്രിയില്‍ നിന്ന് നല്‍കിയ മരുന്നു കഴിച്ച നാലുവയസ്സുകാരന്‍ കുഴഞ്ഞുവീണു മരിച്ചു

Published : 27th July 2016 | Posted By: SMR

നെടുമങ്ങാട്: ജില്ലാ ആശുപത്രിയില്‍ നിന്ന് വാങ്ങിയ മരുന്നു കഴിച്ച നാലുവയസ്സുകാരന്‍ വീട്ടില്‍ കുഴഞ്ഞുവീണുമരിച്ചു. ചികില്‍സാ പിഴവെന്നാരോപിച്ച് ബന്ധുക്കളും നാട്ടുകാരും സംഘടിച്ചത് ആശുപത്രിയില്‍ സംഘര്‍ഷത്തിനിടയാക്കി.  ഇന്നലെ രാവിലെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലാണ് സംഭവം. പേരുമല നാരകത്തുവിള പുത്തന്‍വീട്ടില്‍ സജീവ് രഞ്ജു ദമ്പതികളുടെ മകന്‍ ശിവാനന്ദാണ്(4) മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് പനിമൂലം ആശുപത്രിയിലെത്തിയ ശിവാനന്ദിനെ ഡോക്ടര്‍ പരിശോധിച്ചശേഷം മരുന്നു നല്‍കി മടക്കിഅയച്ചു. 2 ഗുളികകളില്‍ ഒരെണ്ണം രാത്രിയിലും മറ്റൊന്ന് ഇന്നലെ രാവിലെയും കഴിച്ചു. രാവിലെ ഗുളിക കഴിച്ച് അല്‍പ സമയം കഴിഞ്ഞ് കുട്ടിക്ക് ശ്വാസതടസം അനുഭവപ്പെട്ട് കുഴഞ്ഞു വീണു. വീട്ടുകാര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കുട്ടികള്‍ക്ക് സാധാരണയായി സിറപ്പ് രൂപത്തിലുള്ള മരുന്നാണ് നല്‍കാറുള്ളത്. എന്നാല്‍ മുതിര്‍ന്നയാളുകള്‍ക്ക് കൊടുക്കാറുള്ള ഗുളികയാണ് കുട്ടിക്ക് കുറിച്ചു നല്‍കിയത്രേ. ഗുളിക കൊടുക്കുന്നതിനെക്കുറിച്ച് യാതൊരു നിര്‍ദ്ദേശവും ഡോക്ടര്‍ നല്‍കിയിരുന്നില്ലെന്നും അതിനാല്‍ സാധാരണ ഗുളിക കൊടുക്കുന്നതുപോലെ ഈ ഗുളിക കുട്ടിക്ക് കൊടുത്തതായും ബന്ധുക്കള്‍ പറഞ്ഞു. ഗുളിക ശ്വാസനാളത്തില്‍ കുടുങ്ങിയതാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. അലക്ഷ്യമായി കുട്ടിക്ക് മരുന്നെഴുതി നല്‍കിയ ഡോക്ടര്‍ക്കെതിരേ നടപടി വേണമെന്നും ചികില്‍സയിലെ പിഴവാണ് മരണത്തിന് കാരണമായതെന്നും ബന്ധുക്കള്‍ പറഞ്ഞു. നാട്ടുകാരും ഇടപ്പെട്ടതോടെ ആശുപത്രിയും പരിസരവും സംഘര്‍ഷഭരിതമായി. തുടര്‍ന്ന് ആര്‍ഡിഒയും ജില്ലാ മെഡിക്കല്‍ ഓഫിസറും സ്ഥലത്തെത്തിയ ശേഷമാണ് സംഘര്‍ഷത്തിന് അയവുവന്നത്.
പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് ലഭിച്ച ശേഷം കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കാമെന്ന് ഇരുവരും ഉറപ്പുനല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക