|    Oct 19 Fri, 2018 4:02 am
FLASH NEWS

ജില്ലാ ആശുപത്രിക്ക് ലക്ഷങ്ങളുടെ ആസ്തി സമ്മാനിച്ച് എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍

Published : 11th September 2017 | Posted By: fsq

 

വടകര: ജില്ലാ ആശുപത്രിയില്‍ ഇനിയെല്ലാ ഉപകരണങ്ങള്‍ക്കും പുതുമയേറി. പഠനത്തോടൊപ്പം സമൂഹത്തിനും എന്റെ മക്കള്‍ ഉപകാരപ്രദമാകണമെന്ന മാതാപിതാക്കളുടെ പ്രാര്‍ഥന ഫലിക്കുമെന്നതില്‍ തെല്ലും സംശയമില്ലെന്ന് തെളിയിച്ചിരിക്കുകയാണ് മണിയൂര്‍ കോളജ് ഓഫ് എന്‍ജിനീയറിങിലെ വിദ്യാര്‍ഥികള്‍. അധികൃതര്‍ പോലും ചെയ്യാന്‍ മടിക്കുന്ന പ്രവൃത്തികളാണ് വിദ്യാര്‍ഥികള്‍ ഏറ്റെടുത്തത്. വടകര ജില്ലാ ആശുപത്രിയിലെ ഉപയോഗശൂന്യമായി കിടക്കുന്ന വിവിധതരം മെഡിക്കല്‍ ഉപകരണങ്ങളും ഫര്‍ണിച്ചറും വയറിങ് സാമഗ്രികളും റിപ്പയര്‍ ചെയ്തു ആശുപത്രിക്ക് 20 ലക്ഷത്തിലധികം രൂപയുടെ ആസ്തി വര്‍ധിപ്പിക്കാന്‍ വിദ്യാര്‍ഥികളുടെ ക്യാംപിന് കഴിഞ്ഞു. വടകര ജില്ലാ ആശുപത്രി കേന്ദ്രീകരിച്ച്് കോളജ് ഓഫ് എന്‍ജിനീയറിങ് വടകരയിലെ എന്‍എസ്എസ് വിദ്യാര്‍ഥികള്‍ നടത്തിവരുന്ന പുനര്‍ജനി ക്യാംപിലൂടെയാണ് ജില്ലാ ആശുപത്രിക്ക് 20 ലക്ഷത്തോളം രൂപയുടെ ആസ്തി കൈവന്നത്. 25ഓളം കട്ടിലുകള്‍, ഏഴ് മേശ, 35 ഓളം ഗ്ലൂക്കോസ് ഐവി സ്റ്റാന്റുകള്‍, 10 സ്റ്റെറിലൈസര്‍, മുപ്പതോളം ബ്ലഡ് പ്രഷര്‍ അപ്പരാറ്റസ്, 10 നുബലൈസര്‍, സ്റ്റൗ, സ്‌ക്രീന്‍, 10 വീല്‍ചെയര്‍, അഡ്ജസ്റ്റബ്ള്‍ ലേമ്പ്, ഓപറേഷന്‍ ലാമ്പ്, സെന്‍സര്‍ ലാമ്പ്, പരിശോധനാമുറിയിലെ അഡ്ജസ്റ്റബ്ള്‍ ലൈറ്റ്, നിരവധി ട്രോളി, ഓക്‌സിജന്‍ സ്റ്റാന്റ്, സ്ര്‌ട്രെച്ചര്‍, തുടങ്ങി ഒട്ടനവധി സാധനങ്ങള്‍ അറ്റകുറ്റപണി ചെയ്ത് പെയിന്റടിച്ച് വൡയര്‍മാര്‍ ഇതിനകം ഉപയോഗ യോഗ്യമാക്കാന്‍ ക്യാംപിലൂടെ സാധിച്ചു.ഇതിനു പുറമെ ക്യാഷ്വാലിറ്റി വാര്‍ഡ്, കുട്ടികളുടെ ഒപി സെക്ഷന്‍, ടിബി വാര്‍ഡ് എന്നിവിടങ്ങളിലെ വയറിങ് ജോലി കുറ്റമറ്റതാക്കാനും വോളന്റിയര്‍മാര്‍ സമയം കണ്ടെത്തി. കോളജിലെ ആറു ബ്രാഞ്ചുകളായ ഇലക്ട്രിക്കല്‍, സിവില്‍, ഇന്‍സ്ട്രുമെന്റേഷന്‍, ഐടി, കംപ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്‌സ് ആന്റ് കമ്യൂണിക്കേഷന്‍ വിഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് ക്യാംപില്‍ എത്തിച്ചേര്‍ന്നത്. കൂടാതെ തകരാറിലായ വാതിലുകളും അലമാരകളും ഇവര്‍ റിപ്പയര്‍ ചെയ്തു. വെല്‍ഡിങ് ജോലികളും ഇലക്ട്രിക്കല്‍ പണിയും നടത്തിയത് ആശുപത്രിയിലെ അന്തേവാസികള്‍ക്ക് ഏറെ ഗുണകരമായതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. ഏറെ തിരക്ക് കാരണം പ്രയാസപ്പെടുന്ന കാഷ്വാലിറ്റിയിലെ ടോക്കണ്‍ സിസ്റ്റവും കുറ്റമറ്റതാക്കിയതായി വോളന്റിയര്‍മാര്‍ പറഞ്ഞു. ഏഴ് ദിവസം നീണ്ടു നിന്ന ക്യാംപ് ഇന്ന് സമാപിക്കുകയാണ്. 60 എന്‍എസ്എസ് വോളന്റിയര്‍മാരാണ് ക്യാംപിലുള്ളത്. നേഷനല്‍ സര്‍വീസ് സ്‌കീം ടെക്‌നിക്കല്‍ സെല്ലാണ് പുനര്‍ജനി രൂപകല്‍പന ചെയ്തത്. ഈ മാസം അഞ്ചിനായിരുന്നു ക്യാംപ് ആരംഭിച്ചത്. പ്രോഗ്രാം ഓഫിസര്‍ കെപി മഫീദ്, കോ-ഓഡിനേറ്റര്‍ ആര്‍ വിജയന്‍, വോളന്റിയര്‍ ലീഡര്‍മാരായ അര്‍ജുന്‍, ഐശ്വര്യ, വോളന്റിയര്‍മാരായ ജിഷ്ണു, മിന്നു, ഇര്‍ഷാദ്, അശ്വതി, ജയവല്ലി, ശ്രീഹരി എന്നിവരുടെ നേതൃത്വത്തിലാണ് പുനര്‍ജനി ക്യാംപ് ആശുപത്രിയില്‍ നടത്തിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss