|    May 25 Thu, 2017 3:10 am
FLASH NEWS

ജില്ലാ ആയുര്‍വേദ ആശുപത്രിക്ക് പരാധീനതകള്‍ മാത്രം

Published : 9th July 2016 | Posted By: SMR

കല്‍പ്പറ്റ: മെച്ചപ്പെട്ട ചികില്‍സയ്ക്കായി നൂറുകണക്കിന് രോഗികള്‍ ആശ്രയിക്കുന്ന ജില്ലാ ആയുര്‍വേദ ആശുപത്രിക്ക് അവഗണന. ക്ലാര്‍ക്കും നഴ്‌സിങ് അസിസ്റ്റന്റും ഒഴികെയുള്ളവരെല്ലാം സ്ത്രീ ജീവനക്കാരാണ്.
ചീഫ് മെഡിക്കല്‍ ഓഫിസറും സഹ ഡോക്ടര്‍മാരും വനിതകള്‍ തന്നെ. എ പ്രീതയാണ് ചീഫ് മെഡിക്കല്‍ ഓഫിസര്‍. രണ്ടു നോണ്‍ കേഡര്‍ മെഡിക്കല്‍ ഓഫിസര്‍മാരും എന്‍ആര്‍എച്ച്എം ഡോക്ടറും വനിതകള്‍. എട്ടു നഴ്‌സുമാരും നാലു നഴ്‌സിങ് അസിസ്റ്റന്റുമാരും വനിതകളാണ്. ലാബ് ടെക്‌നീഷ്യന്‍, രണ്ടു തെറാപിസ്റ്റുകള്‍, അറ്റന്‍ഡര്‍, സാനിറ്റേഷന്‍ പ്രവര്‍ത്തകര്‍ എന്നിവരെല്ലാം സ്ത്രീകളാണ്.
2004ല്‍ 100 കിടക്കകളുള്ള ആശുപത്രിയാക്കി ഉയര്‍ത്തിയെങ്കിലും 50 ബെഡുകളുള്ള ആശുപ്രതിക്ക് വേണ്ട സൗകര്യം മാത്രമേ ഇവിടെയുള്ളൂവെന്ന് ഡോ. പ്രീത പറഞ്ഞു. എല്ലാ ദിവസവും രോഗികള്‍ക്ക് യോഗ പരിശീലനമുണ്ട്. സ്‌ട്രോക്ക് വന്ന രോഗികളും ഡിസ്‌ക് തേയ്മാനം നേരിടുന്നവര്‍ക്കും മികച്ച ചികില്‍സ നല്‍കിവരുന്നതായും അവര്‍ പറഞ്ഞു. നേത്രവിഭാഗം ഒപിയും പ്രവര്‍ത്തിക്കുന്നു.
ആശുപത്രിയില്‍ ക്ഷാരസൂത്ര യൂനിറ്റ് ആരംഭിക്കാന്‍ പദ്ധതിയുണ്ട്. ഇതിനായി സി കെ ശശീന്ദ്രന്‍ എംഎല്‍എയെ സമീപിച്ചിട്ടുണ്ടെന്നും ഡോ. പ്രീത പറഞ്ഞു. കൂടാതെ ടെറസില്‍ ഹെര്‍ബല്‍ ഗാര്‍ഡന്‍ സ്ഥാപിക്കാനുള്ള നടപടികളും ആയി വരുന്നുണ്ട്. സ്വകാര്യ ആശുപത്രികളില്‍ മാസങ്ങള്‍ നീണ്ട ചികില്‍സ നടത്തിയിട്ടും ഫലം കാണാതെ വന്ന പലര്‍ക്കും ജില്ല ആശുപത്രിയില്‍ ചികില്‍സ ലഭിച്ചതോടെ രോഗം ഭേദമായിട്ടുണ്ട്. വീണ് ഇടുപ്പെല്ലിന് തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്ന് കല്‍പ്പറ്റയിലെ ഒരു പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടിയെങ്കിലും ഫലം കണ്ടില്ലെന്നു മുണ്ടേരി കുന്നേല്‍ ലിസി പറഞ്ഞു.
നടക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയില്‍ ആയുര്‍വേദ ആശുപത്രിയിലെത്തിയ തന്റെ അസുഖം മാറിയതായും അവര്‍ പറഞ്ഞു. 50 കിടക്കകള്‍ക്ക് കൂടി വേണ്ടിയുള്ള സ്റ്റാഫിനെ നിയമിച്ച് കൂടുതല്‍ സൗകര്യം ഒരുക്കണമെന്നു രോഗികള്‍ ആവശ്യപ്പെട്ടു. മുകളിലത്തെ നിലയില്‍ ചൂടുവെള്ളം കിട്ടാത്തതും പ്രയാസമാവുന്നതായി രോഗികള്‍ പറഞ്ഞു. എക്‌സ്‌റേ യൂനിറ്റ് ഉണ്ടെങ്കിലും വൈദ്യുതി ലഭിക്കാത്തതിനാല്‍ പ്രവര്‍ത്തിക്കുന്നില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day