|    Nov 23 Thu, 2017 1:10 pm
FLASH NEWS

ജില്ലാ ആശുപത്രിയിലെ ആംബുലന്‍സ്: ബദല്‍സംവിധാനം ആലോചിക്കുമെന്ന് ജില്ലാപഞ്ചായത്ത്

Published : 12th November 2016 | Posted By: SMR

കൊല്ലം: ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തനസജ്ജമായ രണ്ട് അംബുലന്‍സുകളിലൊന്ന് ശബരിമല ഡ്യൂട്ടിക്ക് വിട്ടുകൊടുക്കാനുള്ള തീരുമാനം അറിഞ്ഞിരുന്നില്ലെന്നും ഇന്നലെയാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ തേജസിനോട് പറഞ്ഞു. ആശുപത്രിയിലെ ആംബുലന്‍സുകളുടെ എണ്ണം കുറയ്ക്കുന്ന വാര്‍ത്ത തേജസ് ഇന്നലെ റിപോര്‍ട്ട് ചെയ്തിരുന്നു. ആംബുലന്‍സുകളുടെ എണ്ണം കുറയുന്നത് സാധാരണക്കാര്‍ക്ക് തിരിച്ചടിയാകും. ഇത് കണക്കിലെടുത്ത് ബദല്‍ സംവിധാനം ഏര്‍പ്പെടുത്തുന്നകാര്യം ആലോചിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഉടന്‍ തന്നെ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റി ചേരും. യോഗത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്യുമെന്നും പ്രസിഡന്റ് അറിയിച്ചു. അതേസമയം, ജില്ലയില്‍ നിന്നും അഞ്ച് ആംബുലന്‍സുകളാണ് ശബരിമല ഡ്യൂട്ടിക്ക് വിട്ടുനല്‍കിയതെന്ന് ഡിഎംഒ തേജസിനോട് പറഞ്ഞു. എന്നാല്‍ കഴിഞ്ഞ മാസം 24ന് ഇറങ്ങിയ ആദ്യ ലിസ്റ്റില്‍ മാറ്റംവരുത്തിയ കാര്യം തനിക്കറിയില്ലെന്നും ഡിഎംഒ പ്രതികരിച്ചു. നിലവില്‍ മൂന്ന് ആംബുലന്‍സുകളാണ് ജില്ലാ ആശുപത്രിയിലുള്ളത്. ഇതില്‍ ഒരെണ്ണം ഒരു മാസത്തോളമായി ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാല്‍ ഷെഡ്ഡിലാണ്. ഇത് കൂടാതെ പ്രവര്‍ത്തന സജ്ജമായ രണ്ട് ആംബുലന്‍സുകളിലൊന്നാണ് ശബരിമല ഡ്യൂട്ടിക്ക് വിട്ടുനല്‍കുന്നത്. ഈ ആംബുലന്‍സ് ഇന്നലെ വിട്ടുനല്‍കി. ഇന്ന് ഇത് പത്തനംതിട്ടയിലേക്ക് കൊണ്ടുപോകും.ആരോഗ്യവകുപ്പ് കഴിഞ്ഞ 24ന് പുറത്തിറക്കിയ ഓര്‍ഡറില്‍ ജില്ലാ ആശുപത്രിയിലെ ആംബുലന്‍സ് ഉള്‍പ്പെട്ടിരുന്നില്ല. കഴിഞ്ഞ ദിവസം ആദ്യലിസ്റ്റിലുണ്ടായിരുന്ന ഒരു ആംബുലന്‍സ് മാറ്റി ജില്ലാ ആശുപത്രിയിലെ ആംബുലന്‍സ് ഉള്‍പ്പെടുത്തുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക