|    Jan 21 Sat, 2017 7:40 am
FLASH NEWS

ജില്ലാ ആശുപത്രിയില്‍ ആംബുലന്‍സ് സൗകര്യം ലഭ്യമാവുന്നില്ലെന്നു പരാതി

Published : 3rd September 2016 | Posted By: SMR

മാനന്തവാടി: ജില്ലാ ആശുപത്രിയില്‍ നിന്നു പുറത്തേക്ക് റഫര്‍ ചെയ്യുന്ന രോഗികള്‍ക്ക് സര്‍ക്കാര്‍ ആംബുലന്‍സ് ലഭ്യമാവുന്നില്ലെന്നു പരാതി. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ചെലവില്‍ സ്വകാര്യ ആംബുലന്‍സുകള്‍ ലഭ്യമാക്കാന്‍ നടപടിയുണ്ടാവണമെന്ന ആവശ്യം ശക്തമായി. കഴിഞ്ഞ ദിവസം ആംബുലന്‍സ് ലഭിക്കാതെ ആദിവാസി സ്ത്രീ മരിക്കാനിടയായ സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.
ഇന്നലെ വൈകീട്ടും മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്ത ആദിവാസി യുവാവിനെ കൊണ്ടുപോവാന്‍ ആംബുലന്‍സ് ലഭിക്കാതെ മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവന്നു. മാനന്തവാടി പടച്ചിക്കുന്ന് കോളനിയിലെ അരുണിനെ സ്ഥലം എംഎല്‍എ ഒ ആര്‍ കേളു ഇടപെട്ട് സാമ്പത്തിക സഹായം നല്‍കിയാണ് കണ്ണൂരില്‍ നിന്നെത്തിയ ആംബുലന്‍സില്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയത്.
ജില്ലാ ആശുപത്രിയില്‍ മൂന്ന് ആംബുലന്‍സുകളാണുള്ളത്. ഇതിനു പുറമെ ട്രൈബല്‍ വകുപ്പിന്റെ രണ്ട് ആംബുലന്‍സുകളും അത്യാവശ്യ ഘട്ടങ്ങളില്‍ രോഗികളെ കൊണ്ടുപോവാന്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍, ഇവ പലപ്പോഴും ലഭ്യമാവാറില്ല. ട്രൈബല്‍ വകുപ്പ് ആംബുലന്‍സുകള്‍ക്ക് കിലോമീറ്ററിന് ഒമ്പതു രൂപ പ്രകാരം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രോഗികളെ എത്തിക്കുന്നതിനായി നല്‍കുന്നത് 1,890 രൂപയാണ്. എന്നാല്‍, സ്വകാര്യ ആംബുലന്‍സുകള്‍ പലപ്പോഴും ഈ വാടകയ്ക്ക് പോവാന്‍ തയ്യാറാവുന്നില്ല. ഇതാണ് പ്രതിസന്ധിക്കിടയാക്കുന്നത്. ആഗസ്ത് 27ന് പിണങ്ങോട് വാഴവറ്റ കോളനിയിലെ അമ്മിണി (40)  ആംബുലന്‍സ് ലഭിക്കാതെയാണ് മരിച്ചത്.
ജില്ലാ ആശുപത്രിയില്‍ നിന്ന് ഉച്ചയ്ക്ക് 2.30ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്ത സ്ത്രീക്ക് വൈകീട്ട് അഞ്ചു മണിയായിട്ടും ആംബുലന്‍സ് ലഭിച്ചില്ലെന്നു പറയപ്പെടുന്നു. സ്വകാര്യ ആംബുലന്‍സ് വിളിച്ചെങ്കിലും വാടക കൊടുക്കാന്‍ കഴിയില്ലെന്ന് ആര്‍എംഒ അറിയിച്ചതിനെ തുടര്‍ന്ന് തിരിച്ചയക്കുകയാണത്രേ ഉണ്ടായത്. പിന്നീട് പാലിയേറ്റീവിന് കീഴിലുള്ള ആംബുലന്‍സ് ഡ്രൈവറെ തിരുനെല്ലിയില്‍ നിന്നു വിളിച്ചുവരുത്തി പോവാനൊരുമ്പോഴേക്കും രോഗി മരിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആദിവാസി വികസന പാര്‍ട്ടി ജില്ലാ പ്രസിഡന്റ് നിട്ടംമാനി കുഞ്ഞിരാമന്‍ ആരോഗ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ആദിവാസി രോഗികളെ കൊണ്ടുപോവുന്ന സ്വകാര്യ ആംബുലന്‍സുകള്‍ക്ക് ട്രൈബല്‍ വകുപ്പ് നിശ്ചയിച്ച വാടക പുതുക്കി നിശ്ചയിക്കുകയോ കൂടുതല്‍ ആംബുലന്‍സുകള്‍ ഏര്‍പ്പെടുത്തുകയോ ചെയ്യണമെന്നാണ് ആവശ്യം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക