|    Jul 24 Mon, 2017 10:37 pm
FLASH NEWS

ജില്ലാ ആശുപത്രിയിലെ സീനിയര്‍ സൈക്യാട്രിസ്റ്റ് തസ്തിക റദ്ദാക്കി

Published : 22nd October 2016 | Posted By: SMR

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ചികില്‍സയില്‍ ഏറെ പ്രാധാന്യമുള്ള സീനിയര്‍ സൈക്യാട്രിസ്റ്റ് തസ്തിക ജില്ലയില്‍ നിന്നു മാറ്റാനുള്ള ഉത്തരവിനെതിരെ പ്രതിഷേധവുമായി എന്‍ഡോസള്‍ഫാന്‍ പീഡിത ജനകിയമുന്നണി. മാനസിക വെല്ലുവിളി നേരിടുന്നവരെ ചികില്‍സിക്കുന്ന സൈക്യാട്രിസ്റ്റിക് വിഭാഗത്തിലെ സീനിയര്‍ സൈക്യാട്രിസ്റ്റിന്റെ തസ്തിക കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റാനുള്ള ഉത്തരവ് പിന്‍വലിക്കണമെന്ന്് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകിയമുന്നണി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തി ല്‍ ആവശ്യപ്പെട്ടു. ജില്ലയിലെ ദുരിതബാധിതര്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന വിഭാഗമാണ് സൈക്യാട്രിക് ഡിപാര്‍ട്ട്‌മെന്റ്. മാനസികവെല്ലുവിളി നേരിടുന്നവര്‍ക്കായി ജില്ലയില്‍ ഏഴു ബഡ്‌സ് സ്‌കൂളുകള്‍ നിലവിലുണ്ട്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും കാസര്‍കോട് ജനറല്‍ ആശുപത്രിയിലും മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് കൃത്യമായി ചികില്‍സ ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് പലപ്പോഴും വിദഗ്ധ ചികില്‍സ ലഭിക്കുന്നില്ല. നേരത്തെ നല്‍കിയിരുന്ന മരുന്നുകള്‍ തന്നെ കുറിച്ചു നല്‍കുന്ന അവസ്ഥയാണ് നിലവിലുള്ളത്. ദുരിതബാധിതര്‍ക്ക് ജില്ലാശുപത്രിയില്‍ പ്രത്യേക സെല്‍ തുടങ്ങുമെന്ന് കഴിഞ്ഞ 2006 എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തു തന്നെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും സെല്ലോ ദുരിതബാധിതര്‍ക്കു വേണ്ടിയുള്ള സംവിധാനങ്ങളോ ജില്ലയിലെ പ്രധാന ആശുപത്രികളിലൊന്നും സജ്ജീകരിച്ചിരുന്നില്ല. ഇതിനിടെയാണ് ജില്ലാ ആശുപത്രിയില്‍ അനുവദിക്കപ്പെട്ട സീനിയര്‍ സൈക്യാട്രിസ്റ്റിന്റെ തസ്തിക റദ്ദുചെയ്തുകൊണ്ട് കഴിഞ്ഞ മെയ് 30നു സര്‍ക്കാര്‍ ഉത്തരവിട്ടത്. ഇതു ദുരിതബാധിതരോടുള്ള കടുത്ത വെല്ലുവിളിയാണെന്ന് പീഡിതമുന്നണി ഭാരവാഹികള്‍ ആരോപിച്ചു. എന്‍ഡോസള്‍ഫാന്‍ സെല്ലോ ജില്ലാ ഭരണകൂടമോ സജീവമായി ദുരിതബാധിതരുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്നില്ലെന്നും ഭാരവാഹികളായ മുനീസ അമ്പലത്തറ, വിമല ഫ്രാന്‍സിസ്, മിസ്‌രിയ, ഫാത്തിമ, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, അബ്ദുല്‍ഖാദര്‍ ചട്ടഞ്ചാല്‍ എന്നിവര്‍ ആരോപിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക