|    Feb 28 Tue, 2017 8:49 pm
FLASH NEWS

ജില്ലാ ആശുപത്രിക്ക് വെള്ളം എത്തിക്കുന്ന പദ്ധതി; ചര്‍ച്ച തീരുമാനമാവാതെ പിരിഞ്ഞു

Published : 8th November 2016 | Posted By: SMR

കാഞ്ഞങ്ങാട്: പരത്തിപ്പുഴയില്‍ നിന്നും ജില്ലാ ആശുപത്രിയിലേക്കാവശ്യമായ വെള്ളം എത്തിക്കുന്നതിനുള്ള പദ്ധതി സംബന്ധിച്ച ചര്‍ച്ച എങ്ങുമെത്താതെ പിരിഞ്ഞു. മൂന്നരക്കോടിയോളം രൂപ ചെലവിലാണ്് നിര്‍ദ്ദിഷ്ട പദ്ധതി. പരത്തിപ്പുഴയ്ക്ക് സമീപം കിണര്‍ കുഴിച്ച് കാരാട്ടുവയല്‍ മൈനര്‍ ഇറിഗേഷന്‍ പദ്ധതിക്കായുള്ള റോഡ് വഴി വെള്ളം കാരാട്ടുവയലിലെ ജില്ലാ ആശുപത്രി കിണറിലെത്തിക്കുകയും അവിടെ നിന്ന് ശുദ്ധീകരിച്ച് ജില്ലാ ആശുപത്രിയിലേക്ക് എത്തിക്കുകയും ചെയ്യുന്നതാണ് പദ്ധതി. ഇതിന് ജില്ലാ പഞ്ചായത്ത് കഴിഞ്ഞ ഭരണസമിതി 95 ലക്ഷവും ഇ ചന്ദ്രശേഖരന്‍ എംഎല്‍എയുടെ ഫണ്ടില്‍ നിന്ന് രണ്ടരക്കോടിയും നീക്കിവെച്ചിട്ടുണ്ട്. വര്‍ഷം ഒന്ന് കഴിഞ്ഞിട്ടും പദ്ധതി ഇപ്പോഴും കടലാസില്‍ മാത്രമാണ്. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്‍ പരത്തിപ്പുഴ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളുമായി ചര്‍ച്ച നടത്തിയെങ്കിലും എങ്ങുമെത്താതെ പിരിയുകയായിരുന്നു. കാരാട്ടുവയല്‍ മൈനര്‍ ഇറിഗേഷന്‍ പദ്ധതി പ്രകാരമുള്ള തോട്ടില്‍ പൈപ്പുകള്‍ സ്ഥാപിച്ച് അതുവഴി വെള്ളം ജില്ലാ ആശുപത്രി കിണറിലെത്തിക്കാനാണ് ജലസേചനവകുപ്പ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. ഇതിനാവശ്യമായ പൈപ്പ് നല്‍കാമെന്നേറ്റത് ജില്ലാ പഞ്ചായത്താണ്. ആശുപത്രിയില്‍ ഡയാലിലിസും രക്തബാങ്കുമൊക്കെ പ്രവര്‍ത്തിപ്പിക്കണമെങ്കില്‍ ആവശ്യത്തിന് വെള്ളം കിട്ടണം ഇതിനായാണ് പുതിയ പദ്ധതി ആവിഷ്‌കരിച്ചത്. എന്നാല്‍ ജനങ്ങളുടെ ആശങ്ക നീക്കാന്‍ അധികൃതര്‍ക്ക് കഴിയുന്നില്ല. പൈപ്പുവഴി വെള്ളം കടത്തിവിടുമ്പോള്‍ ആറങ്ങാടി, നിലാങ്കര, കൂളിയങ്കാല്‍, തോയമ്മല്‍, ബല്ല, തുടങ്ങിയ പ്രദേശങ്ങളില്‍ വെള്ളത്തിന് ഭാവിയില്‍ കടുത്ത ക്ഷാമം നേരിടുമെന്ന് ജനങ്ങള്‍ ഭയക്കുന്നു. നിലവില്‍ കാരാട്ടുവയലിലുള്ള കിണറിന്റെ ആഴം കൂട്ടി ആവശ്യത്തിന് വെള്ളം ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് കൗണ്‍സിലര്‍മാരായ കെ വി രതീഷ്, എ ഡി ലത എന്നിവര്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്റെ ശ്രദ്ധയില്‍ പെടുത്തുമെന്ന് നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്‍ പറഞ്ഞു. ചെയര്‍മാന്‍ ഏത് വിധേനയും പദ്ധതി നടപ്പിലാക്കണമെന്ന നിലപാടിലാണെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറയുന്നു. കഴിഞ്ഞ ഭരണസമിതിയുടെ അവസാനകാലത്താണ് ജില്ലാ പഞ്ചായത്ത് ആശുപത്രിയിലെ ജലക്ഷാമം തീര്‍ക്കുന്നതിനുള്ള പദ്ധതിക്ക് ഫണ്ട് നീക്കിവച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കാഞ്ഞങ്ങാട് മണ്ഡലത്തിലെ ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയുടെ പദ്ധതി രേഖയില്‍ ഈ പദ്ധതിയും സ്ഥാനം പിടിച്ചിട്ടുണ്ട്. ജില്ലാ ആശുപത്രി പരിസരത്തെ ദേശീയ പാതയോരത്ത് കെട്ടിയിട്ടിട്ടുള്ള പൈപ്പുകള്‍ ഈ പദ്ധതിക്ക് വേണ്ടി വാങ്ങിവെച്ചതാണെന്നും അതല്ല മറ്റേതോ പദ്ധതിക്ക് വാങ്ങി ബാക്കി വന്നതാണെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day