|    Oct 20 Sat, 2018 3:10 am
FLASH NEWS

ജില്ലാ ആശുപത്രിയിലെ സംഘര്‍ഷം : പൊതുപ്രവര്‍ത്തകന്‍ ജയിലിലായതിനു പിന്നില്‍ ഡോക്ടര്‍മാരുടെ സമ്മര്‍ദവും ഉന്നത ഇടപെടലും

Published : 22nd September 2017 | Posted By: fsq

 

മാനന്തവാടി: ജില്ലാ ആശുപത്രിയില്‍ ജോലിയിലുണ്ടായിരുന്ന ഡോക്ടറെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തുവെന്ന പരാതിയില്‍ പൊതുപ്രവര്‍ത്തകനെ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് അറസ്റ്റ് ചെയ്തു ജയിലിലാക്കിയതിനു പിന്നില്‍ ഉന്നത ഇടപെടലും ഡോക്ടര്‍മാരുടെ സമ്മര്‍ദവുമെന്ന് ആക്ഷേപം.സംഭവസമയത്ത് സ്ഥലത്തുണ്ടായെന്നതൊഴിച്ചാല്‍ ഡോക്ടര്‍മാര്‍ ആരോപിക്കുന്ന തരത്തില്‍ യാതൊരു കുറ്റവും ചെയ്യാത്ത ആളെയാണ് അറസ്റ്റ് ചെയ്തതെന്നും ആരോപണമുണ്ട്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ നീര്‍വാരത്തെ തേങ്ങാക്കുടിയില്‍ നേബിന്‍ തോമസാണ് അറസ്റ്റിലായത്. ഇയാളെ സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. തിങ്കളാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. അടിപിടിക്കേസുമായി ബന്ധപ്പെട്ടെത്തിയ നീര്‍വാരം സ്വദേശിയെ കിടത്തിച്ചികില്‍സയ്ക്കു വിധേയമാക്കണമെന്ന ആവശ്യം ഡോക്ടര്‍ നിരസിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. ജില്ലാ ആശുപത്രിയിലെ സര്‍ജനും കെജിഎംഒ നേതാവിന്റെ ഭാര്യയുമായ ഡോ. സി പി ശ്രീലേഖയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മാനന്തവാടി ഗ്രാമപ്പഞ്ചായത്ത് മുന്‍ അംഗം അശോകന്‍ കൊയിലേരി തുടങ്ങി 15 പേര്‍ക്കെതിരേയായിരുന്നു പോലിസ് കേസെടുത്തത്. തന്നെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിനു പുറമെ അണുവിമുക്തമായി സംരക്ഷിക്കേണ്ട ശസ്ത്രക്രിയാ വാര്‍ഡിലേക്ക് അശോകന്‍ കൊയിലേരിയുടെ നേതൃത്വത്തില്‍ ഒരുസംഘം അതിക്രമിച്ചു കയറിയെന്നാണ് ഡോക്ടറുടെ പരാതി. സര്‍ക്കാര്‍ ജീവനക്കാരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, സംഘം ചേര്‍ന്ന് പ്രശ്‌നം സൃഷ്ടിക്കല്‍, സ്ത്രീ ജീവനക്കാരെ തടഞ്ഞുവയ്ക്കല്‍ തുടങ്ങി വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ്. എന്നാല്‍, അടിപിടിക്കേസുമായെത്തിയവരെ അഡ്മിറ്റ് ചെയ്ത് കേസിന് ശക്തി പകരാന്‍ നടത്തിയ ശ്രമങ്ങള്‍ ജില്ലാ ആശുപത്രിയില്‍ ഇതിനു മുമ്പും ഉണ്ടായിട്ടുണ്ട്. പോലിസ് മൊഴി രേഖപ്പെടുത്തും വരെ ഇവര്‍ ആശുപത്രി പരിസരങ്ങളില്‍ തങ്ങുകയാണ് പതിവ്. ഇക്കാര്യത്തില്‍ ഡോക്ടര്‍ പ്രകോപനപരമായി പെരുമാറേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്നാണ് പറയപ്പെടുന്നത്. എന്നാല്‍, സംഭവത്തില്‍ ശക്തമായ പ്രതിഷേധവുമായി കെജിഎംഒ രംഗത്തുവരികയും ആശുപത്രിയിലെത്തിയ രോഗികളെ പരിശോധിക്കാതെ ഡ്യൂട്ടി സമയത്ത് പ്രതിഷേധിക്കുകയുമായിരുന്നു. ഒടുവില്‍ കെജിഎംഒ ആവശ്യപ്പെട്ട പ്രകാരമുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്ത പോലിസ് സംഭവസമയം സ്ഥലത്തുണ്ടായിരുന്നവരില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്യുകയായിരുന്നു. നേബിനു പുറമെ നീര്‍വാരം സ്വദേശി ബിനോയിയെയായിരുന്നു പോലിസ് കസ്റ്റഡിയിലെടുത്തത്. രണ്ടുപേര്‍ക്കും സംഭവത്തില്‍ പങ്കില്ലെന്നു പറഞ്ഞ് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലിസ് സ്‌റ്റേഷനു മുന്നില്‍ തടിച്ചുകുടുകയും ഡിസിസി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തുകയും ചെയ്തു. എന്നാല്‍, ഉന്നതങ്ങളില്‍ നിന്നുള്ള ഇടപെടല്‍ കാരണം നേബിനെ കോടതിയില്‍ ഹാജരാക്കുകയും ബിനോയിയെ വിട്ടയക്കുകയുമായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss