|    Jul 21 Fri, 2017 8:25 pm
FLASH NEWS

ജില്ലാ ആശുപത്രിയില്‍ കുഞ്ഞിന്റെ മരണം; ഡോക്ടര്‍ നേരത്തെയും പ്രശ്‌നക്കാരിയെന്ന് ആക്ഷേപം

Published : 27th July 2016 | Posted By: SMR

നെടുമങ്ങാട്: ജില്ലാ ആശുപത്രിയില്‍ പിഞ്ചുകുഞ്ഞ് മരിച്ച സംഭവത്തില്‍ ചികില്‍സ നടത്തിയ ഡോക്ടര്‍ നേരത്തെയും പ്രശ്‌നക്കാരിയെന്ന് ആരോപണം. ഇന്നലെ രാവിലെ പേരുമല നാരകത്തുവിള പുത്തന്‍വീട്ടില്‍ സജീവ്-രഞ്ജു ദമ്പതികളുടെ നാലുവയസ്സുകാരന്‍ ശിവാനന്ദാണ് മരിച്ചത്.
കഴിഞ്ഞ ദിവസം പനി ബാധിച്ച് വൈകീട്ട് ജില്ലാ ആശുപത്രിയില്‍ ചികില്‍സ തേടിയെത്തിയപ്പോള്‍ ആരോപണവിധേയയായ ഡോക്ടര്‍ അലക്ഷ്യമായും അശ്രദ്ധയോടെയും ചികില്‍സ നടത്തുകയും മരുന്ന് നല്‍കുകയും ചെയ്തുവെന്നാണ് പരാതി. ഇന്നലെ രാവിലെ പനി കുറവില്ലാത്തതിനാല്‍ ഡോക്ടര്‍ നിര്‍ദേശിച്ച പ്രകാരമുള്ള ഗുളിക കൊടുത്തതോടെ കുട്ടി കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. കുട്ടിയെ ചികില്‍സിച്ച ഡോക്ടര്‍ നേരത്തെ ജില്ലാ ആശുപത്രിയിലെ പ്രശ്‌നക്കാരിയാണെന്നാണ് ചികില്‍സക്കെത്തുന്നവരുടെ ആരോപണം. ഒരു മാസം മുമ്പ് നെഞ്ചുവേദനയെ തുടര്‍ന്ന് രാത്രി ജില്ലാ ആശുപത്രിയിലെത്തിയ യുവാവിനെയടക്കം നിരവധി രോഗികളെ മുറിക്കു പുറത്തു നിര്‍ത്തി ഒരു മണിക്കൂറോളം ഫോണില്‍ സംസാരിച്ചത് വിവാദമായിരുന്നു.
നെഞ്ചുവേദനയ്ക്കടക്കം ചികില്‍സയ്ക്കായെത്തിയ രോഗികള്‍ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലേക്ക് പോവുകയായിരുന്നു. ഈ സംഭവത്തില്‍ രോഗികളും ബന്ധുക്കളും മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, മനുഷ്യാവകാശ കമ്മീഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. ഡോക്ടര്‍ ആശുപത്രിയിലെ ചില ജീവനക്കാരോട് മോശമായി പെരുമാറുന്നതും പതിവാണെന്ന് ചില ജീവനക്കാര്‍ പറയുന്നു. ഡോക്ടറെ സംരക്ഷിക്കാന്‍ ചില രാഷ്ട്രീയ നേതാക്കളുള്ളതായും അറിയുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക